Gentle Dew Drop

മാർച്ച് 12, 2020

സഭയുടെ നിർദ്ദേശങ്ങളിൽ വിശ്വാസരാഹിത്യമുണ്ടോ?

കോവിഡ്-19  ന്റെ സാഹചര്യത്തിൽ വിവിധ മതനേതാക്കളും സഭാകേന്ദ്രങ്ങളും വിശ്വാസികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുവാനും, തിരുസ്വരൂപങ്ങൾ സ്പർശിക്കാതിരിക്കാനും, വി.കുർബാന കൈകളിൽ സ്വീകരിക്കാനും രോഗലക്ഷണമുള്ള ആളുകൾ വീടുകളിൽത്തന്നെ ആയിരിക്കുവാനും നിർദേശങ്ങളുണ്ട്. മുൻകരുതലുകൾ എന്നതുപോലെതന്നെ ഇത്തരം നടപടികൾ സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ്. അണുബാധക്കുള്ള എല്ലാ സാധ്യതകളെയും ഒഴിവാക്കാനാണ് സ്പര്ശനങ്ങൾ, പ്രത്യേകിച്ച് സ്രവങ്ങൾ സ്പർശിക്കാനുള്ള സാഹചര്യങ്ങൾ, ഒഴിവാക്കുന്നത്.

കുർബാനയിലുള്ള ക്രിസ്തുവിന് അണുക്കളെ നിർവീര്യമാക്കാൻ കഴിയില്ലെ?
ഇവിടെ വിവക്ഷിക്കുന്ന രീതിയിലുള്ള ദൈവപ്രവൃത്തിയല്ല ഏതു ദൈവിക ഇടപെടലിന്റെയും സ്വഭാവം. വി. കുർബാനയെന്ന കൂദാശയിലുള്ള ക്രിസ്തുസാന്നിധ്യവും ഇത്തരത്തിലല്ല വിശ്വാസം കാണുന്നത്. സത്താപരമായി ശരീരരക്തങ്ങളാകുന്ന അപ്പവും വീഞ്ഞും, പദാർത്ഥത്തിൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും  ഗുണങ്ങൾ തന്നെയാണ് കാണിക്കുന്നത്. ആസിഡ്, റേഡിയേഷൻ തുടങ്ങിയ അണുനാശകസ്വഭാവങ്ങളൊന്നും അവയ്കില്ല. അങ്ങനെയുണ്ടെങ്കിൽ, അവ അപ്പവും വീഞ്ഞുമല്ല, കൂദാശയാവേണ്ട സാദൃശ്യങ്ങളുമല്ല. ഉൾക്കൊള്ളപ്പെടുന്ന ദിവ്യശരീരരക്തം കൃപാരൂപത്തിലാണ് വ്യക്തിയിൽ പ്രവർത്തിക്കുന്നത്. അതായത്, മനുഷ്യശരീരകോശങ്ങളിലേക്കു കടന്നു ചെല്ലുന്നത് മാംസരക്തങ്ങളായല്ല.  അപ്പത്തിന്റെയും വീഞ്ഞിന്റെയും ഗുണങ്ങളാവും അത് ശരീരത്തിൽ കാണിക്കുന്നത്. മാത്രവുമല്ല, സാദൃശ്യങ്ങൾ അപ്പവും വീഞ്ഞും ആണെന്നിരിക്കെ അവ പ്രകൃതിനിയമങ്ങൾക്ക് വിധേയമാണ്,  അവയിൽ അണുബാധയേൽക്കാൻ സാധ്യതയുമുണ്ട്. അതുകൊണ്ട്, തിരുവസ്തുക്കളിലൂടെ അണുബാധ പടർന്നേക്കാമെന്നത് വിശ്വാസരാഹിത്യമാണെന്നു പറയുന്നതിൽ അടിസ്ഥാനമില്ല.

വിശുദ്ധർക്ക് അത്ഭുതശക്തിയില്ലെ?
വിശുദ്ധരുടെ ശക്തി എന്നതിനേക്കാൾ അവരുടെ മധ്യസ്ഥതയാണ് നമ്മൾ തേടുന്നത്. വിശുദ്ധജലവും, തിരുസ്വരൂപങ്ങളും, തിരുശേഷിപ്പുകളും അവയിൽത്തന്നെ അത്ഭുതപ്രവൃത്തികൾക്കോ,ശക്തമായ ഇടപെടലിനോ കാരണമല്ല. സഭയുടെ ഒരുമിച്ചുള്ള പ്രാർത്ഥനോദ്ദേശ്യമാണ് പ്രത്യേക നിയോഗങ്ങൾക്കും പ്രാർത്ഥനകൾക്കും ഇവയിലൂടെ അനുഗ്രഹങ്ങൾ സാധ്യമാക്കുന്നത്. നമ്മിലെ ഭക്തിയെ ജ്വലിപ്പിക്കാനും, അനുഭവവേദ്യമാകാവുന്ന തരത്തിൽ ഭക്തി പ്രകടിപ്പിക്കാനും അവ മാധ്യമങ്ങളാണ്. ഉദാ: പൂവർപ്പിക്കുന്നതും, തിരി കത്തിക്കുന്നതും അമ്പെടുക്കുന്നതും, വിശുദ്ധരുടെ രൂപങ്ങൾ  സ്പർശിക്കുന്നതും, നേർച്ച വസ്തുക്കൾ ഭക്ഷിക്കുന്നതും 'അവയിലെ ശക്തി' എന്നതുകൊണ്ടല്ല, മറിച്ച് അവ നമ്മുടെ പ്രാത്ഥനകളുടെ അർപ്പണത്തെയും കൃപയുടെ സ്വീകാര്യതയും കൂടുതൽ അനുഭവവേദ്യമാക്കുന്നു എന്നതിനാലാണ്. Ref. CCC 1667 -1679. അവയൊന്നുമില്ലെങ്കിലും വിശുദ്ധരുടെ മധ്യസ്ഥത നമുക്ക് ലഭിക്കുകയും ദൈവാനുഗ്രഹം നമുക്ക് സാധ്യമാവുകയും ചെയ്യുന്നുണ്ട്. സ്പർശം അവിടെ ഒരു അത്യാവശ്യ ഘടകം അല്ല. പ്രത്യേകസാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടതുണ്ടെങ്കിൽ അതിൽ ഭക്തിക്കുറവോ അനുഗ്രഹങ്ങളുടെ കുറവോ ഇല്ല.

കുർബാന നിർത്തിവെക്കേണ്ടി വരുന്നത് പിശാചിന്റെ ഇടപെടലല്ലെ?
കുർബാന പാടേ നിർത്തിവയ്ക്കപ്പെടുന്ന സാഹചര്യമല്ല ഇന്നുള്ളത്. ദിവ്യബലികൾ അർപ്പിക്കപ്പെടുന്നുണ്ട്, ആളുകൾ ഒരുമിച്ചു വരുന്ന സാഹചര്യം ഒഴിവാക്കണം എന്നതുകൊണ്ടാണ് പൊതുവായുള്ള ദിവ്യബലിയെ ചിലയിടങ്ങളിൽ നിരുത്സാഹപ്പെടുത്തുന്നത്. യുഗാന്ത്യം വരെ നിങ്ങളോടു കൂടെയുണ്ടായിരിക്കും എന്ന് പറഞ്ഞ ക്രിസ്തു നമ്മോടുകൂടെയുണ്ട്. നമ്മിൽ ഓരോരുത്തരിലും, സമൂഹത്തിലും അവിടുന്ന് വസിക്കുന്നുണ്ട്. അവരുടെ നന്മയും സുരക്ഷയുമാണ് സഭയും ക്രിസ്തു തന്നെയും ആഗ്രഹിക്കുന്നത്. ആപത്കരമായ സാധ്യത ഉള്ളപ്പോൾ പൊതുവായ ദിവ്യബലി ഒഴിവാക്കുന്നത് പിശാചിന്റെ പ്രവൃത്തിയയായി കരുതേണ്ടതില്ല. ദുർവ്യാഖ്യാനങ്ങളും ഭീതിയും പടർത്തുവാനും, കഷ്ടതയുടെ സമയത്ത് ഭക്തികളെ അന്ധവിശ്വാസമാക്കിത്തീർക്കാനുള്ള സാധ്യതകളുമാണ് മനുഷ്യന് ചെയ്യാവുന്ന തിന്മപ്രവൃത്തികൾ.

പകർച്ചവ്യാധികളുടെ സമയത്ത് ദേവാലയങ്ങളിൽ പ്രാർത്ഥിക്കുവാനായി വിശ്വാസികൾ ഒന്നിച്ചു ചേർന്ന ഏതാനം ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. എന്നാൽ, ആ അസുഖങ്ങളുടെ കാരണങ്ങളെക്കുറിച്ചോ പകരുന്ന സാധ്യതകളെക്കുറിച്ചോ സൂക്ഷ്മാണുസ്വഭാവത്തെക്കുറിച്ചോ  ധാരണയില്ലാതിരുന്ന ഒരു സമയമായിരുന്നെന്നും മനസിലാക്കേണ്ടതുണ്ട്. അണുവ്യാപനസാധ്യതകളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അത് ഒഴിവാക്കുവാൻ തന്നെയാണ് ദൈവവും ആഗ്രഹിക്കുക.

അമിതോത്സാഹത്തിലെ അപകടം
ദൈവപ്രവൃത്തികളുടെ സ്വഭാവത്തെ മനസിലാക്കുന്നവർ വിവേകത്തോടെ പ്രവർത്തിക്കുന്നവരാണ്. അത് പക്വമായ ആത്മീയതയുടെ അടയാളമാണ്. അതിഭക്തിയും തീവ്രഉത്സാഹവും വിശ്വാസത്തിന്റെ അടയാളങ്ങളല്ല, സ്വന്തം ചില ധാരണകളെ ധാർഷ്ട്യത്തോടെ ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങളായിരിക്കാം അവ. അത് നേതാക്കളാണെങ്കിൽ അവരുടെ സാഹസം വിശ്വാസികളുടെ ജീവനെ അപകടത്തിലേക്ക് നയിക്കുന്നതാണ്‌. അത്തരം ഉദ്യമങ്ങൾ ഭക്തിക്രിയകളെയും വിശ്വാസത്തെത്തന്നെയും ദൈവമാക്കിത്തീർക്കുന്ന സമീപനമാണ്. സ്വീകരിക്കേണ്ട പ്രതിവിധികൾ എടുക്കാതെ 'പ്രാർത്ഥിക്കുന്നതും' 'ഭക്തി' പ്രകടിപ്പിക്കുന്നതും ദൈവത്തെ പരിഹസിക്കുന്നതിനും പരീക്ഷിക്കുന്നതിനും തുല്യമാണ്. രക്തസാക്ഷികളെ അനുകരിച്ച് ജീവൻ പണയം വെച്ചും സാഹസികമായ വിശ്വാസം പ്രകടമാക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് മറ്റുള്ളവരുടെ ജീവനെ അപകടപ്പെടുത്തിക്കൊണ്ടാകരുത് എന്ന് കൂടി ഓർക്കണം. 'വിശ്വാസം' ഉയർത്തിപ്പിടിക്കുന്ന ധൈര്യമാണ് കാണിക്കുന്നതെങ്കിൽ അതിന്റെ പേരിൽ സമൂഹത്തെ മുഴുവനായി വലിച്ചിഴക്കാതിരിക്കാനുള്ള വലിയ ഉത്തരവാദിത്തവും വിശ്വാസിസമൂഹത്തിനുണ്ട്.
കുരിശിന്റെ വഴിയിലെ ഏകാന്തതയും ശൂന്യതയും, കല്ലറയിലെ അർത്ഥമില്ലായ്മയും ഒരു കടന്നു പോകലിന് വഴിനൽകുന്നതാണ്. അത്യുത്സാഹമുള്ള വിശ്വാസം എന്തിനെയൊക്കെയോ വെല്ലുവിളിക്കുന്നുണ്ടാകാം. എന്നാൽ അതൊന്നുമില്ലാതെ വിജനത ശൂന്യത മരുഭൂ തുടങ്ങിയ അവസ്ഥകൾ പൊതുതാല്പര്യാർത്ഥം നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തോട് പൊരുത്തപ്പെടുത്താൻ ഹൃദയത്തെ പഠിപ്പിക്കുക എന്ന് കൂടിയാണ്. കാണപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന നേതൃത്വവും അജപാലനവും പോലും  വിജനതയും വരൾച്ചയും ശൂന്യതയും കടന്നു പോകുന്നത് തന്നെയാണ് ഉചിതം. അത്തരം ആന്തരികതയിലൂടെ കടന്നു പോകുന്നതാണ് കുരിശിന്റെ വഴി.
________________________
See also ദിവ്യകാരുണ്യം vs മാന്ത്രികവസ്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ