Gentle Dew Drop

നവംബർ 05, 2023

നിങ്ങൾക്ക് ഒരു ഗുരുവേയുള്ളു

ഒരു മതം അതിന്റെ ശൂന്യത വെളിപ്പെടുത്തുന്നത് നിരീശ്വരരുടെ വെല്ലുവിളികളിൽ നിന്നല്ല. കപടവിശ്വാസികളുടെ നിഗളിപ്പുകളിൽ നിന്നാണ്. ക്രിസ്തീയതയിൽ എല്ലാക്കാലത്തും അകറ്റി നിർത്താൻ ശ്രമിച്ചിട്ടുള്ളത് ക്രിസ്തു പഠിപ്പിച്ച മൂല്യങ്ങളെത്തന്നെയാണ്. കാരണം, അത് സ്വന്തമെന്നു കരുതാവുന്ന, നിഗളിക്കാവുന്ന എല്ലാത്തിനും വെല്ലുവിളിയാണ്. ഈ 'സ്വന്തങ്ങളെ' വിഗ്രഹവൽക്കരിക്കാൻ അവയെ ക്രിസ്തീയമായി അലങ്കരിക്കാനുള്ള ഉദ്യമങ്ങളാണ് നടത്തിപ്പോരുന്നത്. കൂടുതൽ വിശുദ്ധരും, കൂടുതൽ അറിവുള്ളവരും, കൂടുതൽ സംസ്കാരമുള്ളവരും, കൂടുതൽ പരമ്പരാഗതരും ആയിക്കൊണ്ട് മറ്റുള്ളവരെ, പാപികളും അപകടകാരികളും അറിവില്ലാത്തവരും ആയി പ്രഖ്യാപിക്കുന്നിടത്താണ് സ്വന്തം ക്രിസ്തീയ തനിമ കണ്ടെത്തപ്പെടുന്നത്. ക്രിസ്തുവിന്റെ സമീപനരീതിക്ക്‌ ഏറ്റവും വിരുദ്ധമാണത്. ആവശ്യാനുസരണം വളച്ചും തിരിച്ചും ക്രിസ്തുവിനെ വികലമാക്കുന്ന 'സത്യവിശ്വാസികൾ' പഴയ ഫരിസേയരുടെ പിൻഗാമികളാണ്.  'വിശുദ്ധരും സത്യരും ശുദ്ധരും' നിർമ്മിച്ചെടുക്കുന്ന സാമൂഹിക വ്യവസ്ഥിതിയനുസരിച്ച് 'ലൗകിക' ജോലികൾ ഉപേക്ഷിച്ച്  സ്ത്രീകളുടേതായി ബൈബിൾ അനുശാസിക്കുന്ന 'നിശ്ചിത'കർത്തവ്യങ്ങൾ പാലിക്കുവാൻ തീരുമാനിക്കുന്ന സ്ത്രീകളുണ്ട്. 

അനേകം വിദഗ്ദരും സഭാസംരക്ഷകരും വിശ്വാസ വിശദീകരണ ചാനലുകളും നിറഞ്ഞാടുന്ന ഇന്ന്,  "നിങ്ങൾക്ക് ഒരു ഗുരുവേയുള്ളു, കർത്താവായ ക്രിസ്തു" എന്ന് സുവിശേഷം പറഞ്ഞുവെച്ചത് കാര്യമായെടുക്കേണ്ടതാണ്. എല്ലാവരും ജീവൻ പ്രാപിക്കുക എന്നതാണ് പിതാവിന്റെ ഇഷ്ടം എന്ന് ക്രിസ്തു പഠിപ്പിച്ചു. എന്നാൽ, സമരിയാക്കാരും, ചുങ്കക്കാരും, പാപികളും പ്രവേശിക്കുന്ന സ്വർഗം വിശുദ്ധരായ സദുക്കായർക്കും ഫരിസേയർക്കും അസ്വീകാര്യമായിരുന്നു. വേദശാസ്ത്രികൾക്ക് വിശദീകരിക്കാനാവാത്തതായിരുന്നു. എന്റെ നീതിശാസ്ത്രങ്ങൾക്കനുസരിച്ചു ശുദ്ധിയുടെ സമ്മതപത്രം നേടിയെങ്കിലേ അവർ ശുദ്ധരാക്കപ്പെടൂ എന്ന് കരുതുന്നവർ ദൈവത്തിന്റെ കരുണയെക്കുറിച്ചു പറയുന്നത് കപടതയാണ്. നീതിയോ, സത്യമോ, കരുണയോ അല്ല അവരെ നയിക്കുന്നത്. ദൈവത്തിനെ പരിശുദ്ധിയെ സംരക്ഷിക്കുന്ന അവർ ക്രൂരമായ അതിരുകൾ വഴി 'മറ്റുള്ളവരെ' പാപികളെന്നു വിധിക്കുന്നു.

താന്താങ്ങളുടെ പകയും, വെറുപ്പും, രാഷ്ട്രീയവും വളർത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് വേര് നൽകും വിധം ഹൃദയം മലിനമാക്കുന്ന ക്രിസ്തുരൂപങ്ങൾ ആവർത്തിച്ച് നിർമ്മിക്കപ്പെടുന്നുണ്ട്. ദൈവരാജ്യത്തിലേക്കു തുറന്ന ക്രിസ്തുസന്ദേശങ്ങളെ,  കണിശതയും ശുദ്ധതയും  വിശുദ്ധിഹുങ്കുകളും നിറഞ്ഞ ഫരിസേയ അളവുകോലുകളിലേക്കു കെട്ടിയിടാനാണ് വിശുദ്ധരും സത്യരും ശുദ്ധരും ശ്രമിക്കുന്നത്. അതല്ല ക്രിസ്തുവിൽ നിന്ന് നമ്മൾ പഠിച്ചത്. 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ