ക്രിസ്തുവിനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചതും, അവൻ ജീവിക്കുന്നതിന്റെ കാരണമായിരിക്കുന്നതും ട്രംപ് ആണോ എന്ന ഒരു സംശയം ജനിപ്പിക്കും വിധമാണ് ട്രംപിൽ അർപ്പിക്കപ്പെടുന്ന ആശ്രയബോധവും അതിൽനിന്നു ലഭിക്കുന്ന സുരക്ഷാബോധവും. ട്രംപ് അറിയാതെതന്നെ ഒരു മാർപാപ്പ ആയിക്കഴിഞ്ഞോ അതോ പുതിയലോകരക്ഷകനായോ എന്നതും ചിന്തിക്കാവുന്നതേയുള്ളു. സൃഷ്ടിയെക്കുറിച്ചുള്ള കരുതലും, പരസ്പര സാഹോദര്യവും ലോകസമാധാനവും ലക്ഷ്യമാക്കിയുള്ള പ്രയത്നങ്ങളും മാർപാപ്പ മുന്നോട്ടുവയ്ക്കുമ്പോൾ അവയിൽനിന്നും തീർത്തും വ്യത്യസ്തമായ ലോകക്രമമാണ് ട്രംപ് തന്റെ നിലപാടുകളിൽ അവതരിപ്പിക്കുന്നത്. കൈയിൽ ബൈബിൾ പിടിച്ചതുകൊണ്ടും. 'ക്രിസ്തു ഏകരക്ഷകൻ' എന്നത് മുദ്രാവാക്യമാക്കിയതുകൊണ്ടും ഒരാൾ ക്രിസ്തു സാക്ഷിയാകുന്നില്ലല്ലോ.
ഞാൻ ഒരു ട്രംപ്സ്ത്യൻ അല്ല -- രാഷ്ട്രീയ അജണ്ടകളിലേക്കു ചുരുക്കിക്കളയുന്ന ക്രിസ്തീയത ഫലത്തിൽ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാത്തതുകൊണ്ട്, 'ജീവൻ' എന്ന നല്ല മുഖം വച്ചുകൊണ്ടും Life Events നടത്തിയും ആരാധ്യനാകുമ്പോൾ ജീവന്റെ ദയനീയ മുഖങ്ങളെ ക്രൂരമായി ആക്ഷേപിക്കുകയും കൂട്ടിലടക്കുകയും ചെയ്യുന്നത് കപടതയായതു കൊണ്ട്, മാനുഷികമൂല്യങ്ങൾക്കു മീതെ ബിസിനസ് സാദ്ധ്യതകൾ തേടുന്നതുകൊണ്ട് ....
ദേവാലയഗോപുരത്തിൽനിന്നു താഴേക്കുചാടിയാൽ കൈകളിൽ താങ്ങുകയും, കുരിശിൽനിന്നിറക്കാൻ വരികയും, സംഘാടകശക്തിയും, ആയുധബലവും രാജകീയാധികാരവും സ്വന്തം പദ്ധതികൾ നടത്താൻ അത്യാവശ്യമാണെന്ന് കരുതുകയും ചെയ്യുന്ന ദൈവമല്ല എന്റെ ക്രിസ്തുവിന്റെ ദൈവം. യു എസ് രാഷ്ട്രീയം അവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്, എന്നാൽ ട്രംപ്-കേന്ദ്രീകൃതമായി അവതരിപ്പിക്കപ്പെടുന്ന ക്രിസ്തീയത വിലയിരുത്തപ്പെടേണ്ടതാണ്. ഇന്നലെ തുടങ്ങിയതല്ല അത്, എഴുപതുകൾ മുതൽ ക്രിസ്തീയത പുനർവ്യാഖ്യാനത്തിനു വിധേയമായിരുന്നു. 'ക്രിസ്തുവും' 'ക്രിസ്തീയതയും' 'ക്രൈസ്തവമൂല്യങ്ങളും' 'ജീവനും' ആവശ്യം പോലെ അവതരിപ്പിക്കപ്പെട്ട ഏറ്റവും നല്ല രാഷ്ട്രീയ ആയുധങ്ങളായി. 'ജീവൻ', 'ക്രിസ്തു' തുടങ്ങിയവ, വിലപേശപ്പെടാവുന്ന രാഷ്ട്രീയ ആദര്ശങ്ങളാകുമ്പോൾ അവയെ വിശ്വാസത്തിൽനിന്നും സാന്മാര്ഗികതയിൽ നിന്നും വേർതിരിച്ചു കാണേണ്ടതുണ്ടല്ലോ. ബിസിനസിലെയും രാഷ്ട്രീയത്തിലെയും ലാഭങ്ങൾ ലക്ഷ്യമാക്കുന്ന സമാന്തരക്രിസ്തീയതയെ ആവേശത്തോടെ പുൽകുമ്പോൾ അവഗണിക്കപ്പെടുന്ന ക്രിസ്തുചൈതന്യത്തെ തിരിച്ചറിയേണ്ടതും ആവശ്യമാണ്.
യു എസ് രാഷ്ട്രീയം, സാംസ്‌കാരിക സങ്കലനങ്ങൾ തുടങ്ങിയവ ഉണ്ടാക്കിയ സംഘർഷങ്ങളിൽ ഒരു ബ്രാൻഡ് ഐക്കൺ പോലെ ഉപയോഗിക്കപ്പെട്ട 'ആദർശ വാക്യമാണ്' 'ക്രിസ്തു ഏകരക്ഷകൻ' പ്രയോഗം. (D. L. Moody യുടെ 'പാപിയുടെ പ്രാർത്ഥന' (Sinners' Prayer), Billy Grahamന്റെ 'ദൈവവുമായുള്ള രമ്യത' (Peace with God), Charles Fuller ന്റെ 'എന്റെ വ്യക്തിപരമായ കർത്താവും ദൈവവും' (Personal Lord and Saviour) തുടങ്ങിയവയും വിശ്വാസത്തിന്റെ അടിസ്ഥാന ശൈലികളായി കഴിഞ്ഞിട്ടുണ്ട്. വിശ്വാസതലത്തിലുള്ള അവയുടെ അർത്ഥതലങ്ങളേക്കാൾ അവരെ സംബന്ധിച്ചിടത്തോളം അത് തനിമ നൽകുന്ന ഐക്കണും, സ്വാധീനശക്തിയുള്ള ആദര്ശസൂക്തങ്ങളുമാണ്). ക്രിസ്തു ലോകരക്ഷകനാണെന്നതിൽ സംശയമൊന്നുമില്ല. രക്ഷയുടെ സമഗ്രമായ തലങ്ങളെ സ്വീകരിക്കാനോ ജീവിക്കാനോ മനസാക്കാതെ അത് രാജകീയ അധികാരത്തിന്റെ പ്രതീകം പോലെ ഉപയോഗിക്കപ്പെടുന്നതിൽ പോരായ്മകളുണ്ട്. ക്രിസ്തു പകർന്നു നൽകിയ രക്ഷയും, കാണിച്ചു തന്ന ദൈവരാജ്യമൂല്യങ്ങളും ദൈവമക്കളുടെ സ്വാതന്ത്യവും വിലകല്പിക്കുന്നതായിരുന്നില്ല ട്രംപിന്റെ നിലപാടുകൾ. പോപ്പ് ഫ്രാൻസിസ് കാണിച്ചു തരുന്നത് തീർത്തും വ്യത്യസ്തമായ ഒരു ക്രിസ്തീയ ജീവിതക്രമമാണ്. അത് ഭോഷത്തമാണെന്നു കരുതുന്നവരുണ്ട്. ട്രംപ് ആദർശധീരനും ക്രിസ്തീയജീവിതത്തിന്റെ ഉദാത്തമാതൃകയും.
_____________________
ചക്രവർത്തിയായി ഭരിക്കുന്ന ക്രിസ്തുരൂപം മരിക്കുന്നെങ്കിലേ ജീവിക്കുന്ന ക്രിസ്തു വളർന്നു തുടങ്ങൂ. ക്രിസ്തുവിലെ രാജസങ്കല്പങ്ങളിൽ പൂവണിയുന്നത് സ്വന്തം രാജത്വമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ