Gentle Dew Drop

ഒക്‌ടോബർ 26, 2020

മണ്ണിലലിയേണ്ട ദൈവവും മനുഷ്യനും

തിന്മയെന്നു പഴിചാരി അകറ്റിക്കളഞ്ഞ പ്രകൃതിനന്മകളിൽ മനുഷ്യൻ ഉപേക്ഷിച്ചുകളഞ്ഞ ജീവാത്മാവുണ്ട്. സ്വന്തമാക്കണമെന്ന ആന്തരികത്വരയെ, സ്വന്തമാക്കാതെതന്നെ പങ്കുവയ്ക്കാമെന്ന ജ്ഞാനബോധം കൊണ്ട് തിരുത്തുവാൻ സൃഷ്ടിയിൽ നിന്നും ഓടിയകലണമെന്ന വികലമായ 'ആത്മീയ' ചിന്ത സഹായിക്കുമായിരുന്നില്ല. മണ്ണിലേക്ക് മടങ്ങി സ്വയം കണ്ടെത്തേണ്ടത് മനുഷ്യൻ മാത്രമല്ല, മതങ്ങളുടെ ദൈവങ്ങൾ കൂടി മണ്ണിന്റെ ഉദരത്തിലൂടെ മനുഷ്യഹൃദയത്തിൽ വീണ്ടും ജനിക്കണം. 

രാഷ്ട്രീയമായും, അധികാരമായും, വിലപേശലായും, പരിഹാസമായും, ചിലപ്പോൾ തമാശയായും മാറുന്ന മതങ്ങൾ ജീവൻ പകരാൻ ത്രാണിയുള്ള ആന്തരികബോധമായി വീണ്ടും മുളപൊട്ടി വളരണമെങ്കിൽ നന്മകളുടെ മണ്ണിൽ അവ വീണഴുകിയേ മതിയാകൂ. ആത്മീയതയുടെ ആന്തരികസൗന്ദര്യം കൃതജ്ഞതയിലാണ്. അത് പിറക്കുന്നത് സുലഭമായി നൽകപ്പെടുന്ന ജീവന്റെ അനുഭവത്തിലും. ജലവും കായും കനിയും തേനും പാലും എല്ലാം നല്കപ്പെട്ടവയാണ്. ആ സമൃദ്ധിയെ കൈപ്പിടിയിലാക്കി വിതരണം നിയന്ത്രിച്ചു തുടങ്ങിയപ്പോളാണ് വാഴുന്നവരുണ്ടായത്; കൂടെ, വാഴുന്ന ദൈവങ്ങളും. ആ ദൈവങ്ങൾ സൗജന്യമായി ജീവൻ പകരില്ല, അവയോട് കൃതജ്ഞത തോന്നേണ്ടതുമില്ല. അവയെ വാഴിക്കുന്നവർ വാഴാൻ കൊതിയുള്ളവരാണ്.
ജീവനിലേക്കു പ്രവേശിക്കേണ്ടതിന് വാഴുന്ന നമ്മളും ദൈവങ്ങളും മണ്ണിലലിയണം. 

തോട്ടങ്ങളുടെ കവാടങ്ങൾ കാക്കുന്ന ഘോരസർപ്പങ്ങൾ, പ്രകൃതിയുടെ രഹസ്യങ്ങളിലേക്കു പ്രവേശിച്ചാൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഭയക്കുന്ന മനുഷ്യന്റെ വൈകാരിക പ്രതിഫലനമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ