ദൈവം കൂടെ വസിക്കുന്നത് യാഥാർത്ഥ്യമായ ഒരു ജനത്തിന്, ദൈവത്തിന്റെ 'വരവിന്റെ' പ്രസക്തിയെന്താണ്?
"ദൈവം ഇത്രയും സമീപസ്ഥമായിരിക്കുന്ന മറ്റേതു ജനതയാണുള്ളത്?" "ദൈവം തന്റെ ജനത്തിന്റെ ഇടയിൽ വാസസ്ഥാനം ഉറപ്പിച്ചിരിക്കുന്നു" എന്നിങ്ങനെയുള്ള ദൈവാനുഭവങ്ങളെ സ്വർഗ്ഗരാജ്യത്തിന്റെ യാഥാർത്ഥ്യമായി ജീവിതത്തിലേക്ക് കൊണ്ടു വരാൻ നമുക്ക് കഴിയേണ്ടതിനെ ഓർമ്മിപ്പിക്കുന്നതാണ് ആഗമന കാലം. ദൂരെ നിന്ന് വരേണ്ട, വിളിച്ചു വരുത്തേണ്ട ദൈവം, മനസ് സൃഷ്ടിക്കുന്ന അജ്ഞാത ദൈവമാണ്.
ദൈവം കൂടെ വസിക്കുന്ന നമുക്കിടയിൽത്തന്നെ വേദനയും, രോഗവും മരണവും കണ്ടേക്കാം. കൂടെയുള്ള ദൈവത്തിന്റെ 'കൂടെയുണ്ട്' എന്ന സാന്ത്വനവും ആശ്വാസവും പ്രകടമാകേണ്ടത് നമ്മിലൂടെ തന്നെയാണ്. അദൃശ്യനായ ദൈവം ദൃശ്യമായ കൂദാശയാകുന്നതും അപ്പോഴാണ്. ജീവനുള്ള ദൈവത്തെ അടുത്തറിയുന്നതും അവിടെയാണ്. അതില്ലാതെ, കാഴ്ചകളിലേക്കും ബലിപീഠങ്ങളിലേക്കും ജീവനെ ചേർത്ത് വയ്ക്കുന്നത് വ്യർത്ഥമാണ്. ദൈവത്തിൻ്റെ വരവ് അവിടെ ആസ്വദിക്കാൻ നാവില്ല. ദൈവം വസിക്കുന്നെന്ന അനുഭവം അനുദിന ജീവിതത്തിൽ സാന്ത്വനമായും കരുണയായും അനുകമ്പയായും സൗഖ്യമായും നീതിയായും ജീവനായും പകർന്നു നൽകുന്നവർക്കേ ദൈവത്തിൻ്റെ ആഗമനവും യാഥാർത്ഥ്യമാകൂ.
ആഗമനം പ്രതീക്ഷിക്കേണ്ടത് എപ്രകാരമാണ്? സാമ്രാജ്യങ്ങളും ചക്രവർത്തിമാരും അധികാരത്തിന്റെയും ശക്തിയുടെയും പ്രകടഭാവങ്ങളായിരുന്ന കാലത്ത് ദൈവത്തെയും അത്തരം ചട്ടങ്ങൾക്കുള്ളിൽ സങ്കല്പിച്ചെടുത്തത് തികച്ചും സ്വാഭാവികമാണ്. പ്രജകൾ സ്വതന്ത്രമായ ശബ്ദമുള്ള പൗരരാവുകയും, ആ പൗരബോധം പ്രാപഞ്ചിക തലത്തിലേക്ക് പോലും വളരുകയും ചെയ്യുന്ന സമയത്ത് ഒരു ദേശത്തിന്റെയോ സാമ്രാജ്യത്തിന്റെയോ നിശ്ചിതമായ അധികാരം സ്വന്തമായുള്ള ചക്രവർത്തിയുടെ രൂപം ദൈവത്തിനു ചേരുന്നതല്ല. അതുകൊണ്ടു തന്നെ മഹിതപ്രഭാവത്തോടെ കുതിരപ്പുറത്തു വരുന്ന ഒരു രാജാവിന്റെ ചിത്രവും ദൈവത്തിന്റെ ആഗമനത്തിനു ചേർന്നതല്ല.
ദൈവം കൂടെ വസിക്കുന്നത് യാഥാർത്ഥ്യമായ ഒരു ജനത്തിന് ദൈവത്തിന്റെ 'വരവ്' നവീനതയുടെയും വളർച്ചയുടെയും അനുഭവമാണ്. ജീവന്റെ അടയാളങ്ങളിൽ കാണപ്പെടുന്ന വിസ്മിതഭാവം പോലെ അത് നമ്മിൽ പുളകമുണ്ടാക്കും. ചുരുക്കത്തിൽ "ദൈവത്തിന്റെ മാർഗ്ഗങ്ങൾ പഠിക്കുകയും, ആ പാതകളിൽ നടന്നു പരിശീലിക്കുന്നതുമാണ്" (ഏശ 2: 3) ആ അനുഭവം. ഓരോ ദിനത്തിന്റെയും സങ്കീര്ണതകളിൽ വേണ്ട ജ്ഞാനത്തിന്റെ നിറവ് ഈ പരിശീലനത്തിന്റെ പുതിയ പാഠങ്ങളിലാണ്. ഓരോ പാഠത്തിലും ഒരു പക്ഷേ ദൈവത്തിന്റെ പുതിയ ദർശനം കൂടിയുണ്ടാവും.
പ്രകടമായ അടയാളങ്ങളോ ഭീതിതമായ സംഭവങ്ങളോ ഭവിച്ചുകൊണ്ടല്ല ഈ തിരിച്ചറിവും പരിശീലനവും. അനുദിന പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ തന്നെയാണ് ദൈവാഗമനവും. അതാണ് ആരും പ്രതീക്ഷിക്കാത്തതും. ദുരിതങ്ങളോ ക്ലേശങ്ങളോ ഉള്ളപ്പോൾ സകലതും തകരുന്നെന്നും എല്ലാത്തിന്റെയും അവസാനമെന്നും കരുതിക്കൊണ്ടു ദൈവത്തിലേക്ക് രക്ഷക്കായി ഓടിയെത്തുമ്പോൾ ദൈവം ഉടനെ വരുമെന്ന പ്രതീക്ഷയും (ചിലർ അതിനെ ഭീഷണിയാക്കാറുമുണ്ട്) ഉയരാം. ജീവിതത്തെ അതിസ്വാഭാവികതകളൊന്നും ഇല്ലാതെ ദൈവത്തിന്റെ കൂടെ വസിക്കൽ സത്യമായും ജീവിക്കാൻ ഒരുക്കമെങ്കിൽ ദൈവാഗമനത്തിനായുള്ള യഥാർത്ഥ ഒരുക്കമാണത്.
ദൈവം കൂടെയുള്ളപ്പോഴും വിളിച്ചു വരുത്തേണ്ട 'ആവശ്യത്തെ' ഉപയോഗപ്പെടുത്തുന്നവർ, രക്ഷയെ കാല്പനികവത്കരിച്ചു ഏതോ അലൗകികയാഥാർത്ഥ്യമാക്കി തീർക്കുന്നവർ ദൈവം എത്ര തവണ വന്നാലും അത് കാണാൻ കൂട്ടാക്കാതെ വിളിച്ചു വരുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ കൂടെയുള്ള ദൈവത്തിനായി ഹൃദയം തുറക്കുന്നവരിൽ ജീവന്റെ അടയാളങ്ങൾ അതിന്റെ നവീനതകളിൽ കാണപ്പെടും. ദൈവത്തിന്റെ പ്രകാശത്തിൽ അവർ എന്നും നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ