Gentle Dew Drop

നവംബർ 22, 2022

സെലിബ്രിറ്റി ദൈവം

ദൈവത്തെ ഒരു സെലിബ്രിറ്റി ആക്കുക, 'പ്രഘോഷകർ' സെലിബ്രിറ്റികളാവുക എന്നിവയൊക്കെ ഒരു ആധുനിക തരംഗമാണ്. മതതീവ്രത, ഭക്തിതീക്ഷ്ണത, 'സാന്മാർഗിക' കാഴ്ചപ്പാടുകളുടെ ആദര്ശവത്കരണം, തുടങ്ങിയവയിലൊക്കെ 'എല്ലാം' ദൈവികവും വിശ്വാസവും സഭാപരവും ഒക്കെയാണ് സാധാരണ എല്ലാവരും കാണുന്നത്. അതിനു പിന്നിലുള്ള താല്പര്യങ്ങളെ കാണാൻ നമുക്ക് കഴിയാറില്ല. വിശ്വാസവും മതവും secularise ചെയ്യപ്പെടുന്ന എത്രയോ ഉദാഹരണങ്ങൾ അതിവിശ്വസ്തമായ ഭക്തി-വിശ്വാസ തീക്ഷ്ണത പ്രകടിപ്പിക്കുന്ന പല സാഹചര്യങ്ങളിലും കാണാൻ കഴിയും. ദൈവത്തെക്കുറിച്ചുള്ളതും മതത്തെക്കുറിച്ചുള്ളതുമെല്ലാം, ദൈവികമോ മതപരമോ, വിശ്വാസ സംബന്ധിയോ അല്ല എന്ന് കാണാം. പ്രോഗ്രാമുകൾ നടത്തുക എപ്പോഴും വെള്ളി വെളിച്ചത്തിൽ നിൽക്കുക, പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിലെ സംതൃപ്തിയെ ആത്മീയവത്കരിക്കുക പ്രോഗ്രാമുകളുടെ പേരിൽ സ്‌പോൺസർഷിപ്, ഇവന്റ് ക്രീയേഷൻ ഒക്കെ ഇന്ന് തികച്ചും  'ആത്മീയ'മാണ്.

superstition നും fanaticism നും ഇടയിൽ എവിടെയോ ഭക്തിയുടെ സ്ഥാനം തിരയുമ്പോൾ അതിന്റെ യഥാർത്ഥ  സ്ഥാനം കണ്ടെത്തപ്പെടുന്നത് നീതിക്കടുത്താണ്. ദൈവത്തിന്  ന്യായമായവ എന്ന നിലയിൽ ഭക്താനുഷ്ഠാനങ്ങളെയും അർച്ചനകളെയും മാത്രം എടുത്തു കാണിക്കുന്നത് ദൈവഹിതത്തെ ഒരു തലം മാറ്റിനിർത്തിക്കൊണ്ടാണ്. കൾട്ടുകളുടെ സൃഷ്ടിയായ ദൈവമാണ് കാഴ്ചകളിൽ പ്രീതിപ്പെട്ട് പുകഴ്‌ച്ചയിൽ അഭിരമിക്കുന്നത്. ത്രിത്വമെന്ന സ്വഭാവം മാറ്റി നിർത്തിയാൽക്കൂടി, 'ജീവന്റെ ഉറവിടവും നാഥനുമായ' ദൈവത്തിന് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ആശ്ലേഷിക്കാവുന്ന കൂട്ടായ്മയായി ദൈവത്തെ കാണുവാൻ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെ അതിനെ സങ്കല്പിക്കാം എന്നതിലെ ബുദ്ധിമുട്ടല്ല, മറിച്ച്  അത് കൊണ്ട് വരുന്ന വെല്ലുവിളികളാണ് പ്രശ്നം. അതുകൊണ്ട് കൾട്ടുകളുടെ ആനന്ദത്തിലേക്കും സുരക്ഷയിലേക്കും നമുക്ക് നമ്മെത്തന്നെ അടച്ചു നിർത്താം. അതിനെ വിശുദ്ധിയെന്നും വിശ്വസ്തതയെന്നും വിളിച്ചാൽ മതി. 

കാഴ്ച, അർപ്പണം, പ്രാർത്ഥന എന്നിവയൊക്കെ ഉദാത്തവൽക്കരിക്കപ്പെടുന്നതിന്റെ കൂടെ കൾട്ട് സ്വഭാവം നൽകി അലങ്കരിക്കപ്പെട്ട കപടതയാണ് ഈ കാലഘട്ടത്തിൽ നമുക്ക് സുപരിചിതമായ 'അനുസരണം.' ബാക്കി പുണ്യങ്ങൾ എവിടെ? സത്യം, നീതി, ന്യായം, സമത്വം, സാഹോദര്യം, സഹവർത്തിത്വം, അനുകമ്പ, തുറവി, സുതാര്യത, ധീരത (പൊങ്ങച്ചം പറയുന്ന വെല്ലുവിളികളല്ല ധീരത, അത് സത്യത്തിന്റെ സ്വാതന്ത്ര്യമാണ്),   ആധികാരികത, സൗമ്യത ഒക്കെ ഉപേക്ഷിക്കപ്പെട്ട പുണ്യങ്ങളായതു കൊണ്ടാണ് വിശ്വാസം സാക്ഷ്യമാകാത്തത്. അതു  കൊണ്ടാണ് താരങ്ങളുടെ വിശ്വാസപ്രഖ്യാപനങ്ങളിൽ, പരസ്യസ്വഭാവമുള്ള സാക്ഷ്യങ്ങളിൽ വിശ്വാസം ചുരുക്കി നിർത്തപ്പെടുന്നത്. താരങ്ങളായി തിളങ്ങുന്ന പ്രവാചകരുണ്ടല്ലോ, കാലത്തിന്റെ സ്വഭാവം അതാണ്. പക്ഷെ കാലം സഞ്ചരിക്കണമെങ്കിൽ അത് പോരാ.

നേരിട്ട് ഒരു അറിവ് പോലുമില്ലാതെ സമൂഹത്തിൽ വലിയ സ്വാധീനമാകാൻ കഴിയുന്നവരാണ് താരങ്ങൾ. ടാർഗറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തെ സ്വാധീനിക്കുന്ന വിധം അവർക്കു തീക്ഷ്ണവും തീവ്രവുമായി വരുന്ന വികാരങ്ങളെയും പ്രതികരണങ്ങളെയും ഉറക്കെപ്പറയാനും അവതരിപ്പിക്കാനും കഴിയുംവിധം ഒരു വ്യക്തിവൈഭവം രൂപപ്പെടുത്തുകയും, തന്നിലേക്കും ആശയഗതിയിലേക്കും, വിചാരധാരയിലേക്കും സമൂഹത്തിനു ചായ്‌വ് നൽകുകയും ചെയ്യുന്ന ശക്തി അവർക്കുണ്ട്. എന്ത് വാങ്ങണമെന്നും എന്ത് പ്രാർത്ഥിക്കണമെന്നും എങ്ങനെ എന്തു ഭക്ഷിക്കണമെന്നും തീരുമാനിപ്പിക്കാൻ അവർക്കു കഴിവുണ്ട്. അവർ അവതരിപ്പിക്കുന്ന മതവും വിശ്വാസവും ദൈവത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ദൈവരഹിതമായ മതമാണ്. ഈ താരങ്ങളെ വിശ്വസിക്കുമ്പോൾ, ആ വിശ്വാസത്തെ എത്ര മാത്രം വിലയിരുത്തി സ്വീകരിക്കുവാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്? 'അത്യപൂർവ്വ സംഭവങ്ങളുടെ' പേരും പ്രശസ്തിയും പ്രശസ്തമാക്കിക്കൊണ്ടു തന്നെയാണ് അവർ പ്രശസ്തമാവുന്നത്. എത്രയോ ആഴത്തിൽ ഭീതിയും, കുറ്റബോധവും, ആശങ്കയും, അപകടഭീതിയും, സംശയങ്ങളും, വിഭാഗീയതയും സൃഷ്ടിച്ചു കൊണ്ട് ദൈവാനുഭവത്തേക്കാൾ ആസ്വാദ്യതയാകുന്ന പരിപാടികളും ആത്മീയ പ്രഭാഷണങ്ങളും നവീകരണ സംരംഭങ്ങളും ഈ താരങ്ങൾ ഉറപ്പാക്കുന്നു. Spiritual entertainment ലാഭകരമായ ബിസിനസ് ആണ്. നമുക്കു എല്ലാം ഭക്തിയും ദൈവത്തിനായുള്ള പരിപൂർണ സമർപ്പണവും.

ശിശുസഹജമായ വിശ്വാസത്തിൽ ആവശ്യമായിരിക്കുന്നത് ദൈവാശ്രയമാണ്. ആ നിഷ്കളങ്കത, ആത്മാർത്ഥത പ്രായമേറെയായാലും നിലനിർത്തുവാനും കഴിയും. എന്നാൽ ചിണുങ്ങി നടക്കുന്ന ഒരു കുഞ്ഞിന്റെ അവസ്ഥയല്ല ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. മാനസിക-വൈകാരിക വളർച്ചയിൽ പ്രതീക്ഷിക്കപ്പെടുന്ന വളർച്ചക്കൊപ്പം ആത്മീയതയിലും ഭക്തിയിലും വിശ്വാസത്തിലും ദൈവബന്ധത്തിലും വളർച്ച ഉണ്ടാവണം. 'ഭക്തിയിൽ പുളകിതമാകുന്ന ദൈവത്തിൽ മതിമറന്ന് പോകുന്നവർ കുട്ടിത്തത്തിന്റെ കൗതുകങ്ങളും കൗമാരത്തിന്റെ തീവ്രഉത്സാഹവും  കടന്ന് യൗവനത്തിന്റെ പക്വതയിലേക്കും ആ പക്വതയിലുള്ള വ്യക്തിബന്ധങ്ങളിലെ ഉത്തരവാദിത്തങ്ങളിലേക്കും വളരണം.മുതിർന്നവരായി മറ്റുള്ളവരുടെ വളർച്ചക്കും, വിരഹങ്ങളിൽ അകൽച്ചകളിൽ ബന്ധത്തിന്റെ ഉറപ്പും മരണത്തിലെ വിട്ടുകൊടുപ്പിനായുള്ള ഒരുക്കവും ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമാകണം. ഏതു തലത്തിലുള്ള വളർച്ചയാണ് ദേവാലയകേന്ദ്രീകൃതമായി ആത്മസാക്ഷാത്കാരമാണിയുന്ന ഭക്തികളും ഉടമ്പടികളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്? കാര്യം വളരെ എളുപ്പമാണ്!

പക്വതയിലേക്കു വളരാനും വളർത്താനും, പക്വതയും വളർച്ചയും ആത്മാർത്തതയും വേണം. വേണ്ട ഒരുക്കവും വിജ്ഞാനവും, വിവേകവും അറിവും വേണം. കുറവുകൾ അറിഞ്ഞു ജിജ്ഞാസുക്കളാവണം, അറിവുകളോടും കാഴ്ചപ്പാടുകളോടും തുറവി വേണം, തെറ്റും ശരിയും രാഷ്ട്രീയതാല്പര്യങ്ങളുള്ള നിര്വചനങ്ങൾക്കപ്പുറം വിവേചിച്ചറിയാനും തെളിമയോടെ കാണാനും സമൂഹത്തെ നയിക്കാനും കഴിയണം.  വ്യക്തിയുടെയും  സമൂഹത്തിന്റെയും  സമഗ്രമായ  അസ്ത്വിത്വം കൂടി വിശ്വാസത്തിന്റെ ഭാഗമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ