Gentle Dew Drop

ഒക്‌ടോബർ 31, 2020

എനിക്ക് ജീവിതം ക്രിസ്തു

ജീവിതം വഴിയോ മരണം വഴിയോ ദൈവം നമ്മുടെ ശരീരങ്ങളിൽ മഹത്വപ്പെടുന്നു. 'പിടിച്ചുകെട്ടാനാവാത്ത അധമവാസനകളെ' കല്ലെറിയുന്നതുകൊണ്ടോ, അവയെ തളർത്താനായി 'പാപം നിറഞ്ഞ' ശരീരത്തെ പീഢിപ്പിച്ചതുകൊണ്ടോ ദൈവം മഹത്വപ്പെടുന്നില്ല. നമ്മിൽ നിന്ന് പുറപ്പെടാവുന്ന ജീവന്റെയും നന്മകളുടെയും അരുവികളെ ഒഴുകാൻ അനുവദിക്കുക എന്നതാണ് വേണ്ടത്. നമ്മിലെ അഴുക്കുകളെപ്പോലും അത് കഴുകിക്കളഞ്ഞുകൊള്ളും. തിന്മയെ നന്മകൊണ്ട് കീഴ്‌പ്പെടുത്തുക എന്ന് പറയുന്നതിന് വ്യക്തിപരമായുള്ള അർത്ഥവും ഇതുതന്നെയാണ്. ജീവിതം നൽകുന്ന ഉത്തരവാദിത്തങ്ങളും, സമൂഹനന്മക്കുവേണ്ടി ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളും അടക്കം ആവശ്യപ്പെടുന്ന അധ്വാനങ്ങളിലെല്ലാം കാണിക്കുന്ന ആത്മാർത്ഥതയിൽ ദൈവം മഹത്വപ്പെടുന്നുണ്ട്; തളരുന്ന, വിയർക്കുന്ന, കിതക്കുന്ന, രോഗം ബാധിക്കുന്ന, വേദനിക്കുന്ന അതേ ശരീരത്തിൽതന്നെ. ഫലദായകമായ പ്രവൃയിലൂടെയോ മനോഭാവങ്ങളിലൂടെയോ നമ്മുടെ ശരീരങ്ങളിൽ ദൈവം മഹത്വപ്പെടുന്നു. ബോധപൂർവമായ പ്രവൃത്തി ചെയ്യാൻ കഴിയാത്ത ഒരു വ്യക്തി പോലും ഇത്തരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു എന്നു നമുക്ക് കാണാം. ജീവൻ പകരാനുള്ള ഓരോ ഉദ്യമത്തിലും മരണം ഉൾപ്പെടുന്നു എന്ന് നമുക്ക് കാണാം. ആ ത്യാഗങ്ങളിലെല്ലാം സകലത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഈശ്വരചൈതന്യം തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ നിർവൃതി.

'എനിക്ക് ജീവിതം ക്രിസ്തു' എന്ന് പറയുമ്പോൾ, 'എന്റെ ഹൃദയത്തിന്റെ രാജകുമാരൻ' എന്ന രീതിയിൽ ഒരു കാല്പനിക അഭിനിവേശമോ ആവേശത്തിരത്തള്ളലോ ആയി അതിനെ ചുരുക്കാനാവില്ല. ഈശ്വരബന്ധം ഒരു വികാരാവേശമാക്കിമാറ്റാൻ ക്രിസ്തു ആഗ്രഹിക്കുന്നുമില്ല. 'എനിക്ക് ജീവിതം ക്രിസ്തു' എന്നതിലെ യാഥാർത്ഥ്യം 'ഇനിമേൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്' എന്ന ജീവിതസത്ത ഉള്ളിൽ തെളിയുമ്പോഴാണ്. എന്നുവെച്ചാൽ, മനോഭാവവും സമീപനങ്ങളും പ്രതികരണങ്ങളും ഇനി മേൽ ക്രിസ്തുവിന്റേതായിരിക്കും എന്നർത്ഥം. ഭക്തിയിലും നിലപാടുകളിലും, പ്രതികരണത്തിലും മനോഭാവത്തിലും ക്രിസ്തു കാണപ്പെടുന്നു എന്നതുതന്നെയാണ് അത് ഉയർത്തുന്ന വെല്ലുവിളിയും. അതിന് എത്രമാത്രം സ്വന്തം (അധികാരങ്ങളും, പ്രതികരണ ശൈലികളും, കാഴ്ചപ്പാടുകളും മുൻവിധികളും, പദ്ധതികളും) പരിത്യജിക്കേണ്ടി വരുമെന്നത് ഊഹിക്കാവുന്നതേയുള്ളു. അവയൊക്കെയും ത്യാഗമാണ്, മരണമാണ്, ബലിയാണ്. അവയോരോന്നും ജീവന്റെയും നന്മയുടെയും അരുവികൾ തുറക്കുന്ന വഴിയുമാണ്. അപ്പോഴേ എനിക്ക് ജീവിതം ക്രിസ്തു എന്നത് അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ജീവിക്കാനാകൂ. എങ്കിലേ ക്രിസ്തുചൈതന്യം ജീവിതങ്ങളായി ജനതകൾ സ്വീകരിക്കൂ.അല്ലായെങ്കിൽ 'ക്രിസ്തു' എന്നത് ക്രിസ്തുചൈതന്യത്തിനെതിരായ വലിയ വിലങ്ങുതടി തന്നെയായി നില്കും. കാരണം, അപ്പോളെല്ലാം ക്രിസ്തുവല്ല, ഞാൻ തന്നെയാണ് ജീവിക്കുന്നത്. ജീവന്റെ അരുവികൾ ഒഴുകിത്തുടങ്ങുമ്പോൾത്തന്നെ, അത് ക്രിസ്ത്വാനുഭവവും, ക്രിസ്തുരൂപീകരണവും, ക്രിസ്തു സാക്ഷ്യവുമാകും. അതാണ് എന്നിലെ പുതുമനുഷ്യൻ.

ക്രിസ്തുവെന്നാൽ ജീവിക്കുന്ന വചനമാണെന്നും, സകലത്തിന്റെയും ആരംഭവും പൂർണ്ണതയുമായ ജ്ഞാനമാണെന്നും നാമത്തിലേക്കു ചേർന്ന് നിൽക്കുമ്പോൾ ജീവാത്മാവിന്റെ അഭിഷേകമാണെന്നും ധ്യാനിക്കുകയെന്നതാണ് ആദ്യം വേണ്ടത്.

ഫിലി 1: 20, 21 ഗലാ 2: 20

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ