പാപം എന്നത്, പ്രകാശം ലോകത്തിലേക്ക് വന്നിട്ടും, പ്രകാശത്തേക്കാൾ കൂടുതലായി അവർ അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ്. ആ അജ്ഞതയെ പല രീതികളിൽ യോഹന്നാൻ അവതരിപ്പിക്കുന്നുമുണ്ട്. സകലചരാചരങ്ങളിലും സന്നിഹിതമായ വചനത്തെ ലോകം ഗ്രഹിച്ചില്ല, അവൻ അവരുടെ അടുത്തേക്ക് വന്നു, അവർ അവനെ തിരിച്ചറിഞ്ഞില്ല, അവൻ അവർക്കിടയിൽ നിന്നപ്പോഴും അവർക്ക് അവനെ മനസ്സിലായില്ല. സ്നാപക യോഹന്നാന് പോലും അവനെക്കുറിച്ചുള്ള ഉറപ്പിനായി പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെ അടയാളം അവനു മീതെ കാണേണ്ടതുണ്ടായിരുന്നു.
തിരിച്ചറിവും ആത്മസാക്ഷാത്കാരവും ബൗദ്ധികമായ പ്രദീപ്തതയിൽ ലഭ്യമാകുമെന്നല്ല യോഹന്നാൻ പറഞ്ഞത്. ക്രിസ്തുവിനെ കാണുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് വിമോചനവും രക്ഷയും പൂർണ്ണതയും. രാത്രിയിൽ പ്രകാശം തേടിയെത്തുന്ന നിക്കോദേമോസും, കണ്ണുകൾ തുറക്കപ്പെട്ട ബെർത്തിമേയൂസും പ്രകാശം കാണുന്നവരാണ്. ഈ കാഴ്ച ദൈവപുത്രന്റെ അനുഭവമാണ്. ദൈവത്തിന്റെ പ്രകാശത്തിലേക്ക് ഹൃദയങ്ങളെ തുറക്കുന്നവനാണ് ദൈവത്തിന്റെ കുഞ്ഞാട്. അന്ധകാരത്തിൽ നടക്കുന്നവനും, അന്ധനും വെളിച്ചം പകരുന്നതാണ് പാപം നീക്കുന്ന പ്രവൃത്തി.
ക്രിസ്തുവിൽ കാണപ്പെടുന്ന വെളിച്ചം, മനുഷ്യന് ആശ്വാസവും ശക്തിയും, സൗഖ്യവും ജീവനുമാണ്. അത് സ്വീകരിച്ചവർക്കേ ദേശങ്ങൾക്കു പ്രകാശമാകുവാൻ കഴിയൂ. ആ വെളിച്ചം കാഴ്ചയോ അറിവോ മാത്രമല്ല. ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവത്തിൽ തൊട്ടറിയപ്പെടുന്ന ദൈവചൈതന്യത്തെ സ്വന്തമാക്കുകയും ജീവിക്കുകയും ചെയ്യുന്നതാണത്. ക്രിസ്തുവിനെ സ്വഭാവം ജീവിക്കുന്നവരിൽ നിന്നേ ക്രിസ്തുവിന്റെ ശരീരാംഗങ്ങളുടെ പ്രവൃത്തികളായി ജനതയ്ക്കു പ്രകാശമായി മാറപ്പെടൂ. പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്, 'പാപം' ഏറ്റെടുക്കുന്നത് എന്തെങ്കിലും ഒരു വസ്തു താങ്ങിയെടുക്കുന്നതുപോലെയല്ല. പാപമെന്നത്, കൃപയുടെ രാഹിത്യമായതുകൊണ്ട്, പാപം ഏറ്റെടുക്കുന്നത് ജീവൻ ചൊരിഞ്ഞുകൊണ്ടാണ്.
രക്ഷ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും അനുഭവമാകുന്നത് അത് ജീവന്റെ അനുഭവമാകുമ്പോഴാണ്. രക്ഷയെ ആചാരമാകുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഈ ജീവനാണ്. ക്രിസ്തു നമുക്കായി ദൈവഹൃദയം വെളിപ്പെടുത്തിയത് തന്റെ മനുഷ്യാവസ്ഥയുടെ തന്നെയാണ്. ആ സ്വഭാവങ്ങളെ സ്വന്തമാക്കാതെ സൗകര്യപൂർവ്വം രൂപപ്പെടുത്തുന്ന ആചാരങ്ങളും ചട്ടങ്ങളും ക്രിസ്തുവിലെ കരുണയും ക്ഷമയും സ്വീകാര്യതയും സഹാനുഭൂതിയും സ്നേഹവും സമാധാനവുമായി ഒരു ബന്ധവുമില്ലാത്തതാകുമ്പോൾ അവ വിഗ്രഹങ്ങൾ കൂടിയാണ്. ആ ഗുണങ്ങളില്ലാതെ ഏതൊക്കെ വിധേയത്വങ്ങൾ ഉണ്ടായാലും എങ്ങനെ നമ്മൾ ദേശങ്ങൾക്കു പ്രകാശമാകും! പാപം വഹിക്കുന്നവർ, അനീതിക്ക് പരിഹാരവും നൊമ്പരങ്ങൾക്കു ആശ്വാസവും, ജീവനില്ലാത്തിടത്തു ജീവനും, പാപം ഭാരപ്പെടുത്തുന്നവർക്കു കൃപയുമാകേണ്ടതുണ്ട്. ഇല്ലെങ്കിൽ, ഇത്തരം പ്രകാശമില്ലാത്ത ഉപവാസങ്ങളും ത്യാഗപ്രവൃത്തികളും യജ്ഞങ്ങളായി ഒടുങ്ങും. പാപം വഹിക്കുന്നവർ, ജീവൻ ചൊരിഞ്ഞു കൊണ്ട് പ്രകാശ വാഹകരായിക്കൊണ്ടാണ് അത് നിവർത്തിക്കേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ