Gentle Dew Drop

മാർച്ച് 23, 2020

ഹൃദയത്തിലെ ബലി @ കോവിഡ് -19

വിശ്വാസത്തെയോ പ്രാർത്ഥനയെയോ വിലക്കുന്നതല്ല സമൂഹമായി ഒന്നിച്ചു വരുന്നതിനേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം. പുരോഹിതൻ തനിയെ ബലിയർപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ല. വൈദികൻ ബലിയർപ്പിക്കുന്നത് തനിക്കുവേണ്ടിയല്ല, താനുമുൾച്ചേർന്നിട്ടുള്ള സമൂഹത്തിനു വേണ്ടിയാണ്. ശാരീരികമായ സാന്നിധ്യം ഇല്ലെങ്കിലും സമൂഹം മുഴുവനുംവേണ്ടി ബലിയർപ്പിക്കപ്പെടുന്നുണ്ട്; വൈദികനിലൂടെ സമൂഹമാണ് ബലിയർപ്പിക്കുന്നതും.

ക്രിസ്തുവിന്റെ ശരീരമായ സമൂഹത്തിലാണ് ക്രിസ്തു ജീവിക്കുന്നത്. ഏകശരീരമായ ആ സമൂഹത്തിന്റെ ദൃശ്യമായ അടയാളമാണ് ഒരുമിച്ചുചേരുന്ന സമൂഹത്തിൽ കാണപ്പെടുന്നത്; പ്രാർത്ഥനയിലായാലും, സേവനങ്ങളിലായാലും. പരിശുദ്ധാത്മാവ് നൽകുന്ന ഐക്യമാണ് ദേവാലയത്തിന് പുറത്തും അകത്തും ആ ശരീരനിർമിതി സാധ്യമാക്കുന്നത്. പ്രത്യേക കാരണം മൂലം സമൂഹമായി ഒത്തുചേരൽ അസാധ്യം ആണെങ്കിലും ഈ ഏകതയും പ്രാർത്ഥനയും തുടരുന്നുണ്ട്.

കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, തിരുവോസ്തിയിലെ സത്യമായ സാന്നിധ്യവും ക്രിസ്തുവിന്റെ മൗതികശരീരമായ സഭാസമൂഹത്തിലും പ്രതിഫലിക്കുന്നുണ്ട്. പരിശുദ്ധകുർബാനയിലുള്ള ക്രിസ്തുസാന്നിധ്യത്തിന്, കുർബാനയിൽ മാത്രമാണ് ക്രിസ്തുസാന്നിധ്യമെന്ന അർത്ഥം നൽകുന്നില്ല. സമൂഹത്തിലും ഈ സാന്നിധ്യം ജീവിക്കുന്ന യാഥാർത്ഥ്യമാണെന്നതുകൊണ്ട് സമൂഹവും വേറൊരുതരത്തിൽ, ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ ദിവ്യരക്ഷയുടെ ഒരു കൂദാശയായിത്തന്നെ പ്രവർത്തിക്കുന്നു. വിശ്വാസികളിലും സമൂഹത്തിലും സന്നിഹിതനാണ് ക്രിസ്തു. ഒത്തുചേരലുകൾക്കപ്പുറം ഒരേ ഹൃദയമാകുന്നതിലാണ് ഈ സാന്നിധ്യം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ അനുഭവവേദ്യമാകുന്നത്.

മനുഷ്യാവതാരത്തിലൂടെ ക്രിസ്തു നൽകിയ ദിവ്യസാന്നിധ്യമാണ് അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ കൂദാശയായി നമുക്ക് ലഭിക്കുന്നത്. പരിശുദ്ധ കുർബാനയിൽ 'സത്യമായും സത്താപരമായും' ക്രിസ്തു സന്നിഹിതനാണെന്നതാണ് കത്തോലിക്കാ വിശ്വാസം. ഈ ദൈവശാസ്ത്ര നിർവചനം നല്കപ്പെട്ടിരിക്കുന്നതും ആ സാന്നിധ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുവാനാണ്. തിരുവോസ്തിയിലെ ക്രിസ്തുസാന്നിധ്യത്തിന്റെ സ്വഭാവം ഏതുതരത്തിലിന്നുള്ളതാണെന്നു പഠിപ്പിക്കുന്നതാണ് പ്രസ്തുത നിർവചനം. 'സത്യമായും' (really and truly) എന്നതുകൊണ്ട്, ആ സാന്നിധ്യം വെറുമൊരു പ്രാതിനിധ്യത്തെ അല്ല മറിച്ച് ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഒരു ക്രൂശിത രൂപമോ ചിത്രമോ പ്രാതിനിധ്യം (representation) മാത്രമേ നൽകുന്നുള്ളൂ. അതൊരു പ്രതീകം മാത്രമാണ്. എന്നാൽ, 'സത്താപരം' (substantial) എന്നത്‌, കാഴ്ചയിലും സ്പര്ശനത്തിലും അപ്പമാണെങ്കിലും സത്താപരമായി (സ്വഭാവത്തിൽ) അതിൽ ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് കത്തോലിക്കാവിശ്വാസം. ഇത് 'കൂദാശാപരമായ' സാന്നിധ്യമാണെന്നും ഓർക്കേണ്ടതുണ്ട് (reality given in sign). ദൃശ്യമായ അടയാളങ്ങളിൽ അനുഭവവേദ്യമാകുന്ന ദിവ്യസാന്നിധ്യം. കാൽവരിയിലെ ബലിയും, അന്ത്യത്താഴവിരുന്നും, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയും തിരുവോസ്തിയിൽ പ്രതിഫലിക്കുന്നുണ്ട്.

തിരുവോസ്തിയിലുള്ള ക്രിസ്തു ഏതു രോഗത്തെയും നിർവീര്യമാക്കുമെന്നും, ഇനി അങ്ങനെ രോഗം വന്നു മരിക്കേണ്ടി വന്നാൽ അതിനും തയ്യാറാണെന്ന് പറയുന്ന വിശ്വാസം കൂദാശയെക്കുറിച്ചു വേണ്ടവിധം മനസിലാക്കാതെ സ്വന്തം ഭക്തനിഷ്ഠയെ ദൈവശാസ്ത്രമാക്കുകയാണ്. തിരുവോസ്തിയിൽ ആശീർവാദ സമയത്ത് സന്നിഹിതമാവുന്ന ക്രിസ്തു ഇനിമേൽ അനന്ത കാലത്തോളം ആ ഓസ്തിയിൽ ഉണ്ടാവും എന്നതല്ല വിശ്വാസം. തിരുവോസ്തി ഏതെങ്കിലും സാഹചര്യത്തിൽ കേടുവരികയോ അണുബാധയുണ്ടാവുകയോ ചെയ്‌താൽ ആ നിമിഷം മുതൽ അത് ഭക്ഷ്യയോഗ്യമായ അപ്പം അല്ലാതായി തീരുകയും അതുകൊണ്ടുതന്നെ ക്രിസ്തുസാന്നിധ്യത്തെ സംഭവ്യമാക്കുന്ന കൂദാശ അടയാളം ഇല്ലാതാവുകയും ചെയ്യുന്നതുകൊണ്ട് ആ നിമിഷം മുതൽ അതിൽ ക്രിസ്തുസാന്നിധ്യവും ഇല്ല എന്നതാണ് വിശ്വാസം.

ദൈവപ്രവൃത്തിയിലും ക്രിസ്തുസാന്നിധ്യത്തിലുമുള്ള നമ്മുടെ വിശ്വാസം ക്രിസ്തു കൂദാശഅപ്പത്തിൽ ഒതുങ്ങി നിൽക്കുന്നതുപോലുള്ള വിശ്വാസത്തിലേക്ക് നയിക്കരുത്. അങ്ങനെയുള്ള വിശ്വാസമാണ് ക്രിസ്തുവിനെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കാൻ, അനുഗ്രഹിപ്പിക്കാൻ, സൗഖ്യപ്പെടുത്താൻ ക്രിസ്തുവിനെ വഹിച്ചുകൊണ്ട് നടക്കേണ്ടതുണ്ട് എന്ന തരത്തിലുള്ള വിശ്വാസശൈലികളിലേക്കു നമ്മെ നയിക്കുന്നത്. സാങ്കല്പികധാരണകൾ വിശ്വാസത്തിന് വഴിമാറണം. അനുഗ്രഹങ്ങൾക്കും സൗഖ്യത്തിനുമായി അവിടുത്തെ കൊണ്ടുനടക്കേണ്ടതില്ല. തിരുവോസ്തിയുമായി ശുശ്രൂഷകനു ചെന്നെത്താൻ കഴിയാത്തിടത്ത് ക്രിസ്തു എത്തിച്ചേരില്ല എന്നും കരുതാനാവില്ലല്ലോ. ഉചിതമായ, വേണ്ട വണക്കത്തോടെയാണ്, തിരുവോസ്തിയിലെ ദിവ്യകാരുണ്യം ആരാധിക്കപ്പെടേണ്ടത്. നമ്മുടെ ഇടയിൽ ക്രിസ്തുവുണ്ട്, നമ്മിലായിരിക്കുന്ന അവനിലൂടെ നമ്മുടെ പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നുണ്ട്, ദൈവത്തിന്റെ ജീവിക്കുന്ന കൂദാശയായി.

പരിശുദ്ധകുർബാനയിലെ ക്രിസ്തുസാന്നിധ്യം ആരാധ്യമാണ്, എന്നാൽ ഒരു മന്ത്രികതുല്യമായ പ്രവർത്തനരീതിയല്ല ആ സാന്നിധ്യത്തിലൂടെ സഭാസമൂഹം പ്രതീക്ഷിക്കുന്നത്. ഉദാ: അണുനശീകരണം, യുദ്ധനിവാരണം, രോഗമുക്തി മുതലായവ തിരുവോസ്തി കാണുന്നതിലൂടെ സാധ്യമാകും എന്ന തരത്തിലുള്ള ചിന്ത. പകർച്ചവ്യാധികളുടെ സമയത്ത് ദേവാലയങ്ങളിൽ പ്രാർത്ഥിക്കുവാനായി വിശ്വാസികൾ ഒന്നിച്ചു ചേർന്ന ഏതാനം ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. എന്നാൽ, ആ അസുഖങ്ങളുടെ കാരണങ്ങളെക്കുറിച്ചോ പകരുന്ന സാധ്യതകളെക്കുറിച്ചോ സൂക്ഷ്മാണുസ്വഭാവത്തെക്കുറിച്ചോ ധാരണയില്ലാതിരുന്ന ഒരു സമയമായിരുന്നെന്നും മനസിലാക്കേണ്ടതുണ്ട്. അണുവ്യാപനസാധ്യതകളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അത് ഒഴിവാക്കുവാൻ നിർദ്ദേശിക്കപ്പെടുന്ന പ്രതിവിധികൾ പാലിക്കുകയെന്നതു തന്നെയാണ് ദൈവവും ആഗ്രഹിക്കുക.

സ്വീകരിക്കേണ്ട പ്രതിവിധികൾ എടുക്കാതെ 'പ്രാർത്ഥിക്കുന്നതും' 'ഭക്തി' പ്രകടിപ്പിക്കുന്നതും ദൈവത്തെ പരിഹസിക്കുന്നതിനും പരീക്ഷിക്കുന്നതിനും തുല്യമാണ്. അതിഭക്തിയും തീവ്രഉത്സാഹവും വിശ്വാസത്തിന്റെ അടയാളങ്ങളല്ല, സ്വന്തം ചില ധാരണകളെ ധാർഷ്ട്യത്തോടെ ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങളായിരിക്കാം അവ. അത് നേതാക്കളാണെങ്കിൽ അവരുടെ സാഹസം വിശ്വാസികളുടെ ജീവനെ അപകടത്തിലേക്ക് നയിക്കുന്നതാണ്‌. അത്തരം ഉദ്യമങ്ങൾ ഭക്തിക്രിയകളെയും വിശ്വാസത്തെത്തന്നെയും ദൈവമാക്കിത്തീർക്കുന്ന സമീപനമാണ്. അജപാലനശുശ്രൂഷകൾ വിശ്വാസത്തിനു നൽകേണ്ട വിശദീകരണങ്ങളെയും വിശ്വാസപ്രബോധനങ്ങളെയും ബോധപൂർവം നിരാകരിക്കുന്നവരാണവർ. അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ വിശ്വാസത്തിനു ധീരസാക്ഷ്യമായി അതിനെ ഒരിക്കലും കരുതാനാവില്ല. രക്തസാക്ഷികളെ അനുകരിച്ച് ജീവൻ പണയം വെച്ചും സാഹസികമായ വിശ്വാസം പ്രകടമാക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് മറ്റുള്ളവരുടെ ജീവനെ അപകടപ്പെടുത്തിക്കൊണ്ടാകരുത് എന്ന് കൂടി ഓർക്കണം. 'വിശ്വാസം' ഉയർത്തിപ്പിടിക്കുന്ന ധൈര്യമാണ് കാണിക്കുന്നതെങ്കിൽ അതിന്റെ പേരിൽ സമൂഹത്തെ മുഴുവനായി വലിച്ചിഴക്കാതിരിക്കാനുള്ള വലിയ ഉത്തരവാദിത്തവും വിശ്വാസിസമൂഹത്തിനുണ്ട്.

സമൂഹം ഒരേ ഹൃദയത്തോടെ പ്രാർത്ഥിക്കട്ടെ, വിശ്വാസത്തോടെ, ദൈവാശ്രയത്തോടെ, സമൂഹപ്രതിബദ്ധതയിൽ. സൗഖ്യവും ദൈവപ്രവൃത്തികളും മാന്ത്രികശൈലിയിലല്ല പ്രാർത്ഥനകളിലൂടെ കൈവരുന്നത്, മറിച്ച് തികച്ചും സ്വാഭാവികമായ മാർഗങ്ങളിലൂടെത്തന്നെ അത്തരം പ്രവൃത്തികൾക്ക് വഴിതുറക്കുകയാണ് ചെയ്യപ്പെടുന്നത്. ഒരുപക്ഷെ അഗ്രാഹ്യമായ പ്രക്രിയകൾ അവയിൽ ഉൾച്ചേർന്നിരിക്കാം. വിശ്വാസവും ഭക്തിയും അവയുടെ ശീലങ്ങളും ദൈവതുല്യമല്ല. അങ്ങനെ ആവുകയുമരുത്. പ്രാർത്ഥനകളുടെ മന്ത്രശ്ലോകസ്വഭാവവും ആവർത്തിക്കപ്പെടേണ്ട എണ്ണവും വഴിമാറിയേ മതിയാകൂ. ഇനിയെങ്കിലും പ്രാർത്ഥനയുടെ ഹൃദയഭാഷ സ്വന്തമാക്കേണ്ടത് അനിവാര്യമാണ്. [added on April 09, 2020 from General Audience Pope Francis April 08, 2020: പ്രത്യേകിച്ച് വിശുദ്ധ ആഴ്ചയിലേക്കു മാർപാപ്പ നിർദ്ദേശിക്കുന്നത് ഇങ്ങനെയാണ്. ഈ വിശുദ്ധ ദിവസങ്ങളിൽ രണ്ടു കാര്യങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കാം; ക്രൂശിതനെ നോക്കി നിശബ്ദമായി ധ്യാനിക്കാം, വിശ്വാസത്തോടെ സുവിശേഷം വായിക്കാം. ദേവാലയങ്ങളിലേക്കു പോകാനാവാതെ ഈ സമയം, തീർത്തും ഗൃഹാന്തരീക്ഷത്തിൽ, വലിയ ദൈവാനുഗ്രഹങ്ങളുടെ ആരാധനാരീതിയായിത്തീരും."

ദേവാലയവും ശുശ്രൂഷാപൗരോഹിത്യവുമെല്ലാം നമുക്കാവശ്യമാണ്, എന്നാൽ അവയാൽ നിയന്ത്രിതമായിത്തീരുന്നതാകരുത് ക്രിസ്തീയവിശ്വാസം. ശീലിച്ചുപോന്ന വിശ്വാസചര്യകളുടെ ദൗർലഭ്യം നമ്മെ അസ്വസ്ഥരാക്കുന്നത് സ്വാഭാവികമാണ്. ദൈവത്തിനു അഭിലഷണീയമായത് എന്താണെന്ന് മനസിലാക്കാനും നമ്മൾ ശീലിക്കേണ്ടതുണ്ട്. മുറിക്കപ്പെട്ട അപ്പത്തിലെ ജീവത്യാഗം, ഇന്ന് ജീവൻ പ്രാപിക്കുന്നത് അനേകരുടെ ദയനീയമായ മുഖങ്ങളെ ഹൃദയത്തിൽ ഉൾക്കൊണ്ട് നമുക്ക് അർപ്പിക്കാൻ കഴിയുന്ന പ്രാർത്ഥനകളിലാണ്; അത് വാക്കുകളിലല്ല, ഉൾക്കാഴ്ചയിലും അവരോടുള്ള ഏകതയിലുമാണ്. ഒറ്റപ്പെടുന്ന, ഉപേക്ഷിക്കപ്പെടുന്ന, തള്ളിക്കളയപ്പെടുന്ന, ശുശ്രൂഷകരുടെ നിസ്സഹായാവസ്ഥയെ മനസിലാക്കി നിശ്ശബ്ദതയോടെ മരണത്തിലേക്ക് പോകുന്ന രോഗികളും, മനസ് മരവിച്ചു പോകുന്ന ശുശ്രൂഷകരും, പദ്ധതിയൊരുക്കുന്ന ഭരണാധികാരികളും ജോലി നഷ്ടപ്പെടുന്നവരും, വരുമാനമില്ലാത്തവരും തെരുവിൽ അലഞ്ഞിരുന്നവരും, വാർത്താവിതരണക്കാരും ക്രിസ്തുശരീരത്തിന്റെ കൂദാശാമാനം പ്രതിഫലിപ്പിക്കുന്നവരാണ്. അവരെയും ഹൃദയത്തിലേറ്റി നമ്മുടെ തന്നെയും ഹൃദയവികാരങ്ങളെയും ചേർത്ത് ദൈവത്തിങ്കലേക്ക് ഉയർത്തുകയാണ് "അവന്റെ ഓർമ്മക്കായി" അർപ്പിക്കപ്പെടുന്ന ബലി. അത് ഭക്തിചര്യകൾക്കപ്പുറത്തുള്ള ഒരു ആന്തരികസമീപനമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ