Gentle Dew Drop

മാർച്ച് 16, 2020

നല്ല അയൽക്കാരൻ @ കോവിഡ്-19

സാമൂഹികമായ അകലം പാലിക്കുക എന്നത് മാത്രമാണ് ഇന്ന് കോവിഡ്-19 പ്രതിരോധത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഏകമാർഗം. അകലം പാലിക്കുക എന്നതാണ് കരുതലിന്റെ ഇന്നത്തെ അടയാളം; ഒരു നല്ല അയൽക്കാരന്റെ മനോഭാവം. പൊതുനന്മക്കു വേണ്ടിയുള്ള ഭരണസംവിധാനങ്ങളോട് സഹകരിക്കുക എന്നത് ദൈവനിയമങ്ങളോടു തന്നെയുള്ള വിധേയത്വത്തിന്റെ ഭാഗമാണ്. 

ഒരുമിച്ചു ചേർന്ന് ആരാധിച്ചില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്നു കരുതേണ്ടതില്ല.  ഈ അവസരത്തിൽ എല്ലാവരും ദേവാലയത്തിൽ വന്ന് പ്രാർത്ഥിച്ചത് കൊണ്ട് വിശ്വാസവും സ്നേഹവും നിങ്ങൾ പ്രകടമാക്കി എന്നതിൽ സന്തോഷിക്കുന്ന ദൈവം ക്രിസ്തുവിൽ പ്രകാശിച്ച ദൈവമുഖത്തിൽ നിന്ന് വ്യത്യസ്തനാണ്. അത്തരത്തിലുള്ള ഒരു സാഹസം സാക്ഷ്യമോ രക്തസാക്ഷിത്വമോ അല്ല.
വിശ്വാസത്യാഗം മൂലമല്ലല്ലോ ആരാധനാലയങ്ങൾ അടക്കുന്നത്, രോഗം പകരുന്നത് ഒഴിവാക്കാനല്ലെ.

ദേവാലയങ്ങൾ അടക്കുമ്പോൾ സാത്താൻ ചിരിക്കുന്നു എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങൾ ഉണ്ട്. വിശ്വാസം, ഭക്തി എന്നിവയെത്തന്നെ ദൈവതുല്യമാക്കുന്ന ഇത്തരം  മനോഭാവങ്ങൾ അപകടമാണ്. ദേവാലയത്തിലല്ലെങ്കിലും ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്ന സമൂഹത്തെ ഇവർ കാണാത്തതെന്തുകൊണ്ടാണ്? മുമ്പോട്ട് നടക്കുവാനും പ്രത്യാശ വയ്ക്കുവാനുമുള്ള ആത്മീയവരമാണ് പരിശുദ്ധാത്മാവ് നൽകുന്ന ധീരത. അത്യുത്സാഹവും, വിവേകരഹിതമായ സാഹസവും സ്വന്തം ആദർശങ്ങളിൽ മാത്രം വേരൂന്നിയതാണ്. അതിന് മറ്റുള്ളവരുടെ ജീവന്റെ കൂടെ വിലയിടുമ്പോൾ അത് പൈശാചികവുമാകുന്നുണ്ട്. എന്നുവെച്ചാൽ വിശ്വാസത്തിന്റെ പേരിൽ നടത്തപ്പെടുന്ന ദുർവ്യാഖ്യാനങ്ങൾ ദൈവികം അല്ലായിരിക്കാനും സാധ്യതയുണ്ട് എന്നർത്ഥം.  കൂദാശയുടെ യഥാർത്ഥ മാനം തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ എന്ന സംശയവും ഇത്തരം പ്രചരണങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ആരാധനയും ഭക്തിയും ഒരു ഹൃദയഭാഷയാണ്. എത്രയും വേഗം ആരോഗ്യത്തിലേക്ക് വരുവാൻ, എല്ലാവരുടെയും നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം. ഭക്തിയുടെ  പുതിയ പരിഭാഷ പരിശീലിക്കാൻ ശ്രമിക്കാം. ഹൃദയദേവാലയത്തിൽ വസിക്കുന്ന ക്രിസ്തുവിനെ ഏറ്റവും അടുത്ത് അനുഭവിക്കാൻ കണ്ണ് തുറക്കാം. ജീവിക്കുന്ന പരിസ്ഥിതികളിൽ, വീടുകളിൽ നമ്മോടൊത്തു നടന്ന ദൈവത്തെ കാണാനും കേൾക്കാനും കഴിഞ്ഞിരുന്നില്ലെങ്കിൽ, അവിടുത്തെ തിരിച്ചറിയുവാനും, നടക്കുന്ന വഴികളിലൂടെ കൂടെ നടക്കുവാൻ ഒരു അവസരം കൂടിയാണിത്.
_____________________
ആ ദൈവം എവിടെയാണെന്ന് ചോദ്യമുയർന്നേക്കാം. വ്യക്തമായ ഉത്തരമില്ല. എങ്കിലും, രോഗികളുടെ ഇടയിൽ, ആതുരശുശ്രൂഷകരുടെയും മരുന്നുഗവേഷകരുടെയും ഭരണാധികാരികളുടെയും കൂടെ, അവരും കടന്നു പോകുന്ന വികാരങ്ങൾ സ്വന്തമാക്കിത്തന്നെ ക്രിസ്തുവും ഉണ്ട് എന്നതാണ് എന്റെ ധാരണ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ