Gentle Dew Drop

നവംബർ 19, 2022

ക്രിസ്തു ഭരിക്കുകയെന്നാൽ

സ്വയം രക്ഷിക്കാൻ കഴിയാതെ മരിച്ച ഒരാളുടെ രാജത്വം എന്താണ്? വാണതുകൊണ്ടല്ല ക്രിസ്തു രാജാവായത്, അവൻ ജീവന്റെ ഉറവിടമായതു കൊണ്ടാണ്. ആര് വണങ്ങിയാലും ഇല്ലെങ്കിലും, സകലതും ചലിക്കുന്നതിനും, ചരിക്കുന്നതിനും ജീവിക്കുന്നതും അവൻ വഴിയാണ്. നിരുപാധിക സ്നേഹമാണ് അവന്റെ സ്വഭാവം. ക്രിസ്തുവിന്റെ രാജത്വം അധികാരത്തെക്കുറിച്ചല്ല, സ്വഭാവത്തെക്കുറിച്ചാണ്. ആ ക്രിസ്തുസ്വഭാവം നമ്മിലും വരികയെന്നതാണ് ആ രാജത്വത്തെ അംഗീകരിക്കുന്നതിന്റെ അർത്ഥം. അങ്ങയുടെ ഹിതം നിവർത്തിയാകണം എന്ന ആഗ്രഹവും പ്രാർത്ഥനയും സൂചിപ്പിക്കുന്നതും അതാണ്.

അധികാരം ചെലുത്തി വാഴുന്ന ഒരു രാജാവിനെ ക്രിസ്തുവിൽ കണ്ടവരും അങ്ങനെ സ്വയം രാജാവാകാൻ പലവഴികൾ കണ്ടവരും ചരിത്രത്തിലുണ്ട്. ക്രിസ്തുസങ്കല്പത്തെ വഴിതെറ്റിച്ചു കളഞ്ഞതും അപ്രകാരമുള്ള രാഷ്ട്രീയഭാവമുള്ള ക്രിസ്തുവാണ്.  ചക്രവർത്തിയായ ക്രിസ്തുവിനെ കൊണ്ടു വന്നത് രാജാക്കന്മാരാകാൻ ആഗ്രഹിച്ചവരാണ്. തങ്ങൾക്കും തങ്ങളുടെ വിശ്വാസത്തിനും സാംസ്‌കാരിക പ്രതീകങ്ങൾക്കും മേൽക്കോയ്മ ചാർത്തിയവരാണവർ. ക്രിസ്തു രാജാവാണെന്നു പറഞ്ഞു കൊണ്ട് സമൂഹങ്ങൾക്ക് മേൽ അടക്കി വാഴാനുള്ള ഭ്രമം. ആ രാജാവിനെ എങ്ങനെ ജീവന്റെ നാഥനായി, സമാധാനസ്ഥാപകനായി കാണാൻ ഒരാൾക്ക് കഴിയും?

രാഷ്ട്രീയവും ആദര്ശപരവും ദേശീയവുമായ സംഘർഷങ്ങൾ വളർന്നു വന്നിരുന്ന കാലഘട്ടത്തിലാണ് ക്രിസ്തുരാജത്വ തിരുനാൾ ആരാധനക്രമ വർഷത്തിന്റെ സമാപനസമയമായി ആചരിച്ചു തുടങ്ങിയത്. ലോകം മുഴുവൻ സമാധാനം കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ഒരു തിരുനാൾ ആഘോഷം കൊണ്ട് മാത്രം സമാധാനം ഉണ്ടാവില്ല എന്ന് നമുക്കറിയാം. മറിച്ച്, ക്രിസ്തു ഹൃദയത്തിന്റെ നാഥനാകണം, ക്രിസ്തുവിന്റെ സ്വഭാവം നമ്മിൽ ഉണ്ടാവണം, ദൈവഹിതം നമ്മിൽ പൂർത്തിയാകണം. ഓരോ സമാധാന ശ്രമവും നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവുമാണ്. സ്വയം രക്ഷിക്കുവാൻ പോലുമാകാത്തവിധം ജീവനർപ്പിക്കുവാൻ ക്രിസ്തുവിനു കഴിഞ്ഞതും അതുകൊണ്ടാണ്.  ബലികളിലും കാഴ്ചകളിലും സംപ്രീതനായി പാപം ക്ഷമിക്കുന്ന ഒരു ദൈവത്തിനു വേണ്ടി അർപ്പിക്കുന്ന അനുഷ്ടാനപരമായ ഒരു ബലിയായല്ല ക്രിസ്തു തന്റെ മരണത്തെ കണ്ടത്. നീതിക്കും സ്നേഹത്തിനും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനും മനുഷ്യ ജീവിതങ്ങളിൽ ഇടം നൽകാൻ ആയി ജീവിച്ച ജീവിതവും സന്ദേശവും കൊണ്ട് വന്ന അനിവാര്യതയായിരുന്നു ക്രിസ്തുവിന്റെ മരണം. സകലരിലും ജീവൻ നിറയാനും, സകലരും തന്നിൽ ഒന്നായി കാണുവാനും ഉള്ള തീവ്രമായ ആഗ്രഹം അനീതിയുടെ ആ മരണത്തെ സ്നേഹവും ത്യാഗവും നിറഞ്ഞതാക്കാൻ കാരണമായി. അനുഷ്ഠാനത്തിന്റെ ബലിയല്ല, ജീവിതത്തിന്റെ ബലിയാണ് ക്രിസ്തു അർപ്പിച്ചത്. അതായിരുന്നു പിതാവിന്റെ ഇഷ്ടപ്രകാരമുള്ള ബലിയും. 

കാലത്തിന്റെ അന്ത്യവും, തീരുമാനിക്കേണ്ട അവസാന നിമിഷവും 'ഇപ്പോൾ' ആണ്. ക്രിസ്തുവിനെപ്പോലെ ആകാനോ, ക്രിസ്തുവിനെ മാറ്റി നിർത്താനോ. ആ തീരുമാനം ആണ് ഒരുവന്റെ സ്വർഗ്ഗ പ്രവേശമോ നരക വിധിയോ. ഒരുവൻ ക്രിസ്തുവിൽ ജീവിക്കുന്നത് ആരെയും ഭരിക്കാനല്ല, ഒരുമയിൽ ഒന്നിക്കാനാണ്. സകലരും ശരീരത്തിലേക്ക് വന്നു ചേരുന്നത് ശരീരം പകുത്തു നല്കപ്പെടുമ്പോളാണ്. ഭരിക്കുന്നതിനായി സിംഹാസനസ്ഥനാക്കപ്പെടുന്ന സ്വയം ഭക്തിപ്രാർത്ഥനകളും, ക്രിസ്തുഭാഷ്യങ്ങളും സഭാസങ്കല്പങ്ങളും ജീവന്റെ ഉറവിടമായ ക്രിസ്തുവിനെക്കുറിച്ചല്ല. ആ തിരഞ്ഞെടുപ്പ് ഒരിക്കലും സ്വർഗ്ഗത്തെ യാഥാർത്ഥ്യമാക്കിയിട്ടില്ല.

ക്രിസ്തു ഭരിക്കുകയെന്നാൽ, എല്ലാവരിലും ജീവനുണ്ടാവുക എന്നാണ്. ഒരേ വിശ്വാസവും ഒരു ആരാധനയും ഉണ്ടാവുക എന്നല്ല. അവിടുത്തെ പ്രജകളെന്നാൽ, ക്രിസ്തുവിനു മുമ്പിൽ മുട്ട് മടക്കുന്ന ലോകത്തെ കണ്ടു സ്വയം എന്തോ വിജയത്തിൽ  സ്വയം ഹുങ്ക് കാണിക്കുന്ന ക്രിസ്തുരാജ്യപ്രജകളല്ല. ദൈവത്തിന്റെ ഹിതമായ നീതിയും സ്വാതന്ത്ര്യവും, കരുണയും പരസ്പരം നൽകുന്ന സമൂഹമാവുക എന്നാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ