Gentle Dew Drop

ജൂൺ 12, 2020

ഉയിർക്കുമെന്ന പ്രത്യാശയോടെ

ഉയിർപ്പും മരണാനന്തര ജീവിതവും എപ്പോൾ എങ്ങനെ എന്നതിനെ സംബന്ധിച്ച് ഏറ്റവും ചുരുക്കി പറയാവുന്നത് അത് ദൈവത്തിന്റെ പ്രവൃത്തി ആണ് എന്ന് മാത്രമാണ്.

ദൈവശാസ്ത്രപരമായി, ഇന്ന് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണെന്നു പോലെതന്നെ, ക്രിസ്‌തുശരീരത്തിന്റെ പൂർണതയിലേക്കാണ് നമ്മൾ ഉയിർക്കപ്പെടുന്നത്. നമുക്കുണ്ടാകുന്ന ശരീരവും ക്രിസ്തുവെന്ന ഒറ്റ ശരീരത്തിൽ അംഗങ്ങളായുള്ള ശരീരം തന്നെ. ആ ശരീരത്തിനുള്ളിൽ ഓരോരുത്തരുടെയും പ്രത്യേക വ്യക്‌തിഭാവം, അതിന്റെ ഭൗതികാവസ്ഥ തുടങ്ങിയവ രഹസ്യം എന്നേ പറയാനാകൂ.

സകല സൃഷ്ടവസ്തുക്കളും ക്രിസ്തുരഹസ്യത്തിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നതിനാൽ എല്ലാവരും സകലതും ഈ ഐക്യത്തിലേക്ക് വരുമ്പോഴാണ് പരിപൂർണ്ണമായ ദൈവാനന്ദം പ്രാപ്തമാകുന്നത്. അതുകൊണ്ടാണ് പരസ്പരം കരുതുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് (വഴക്കിടുന്ന അയൽവാസിയും വെറുക്കപ്പെടുന്ന അന്യസമുദായക്കാരനും അവിടെ പങ്കാളികളായി ഉണ്ടാകും). എന്നുവെച്ചാൽ, നമ്മൾ ഉയിർക്കുന്നത് ഏതു ശരീരത്തിലേക്കാണോ അതിന്റെ അവയവങ്ങളായി അവരുമുണ്ടാകും എന്നർത്ഥം.

വ്യക്തി സമൂഹത്തിലെ അംഗം മാത്രമല്ല സമൂഹത്തിൽ രൂപപ്പെടുന്നതുമാണ്. ആ രൂപവത്കരണത്തിൽ പ്രപഞ്ചത്തിന്റെയും സമൂഹത്തിന്റെയും പ്രവർത്തനങ്ങളിൽ ദൈവത്തിന്റെ കരവേലകൾ ദൃശ്യവുമാണ്. ഓരോ വ്യക്തിയുടെയും അനന്യ ശ്രേഷ്ഠതയാണ് മരണശേഷവും ശരീരത്തിന് ആദരം അർഹമാക്കുന്നത്. സാമൂഹികവും സാംസ്കാരികവും മതപരവുമായ സമ്പ്രദായങ്ങൾ അതിനായി നമുക്കുണ്ട്. പ്രത്യേക പശ്ചാത്തലത്തിൽ പരിചിതമായ ആചാരങ്ങൾ അസാധ്യമാകുമ്പോൾ വേർപെട്ട വ്യക്തിക്ക് അർഹമായതും, പ്രിയജനങ്ങൾക്ക് അർത്ഥപൂർണമാവും വിധവും ചടങ്ങുകൾ പുനഃക്രമീകരിക്കേണ്ടത് അവരെ ഉൾകൊള്ളുന്ന സമൂഹമെന്ന നിലയിൽ നമ്മുടെ ഒരുക്കത്തിന്റെ ഭാഗമാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. സംസ്കാരമാണെങ്കിലും ദഹിപ്പിക്കൽ ആണെങ്കിലും ആരും അവഗണിക്കപ്പെടാതെ ആരും വേദനിക്കാതെ അത് ഉചിതമായി ചെയ്യാൻ സമൂഹത്തിനും, അതിനുവേണ്ടി വേണ്ടവിധം ആലോചിച്ചൊരുങ്ങുവാൻ മതാധ്യക്ഷർക്കും കഴിയട്ടെ. അപരിചിതമായ ഒരു ക്രമം പാലിക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന ആശങ്കകളെ നികത്തുക എന്നത് ഉത്ബോധനത്തിന്റെ ചുമതലയിൽ വരുന്നതുമാണ്. ഭൂരിപക്ഷാഭിപ്രായമല്ല അവിടെ ദൈവശാസ്ത്രമാവേണ്ടത്. ഭരണാധികാരികൾ നൽകുന്ന പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മതാചാരങ്ങളെ പുനഃക്രമീകരിക്കേണ്ടത് നീരസത്തോടെയല്ല, വേണ്ട വിവേകം സമൂഹത്തിനും നൽകാൻ കഴിയുന്ന മനുഷ്വത്വപൂർണമായ നേതൃത്വപാടവം കൊണ്ടാണ്. ഇനിയും അതിനു വൈകരുത്. അസാധാരണമായ സാഹചര്യങ്ങളെ മുന്നിൽക്കണ്ടുകൊണ്ടും  സാധ്യതകൾക്കായി സ്വയംതുറന്നുകൊണ്ടും ഈ ഒരുക്കം സമൂഹത്തിലും വിശ്വാസത്തിലും ആചാരസങ്കല്പങ്ങളിലും ഉണ്ടാവണം.

നമ്മുടെ ശരീരം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നത് സമയത്തെ സംബന്ധിച്ചും പദാർത്ഥത്തെ സംബന്ധിച്ചും അവ്യക്തമാണെന്നതാണ് സത്യം. കാലാന്തരങ്ങൾക്കപ്പുറത്ത് മണ്ണായോ ഭസ്മമായോ 'നമ്മുടേതെന്ന' വ്യത്യസ്തതയിൽ അത് തുടരില്ല എന്നത് തീർച്ചയാണ്. അവശേഷിക്കുന്ന അസ്ഥിയിലോ മണ്ണിലോ നിക്ഷിപ്തമാവുന്നതല്ല നമ്മുടെ ശരീരം. പൊടിഞ്ഞും അലിഞ്ഞും മുറിഞ്ഞും ഇന്ന് നമ്മളുള്ളിടത്തില്ലാത്ത ശരീര-പദാർത്ഥങ്ങൾ എത്രമാത്രമുണ്ട്? ഇനിയും ശരീരത്തിന്റെ ഭാഗമായേക്കാവുന്ന പദാർത്ഥങ്ങൾ വെളിയിലുണ്ട് താനും. ഏതോ ഭീമൻ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങി രൂപപ്പെട്ട മൂലകങ്ങളാണ് സസ്യങ്ങളുടെയും, ജന്തുക്കളുടെയും 'ശരീരം' ഉൾകൊള്ളുന്ന പദാർത്ഥങ്ങൾ. സൃഷ്ടികളുടെ ഏകതയിൽ ശരീരസ്വഭാവം എന്താവാമെന്നത് ഒരു രഹസ്യമായിത്തന്നെ ധ്യാനിക്കുകയാണ് ഉചിതം.

ആദരപൂർണവും ഹൃദ്യവും മാനുഷികവുമായ മരണാനന്തര ശുശ്രൂഷകൾ വി. പൗലോസ് എഴുതിയതുപോലെ, പരസ്പരം നല്കപ്പെടേണ്ട ആശ്വാസം ഉറപ്പു വരുത്തട്ടെ. അത് മൃതസംസ്കാരച്ചടങ്ങിലേക്കു മാത്രമല്ല, ഹൃദയം തകർന്നവർക്കു വേണ്ടിയും മരണഭീതിയിലായവർക്കുവേണ്ടിയും. ക്രിസ്തുവിൽ ഒരു ശരീരമായവർ, സാമ്പത്തിക പരാധീനതകളും വൈകാരികവും മാനസികവുമായ അസ്വസ്ഥതകളും സംഘർഷങ്ങളും ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ മാത്രമായി കാണാതെ സമൂഹം സ്വന്തമായി ഏറ്റെടുക്കുന്നിടത്തേ ആ ആശ്വാസം പരസ്പരം നൽകാനാകൂ.
__________________
[ആത്മീയം-ഭൗതികം, ക്ഷണികം-നിത്യം, അനന്തം-പരിമിതം, അനശ്വരം-നശ്വരം തുടങ്ങിയ വേർതിരിവുകൾ പ്രാചീന ഗ്രീക്ക് തത്വചിന്തകൂടി ചേർത്ത് വായിച്ചെങ്കിലേ വ്യക്തമാവൂ. ഇവക്കിടയിലുള്ള വൈപരീത്യങ്ങൾക്ക് അവരുടെ ലോകവീക്ഷണത്തെ വിശദീകരിക്കുവാനുള്ള ഉദ്ദേശ്യമാണുണ്ടായിരുന്നത്. കുറേക്കൂടി വ്യക്തവും യാഥാർത്ഥവും ശാസ്ത്രീയവുമായ വീക്ഷണം ഇന്ന് നമുക്ക് ലഭ്യമാണ്. അവയിൽ പലതും നമ്മുടെ യാഥാസ്ഥിതിക സങ്കൽപ്പങ്ങൾക്ക് ന്യായമായ വെല്ലുവിളി നൽകുന്നതുമാണ്.]
See also 
കല്ലറ, സ്വർഗ്ഗവാതിൽ, പിന്നെ നമ്മുടെ ഹൃദയം: ഏതാണ് തുറക്കേണ്ടത്? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ