വ്യക്തിയെയും സമൂഹത്തെയും കൂടുതൽ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതാവണം അനുസരണത്തിന്റെ ലക്ഷ്യം. സ്നേഹത്തോടും ആദരവോടും ആത്മാർത്ഥതയോടും കൂടെ സത്യം സംസാരിക്കാനും പാലിക്കാനുമുള്ള അന്തരീക്ഷത്തിലേ അനുസരണം സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രവൃത്തിയാകൂ. ആരെയും കേൾക്കാൻ മനസാവാത്ത സ്വഭാവം തീർച്ചയായും സ്വഭാവ വൈകല്യമാണ്, മനസിന്റെ വൈകല്യത്തെ അത് കാണിക്കുന്നു. എന്നാൽ, അനുസരണത്തെ ദാസ്യതയാക്കി കാണുന്നതും വികലതയാണ്, അത് അധികാരത്തെ വിഗ്രഹവത്കരിക്കുകയാണ്. വിചാരശൂന്യമായ ഒരു അടിമത്തമനോഭാവം പുണ്യമല്ല, ദുർഗുണമാണ്.
അനുസരണമെന്ന പുണ്യം ധാർമ്മികമായ ഒരു അധികാരം മുന്നേ കാണുന്നുണ്ട്. ആ അധികാരത്തിന്റെ ശരിയായ നിർവഹണം, അനുസരണത്തിനും ആദരവിനും അർഹമാകുന്നു. പകരം, അധികാരം സ്വയം ദുഷിക്കുകയും, കപടത കാക്കുകയും, സുതാര്യത ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, സത്യത്തോടുള്ള വിശ്വസ്തത ആ അധികാരത്തെ ചെറുക്കാനും ചോദ്യം ചെയ്യാനും സമൂഹത്തെ പ്രേരിപ്പിച്ചേക്കാം.അറിവോ സദാചാരബോധമോ ഇല്ലാത്ത ഒരു സമൂഹത്തിന്മേൽ അനുസരണം ഒരു ബാധ്യതയായിത്തന്നെ നിയമം വഴി ബന്ധിച്ചേക്കാം. അപക്വരായവർ പുണ്യത്തിലേക്കു വളരാനും, എല്ലാവരും പൊതുനന്മക്കായി വിധേയപ്പെടുകയെന്നതുമാണ് അവിടെ ഉദ്ദേശ്യം.
പരസ്പരം താങ്ങിനടത്തുകയും പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിശ്വാസികളുടെ സമൂഹമാണ് സഭ. ശ്രേഷ്ഠരും ശിഷ്ടരും നേതാക്കളും അല്ലാത്തവരും പരസ്പരം കേൾക്കുകയും പഠിക്കുകയും ചെയ്യുമ്പോഴേ സഭ അമ്മയും ഗുരുവുമായുള്ള അധികാരം നിർവഹിക്കപ്പെടുന്നുള്ളു. സഭയെ പൂർണ്ണമായി ഗ്രഹിച്ചുകൊണ്ടാണ് പ്രബോധകർ പഠിപ്പിക്കേണ്ടതും നേതാക്കൾ നയിക്കേണ്ടതും. അങ്ങനെയൊരു അന്തരീക്ഷത്തിൽ മാത്രമേ അധികാരികളുടെ നിർദ്ദേശങ്ങൾ ദൈവഹിതത്തിനു ചേർന്നതാണോ എന്ന് വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യം സമൂഹത്തിനുണ്ടാകൂ. ആ വിവേചനം ആവശ്യമില്ല എന്ന് കരുതുന്ന അധികാരം ദുഷിച്ച അധികാരമാണ്.
അനുസരണമെന്ന പുണ്യത്തെ ശരിക്കും ഗ്രഹിക്കാൻ, നിയമങ്ങളും നിർദ്ദേശങ്ങളും സമൂഹത്തിന്റെ ആത്മീയവും ശാരീരികവുമായ സുസ്ഥിതി ഉറപ്പാക്കുന്നോ എന്ന് ആലോചിച്ചു തിരിച്ചറിയാൻ കഴിയണം.
നിയമത്തിന്റെ കണിശമായ പാലനത്തെ അനുസരണമായി കാണുന്നവരുണ്ട്. അപ്പോൾ, നിയമം തന്നെ ഒരു ലക്ഷ്യമായി മാറിയേക്കാം. ദൈവവുമായുള്ള ഒരു സ്നേഹബന്ധത്തിലെത്തിച്ചേരുന്നതാവണം അനുസരണത്തിന്റെ ലക്ഷ്യം. അപ്പോൾ, നിയമത്തിന്റെ അക്ഷരങ്ങൾക്ക് അതീതമായ ഒരു സ്വാതന്ത്ര്യം അനുസരണത്തിനുണ്ടാവും. ദൈവത്തിന്റെ ജ്ഞാനത്തിലും സ്നേഹത്തിലും കൂടി പങ്കുചേരുകയാണ് അത്തരം അനുസരണത്തിലൂടെ. അതുകൊണ്ട് അനുസരണമെന്ന പുണ്യത്തോടുകൂടെ വിവേകം, വിജ്ഞാനം, നീതി, സ്നേഹം എന്നീ പുണ്യങ്ങൾ കൂടി ഒരുമിച്ചു പ്രവർത്തിക്കുന്നെങ്കിലേ അത് ഉദ്ദേശിക്കുന്ന സ്നേഹവും കൂട്ടായ്മയും ദൈവിക സ്വാതന്ത്ര്യവും യാഥാർത്ഥ്യമാക്കൂ. വിവേചിക്കാതെ അനുസരിക്കുന്നത് പുണ്യമല്ല.
അനുസരണത്തെ ദൈവനീതിയോടു കൂടി ബന്ധപ്പെടുത്തി ഗ്രഹിക്കാനാകണം. ദൈവനീതി ഒരു നിയമവ്യവസ്ഥയിൽ അടിസ്ഥാനപ്പെട്ടതല്ല, മറിച്ച് ജീവന്റെ സമൃദ്ധിയെ ഉറപ്പാക്കുന്നതാണ്. കുറവുള്ളവരും നീതിമാന്മാരും തെറ്റുകാരും ശരിയുള്ളവരും ജീവനിൽ വളരണം. ദൈവികമായ അനുസരണവും വിധേയത്വവും അധികാരവും ലക്‌ഷ്യം വയ്ക്കുന്നതും അതുതന്നെയാവണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ