Gentle Dew Drop

ഫെബ്രുവരി 11, 2022

ദൈവത്തിനുവേണ്ടി വഴക്കടിക്കുന്നവർ

മതത്തിന്റെ പേരിലുള്ള സംഘർഷങ്ങളും അധിക്ഷേപങ്ങളും മതരഹിതമായ ഒരു സമൂഹത്തെയേ രൂപപ്പെടുത്തുകയുള്ളു. ദൈവത്തിനുവേണ്ടി വഴക്കടിക്കുന്നവർ രൂപപ്പെടുത്തുന്നത് മതത്തിനുള്ളിൽത്തന്നെ വലിയ ശൂന്യതയാണ്. ഈ ശൂന്യതയെ മതത്തിന്റെ പരാജയമായി തിരിച്ചറിയാൻ കഴിയാത്തിടത്താണ് മതം ചരിത്രത്തിൽ പരാജയമാകുന്നത്.

പരമ്പരാഗതവും സനാതനവും എന്നു വിളിക്കുന്ന ഏതൊരു മതവും നേരിടുന്ന വലിയ വെല്ലുവിളി ഈ കാലഘട്ടത്തിൽ അവ ഏതു തരത്തിലാണ് സാമൂഹികമായ പ്രാധാന്യം അർഹിക്കുന്നത് എന്നതിനെക്കുറിച്ചാണ്. അത് പറഞ്ഞു വയ്ക്കുവാൻ ഉപയോഗിക്കുന്ന അവകാശവാദങ്ങളെ പുതിയ വിശ്വാസപ്രതിരോധമായി ആഘോഷമാക്കുന്ന ദുരന്തമാണ് എല്ലാ മതത്തിലും തന്നെ കാണപ്പെടുന്നത്. അവകാശം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ മതപ്രതീകങ്ങളെ സാമൂഹികമായ പൊതുവേദികളിൽ ശക്തമായ സാന്നിധ്യമാക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നു. ചിലയിടങ്ങളിൽ അത് മേല്കോയ്മയുടെ അടയാളമാകുമ്പോൾ ചെറുത്തുനിൽപ്പോ ശക്തമായ പ്രതികരണമോ നിഷേധാത്മകമായ വാശിയോ ആയേക്കാം. ആഴങ്ങളുള്ള ഒരു വിശ്വാസധാര ഏതാനം മതപ്രതീകങ്ങളിലേക്ക് ഇടുങ്ങുന്നത് സ്വന്തം തകർച്ചയെ ഒന്നുകൂടി അടിവരയിടുകയാണ്. ഏതൊരു മതത്തിലാണെങ്കിലും, അത് രാഷ്ട്രീയവത്കരിക്കപ്പെടുക കൂടി ചെയ്യുമ്പോൾ ഉപയോഗിക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളും യുവജനങ്ങളുമാണ്. ആന്തരിക നഷ്ടപ്പെട്ട മതസംവിധാനം അവരോടു ചെയ്യുന്ന ക്രൂരതയാണത്. ഓരോ മതത്തിനുമുള്ള ആരംഭപ്രചോദനത്തെ കാലഘട്ടത്തിനു പരിചയപ്പെടുത്തി ഒരു തലമുറക്ക് നടക്കാനുള്ള വെളിച്ചം നൽകേണ്ടിയിരുന്ന അതേ മതങ്ങൾ, ആധിപത്യത്തിന്റെയും മേല്കോയ്മയുടെയും ഉദ്ദേശ്യങ്ങളിലേക്ക് മതസംവിധാനത്തിന്റെ ശ്രദ്ധ മുഴുവൻ തിരിച്ചു വയ്ക്കുകയാണ്. ദൈവമോ ആന്തരികതയോ ഇല്ലാത്ത മതങ്ങൾ ആധിപത്യത്തിന് വേണ്ടി ശ്രമിക്കുന്ന അദൃശ്യസംവിധാനങ്ങളുടെ കളിപ്പാവകളാണ്.

ഒരു മനുഷ്യനായോ, വിശ്വാസമായോ എന്തിനാണ് മേൽക്കോയ്മ ആവശ്യപ്പെടുന്നത്? മതങ്ങൾ നിഹനിക്കാൻ ശ്രമിക്കുന്ന അഹങ്കാരം ക്രോധം ദ്വേഷം എന്നിവ കൊണ്ട് നിലനിർത്തപ്പെടുന്ന മതങ്ങൾ എങ്ങനെ ദൈവസാന്നിധ്യം ഉൾക്കൊള്ളുന്നവയാകും? അതുകൊണ്ടുതന്നെയാണ് മതസംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആന്തരിക അസ്വസ്ഥത പതിയെ സമൂഹത്തെ മതരഹിതമാക്കുന്നത്. മതത്തിന്റെ നിയന്ത്രണങ്ങളില്ലാത്ത എത്രയോ പകരം സാധ്യതകൾ ഇന്ന് ലഭ്യമാണ്. അവിടെയും ശരികൾ തമ്മിലുള്ള സംഘർഷങ്ങൾ പ്രകടമാണ്.

മേല്കോയ്മയുള്ളപ്പോഴേ ഒരു വിശ്വാസത്തിനു പ്രസക്തിയുള്ളൂ എന്ന് ധരിക്കുന്നതു തന്നെ ഒരാൾ സ്വന്തം വിശ്വാസത്തെ അറിഞ്ഞിട്ടില്ല എന്നതിന്റെ ലക്ഷണമാണ്. വിശ്വാസത്തിന്റെ / മതത്തിന്റെ ഐഡന്റിറ്റി രൂപപ്പെടുത്തുന്നത് എന്താണ്? അതിന്റെ തകർച്ചയെക്കുറിച്ചു അസ്വസ്ഥപ്പെടുമ്പോൾ വെല്ലുവിളികളെ വേണ്ടവിധം മതങ്ങൾ പഠിക്കാൻ ശ്രമിക്കാറില്ല എന്നത് ദുഃഖകരമാണ്. ഒരു സമൂഹത്തിന്, വ്യക്തികൾക്ക്, കാലഘട്ടത്തിന് ജീവിക്കാവുന്ന വെളിച്ചമായി വിശ്വാസം രൂപപ്പെടുന്നെങ്കിലെ മതങ്ങൾക്ക് പ്രസക്തിയുള്ളൂ. അല്ലാതെ മതങ്ങൾ സൃഷ്ടിക്കുന്നതെന്തും ചരിത്രത്തിന് നൽകപ്പെടുന്ന ശൂന്യതയാണ്. അതിലേക്കു വലിച്ചിഴക്കപ്പെടാൻ വിധിക്കപ്പെട്ട തലമുറക്ക് അവരുടെ ഉള്ളിന്റെ ആഴങ്ങളിൽ നിന്ന് വെളിച്ചം ലഭിക്കട്ടെ.

മതനിരപേക്ഷമായിരുന്ന ഒരു സമൂഹം സ്വന്തം മതത്തെക്കുറിച്ചും മറ്റു മതത്തെക്കുറിച്ചും അസ്വസ്ഥപ്പെട്ടു തുടങ്ങുന്നതിലെ ഘടകങ്ങളുടെ വിലയിരുത്തലുകൾ എല്ലാ മതങ്ങളും ഒരു പോലെ നടത്തേണ്ടതുണ്ട്. ഉപയോഗിക്കപ്പെടുന്ന പ്രതീകങ്ങളുടെ അർത്ഥം, ഒഴിച്ച് കൂടാനാവാത്തതെന്ന് കരുതപ്പെടുന്നവയുടെ സത്യത്തിലുള്ള പ്രാധാന്യം, അവ വഴി പൊതുജനമധ്യേ ഊന്നിപ്പറയപ്പെടുന്ന സാന്നിധ്യവും ശക്തിയും, വേർതിരിവുകളിൽ സാന്ദ്രീകരിക്കപ്പെടുന്ന ഐഡന്റിറ്റി, സ്ത്രീകളെയും, കുട്ടികളെയും, യുവജനങ്ങളെയും കുറിച്ചുള്ള കരുതലും, അവർക്കു സ്വാതന്ത്ര്യത്തിലും പക്വതയിലും ലഭിക്കേണ്ട വളർച്ച, തീവ്രവികാരങ്ങൾക്ക് കീഴ്‌പ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിലും പൊതുവേദികളിലും മതസംവിധാനങ്ങൾ അവരെ ഉപയോഗിക്കുന്നതിലെ അനീതി, പവിത്രഗ്രന്ഥങ്ങളുടെയും ആചാരങ്ങളുടെയും ദുർവ്യാഖ്യാനം, 
സാമൂഹികവും സാമ്പത്തികവുമായ പ്രവണതകൾ തുടങ്ങിയവ ശ്രദ്ധ അർഹിക്കുന്നവയാണ്. വളരെ മതാത്മകമെന്നു പ്രകീർത്തിക്കുന്ന സമൂഹം സത്യത്തിൽ ദൈവരഹിതമാണെന്ന് പറഞ്ഞു വയ്ക്കുന്നതാണ് മതങ്ങൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ