Gentle Dew Drop

ജൂൺ 25, 2020

പഠനം: ധ്യാനം

വൈദികർ കൂടുതൽ പ്രാർത്ഥനയിലേക്കും വായനയിലേക്കും ശ്രദ്ധിക്കുവാൻ, പള്ളികൾ തുറക്കുവാൻ വൈകിയേക്കുമെന്ന സാഹചര്യത്തിൽ കർദിനാൾ ഗ്രേഷ്യസ് പറഞ്ഞിരുന്നു. കൂടുതൽ അറിയുവാനും, സ്വയം കണ്ടെത്തുവാനും, ഈ രണ്ടു തലങ്ങളും ധ്യാനപൂർണ്ണമായി പ്രാർത്ഥനയിലേക്ക്‌ ഉയർത്തുവാനും കഴിഞ്ഞെങ്കിൽ ഒരുപാട് നന്നായിരുന്നു. അത് സാമൂഹികമായ മൂല്യത്തിനപ്പുറം ഓരോരുത്തർക്കുമുള്ള വ്യക്തിപരമായ മൂല്യത്തെ മനസിലാക്കാനും വഴിയൊരുക്കും. മേല്പറഞ്ഞ സാമൂഹിക മൂല്യത്തെ നിലനിർത്തുവാനും ഉയർത്തിക്കാണിക്കുവാനുമുതകുന്ന ഉദ്യമങ്ങളാണ് പലവിധത്തിലും നടന്നുവന്നത്‌. ആഴങ്ങളിലേക്ക് അവനോടൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴേ സ്വയം നവീകരിക്കാനാവും വിധം വിളിയും ദൗത്യവും ഒന്നു കൂടി കേട്ട് ബോധ്യപ്പെടാനാകൂ. ജെറുസലെമിന്റെ പ്രൗഢികളിൽനിന്നും ഗലീലിയിലേക്ക് ഒരു മടക്കയാത്രയാണത്.

പൗരോഹിത്യത്തിന്റെ പ്രതിച്ഛായ തുടർന്നും വിലകല്പിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും, ഈ കാലഘട്ടത്തിൽ ഒരു സമൂഹത്തെ നയിക്കാനുള്ള അവരുടെ കഴിവിൽ സമൂഹത്തിനുള്ള ആത്മവിശ്വാസം കുറയുന്നുണ്ട്. സാമൂഹികമായ തരംഗങ്ങളെ മനസ്സിലാക്കുവാനോ, അവയിലെ പ്രതികരണങ്ങളെ ഉൾകൊള്ളുവാനോ, സാംസ്‌കാരികമാറ്റങ്ങളെ വേണ്ടവിധം വിശകലനം ചെയ്യുവാനോ താല്പര്യം കാണിക്കാത്ത നിലപാടുകൾ പലപ്പോഴും ഉണ്ട്. അവ ആവശ്യം മാത്രമല്ല ഉത്തരവാദിത്തമാണെന്നത് പരിശീലനകാലഘട്ടം മുതലേ ബോധ്യപ്പെടേണ്ടതാണ്. എന്നാൽ അതിതീവ്രഭക്തി, പാരമ്പര്യം, സംവിധാനം ഉറപ്പാക്കുന്ന സുരക്ഷ എന്നീ ത്രിമാന ചട്ടക്കൂടിനുള്ളിൽ സ്വയം അടച്ചുകളയുമ്പോൾ സമകാലീനയാഥാർത്ഥ്യങ്ങളെ വേണ്ടവിധം കാണേണ്ടതിലുള്ള പ്രസക്തി പാടെ അവഗണിക്കപ്പെടുന്നു എന്നതാണ് ആശങ്കപ്പെടേണ്ട വസ്തുത. വായനയും ധ്യാനവും അർഹിക്കുന്ന ഒരു മേഖല കൂടിയാണിത്.

ജ്ഞാനം ദൈവം നൽകുന്ന വരദാനമാണ്. എന്നാൽ അത് ഒറ്റനിമിഷത്തിൽ പകർന്നുനൽകപ്പെടുന്ന ഒന്നല്ല. അനുഭവങ്ങളുടെയും ആശയങ്ങളുടെയും ആത്മാർത്ഥമായ സംവാദ സംഘർഷ മല്പിടുത്തതിൽ ദൈവകൃപയാൽ തെളിഞ്ഞുവരുന്ന ആത്മബോധമാണത്.

വാക്കുകൾക്കപ്പുറത്തേക്ക് വചനത്തിന് സാധ്യത നിഷേധിക്കുന്ന ചില 'ആത്മീയ' പ്രവണതകൾ മാറ്റിവയ്ക്കുവാൻ കഴിയണം. ബൈബിളല്ലാതെ മറ്റെല്ലാം ലൗകികമാണെന്ന ധാരണകൾ ഒഴിവാക്കിയേ തീരൂ. സമൂഹത്തിലും ചരിത്രത്തിലും ദൈവം സംസാരിക്കുന്നതിനെ കേൾക്കാൻ, അവയെ വേണ്ടവിധം മനസിലാക്കി ചിന്തിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യകളുമായുള്ള പ്രത്യേകിച്ച് അതിനൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകളുമായുള്ള ഇടപെടലുകളിൽ അവക്ക് പിറകിലെ തത്വസംവിധാനങ്ങളുമായും മനുഷ്യൻ സംവദിക്കുന്നുണ്ട്. അത് മനുഷ്യന്റെ സ്വത്വബോധത്തെ സ്വാധീനിക്കുന്നുമുണ്ട്. ആധുനിക ലോകത്തിന്റെ സങ്കീര്ണതകളുമായി ബന്ധപ്പെടുത്തുന്നതാണ് അവയിൽ പലതും. അത്തരം തത്വങ്ങളെയും അവയുണ്ടാക്കുന്ന സ്വാധീനങ്ങളെയും മനസിലാക്കി ചിന്തിക്കാൻ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള വായനയെങ്കിലും അത്യാവശ്യമാണ്. സാങ്കേതികവളർച്ചയും സാംസ്കാരികപ്രവണതകളും ഏതൊക്കെ തരത്തിലുള്ള അർത്ഥവ്യാപ്തി നൽകുന്നുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞെങ്കിലെ അവയിൽനിന്നുണ്ടാകുന്ന വെല്ലുവിളികളെയും അവയിലെ നന്മകളെയും കാണാനാകൂ. അല്ലെങ്കിൽ 'അപരിചിതമായതെല്ലാം' തിന്മയെന്നു വിധി കല്പിക്കുന്ന എളുപ്പവഴികളും അവയെ അലങ്കരിക്കുന്ന ആത്മീയവിവരണങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കും. 

വിശ്വാസപരമായതു മാത്രമേ താല്പര്യമുള്ളു എന്ന് നിർബന്ധമാണെങ്കിൽ അതുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങളിൽ ഇനിയും അറിയാനുള്ളതുണ്ട്? പുരാതനകാലത്തെ ഏതോ നിമിഷങ്ങളിൽ മരവിച്ചുനിൽക്കുന്ന നിർവചനങ്ങളല്ല പാരമ്പര്യ ങ്ങൾ. ഈ കാലഘട്ടങ്ങളിൽ നല്കപ്പെട്ടിട്ടുള്ള പ്രബോധനങ്ങളെയും അവയിലെ പ്രചോദനങ്ങളെയും ധ്യാനിക്കുവാൻ മനസുതുറക്കേണ്ടതുണ്ട്. പഠനം അദ്ധ്വാനവും ധ്യാനവുമാണ്. അത് പ്രചോദനവും ഉൾകാഴ്ചയുമാവേണ്ടതിന് തുറന്ന മനസ്സു സൂക്ഷിക്കുകയും, യാഥാർത്ഥ്യബോധം ശീലിക്കുകയും, സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും, മതവിശ്വാസങ്ങളുടെയും, പ്രകൃതിയുടെയും മാറ്റങ്ങളോട് വേണ്ട വിവേകപൂർണ്ണമായ പ്രതികരണങ്ങൾ തേടുകയും ബോധ്യങ്ങളിലേക്കു കൊണ്ടുവരികയും വേണം. അത്തരം ജിജ്ഞാസയും ഉത്‌സാഹവും ഹൃദയത്തെ പരിപോഷിപ്പിക്കുകയും വളർച്ചയുള്ള ആത്മീയത നൽകുകയും ചെയ്യും. ആഴത്തിലുള്ള ധ്യാനത്തിനും, സാഹചര്യങ്ങൾ അറിഞ്ഞു പ്രാർത്ഥിക്കുന്നതിനും അത് സഹായിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ