ദൈവത്തിന്റെ സ്വഭാവത്തെ നിർവചിക്കുന്നത് അത്ഭുതപ്രവർത്തകൻ എന്നല്ല. ഏറ്റവും പരിചിതമായ ഒരു സമാനത വെച്ച് പറയാവുന്നത് ജീവൻ എന്നാണ് (തത്വശാസ്ത്രപരമായി ഉണ്മ എന്നും). ജീവന്റെ സ്വഭാവത്തെ വെച്ചാണ് ദൈവത്തെയും ദൈവപ്രവൃത്തികളെയും ഗ്രഹിക്കാൻ ശ്രമിക്കേണ്ടത്. അത് മാതാവിനെയും മറ്റു വിശുദ്ധരെയും കുറിച്ചാണെങ്കിലും അങ്ങനെ തന്നെ. അത്ഭുതപ്രവർത്തകരുടെ ഒരു സംഘടനാ അല്ല വിശുദ്ധർ. ദൈവത്തെ പ്രസംഗിക്കുന്നവരും ആൾദൈവങ്ങളാകുന്നത് മാർഗഭ്രംശമാണ്.
ദൈവം ജീവൻ ആണെന്നതുപോലെ കൂട്ടായ്മകൂടിയാണ്. ജീവന്റെ പ്രക്രിയകളിൽ കൂട്ടായ്മ സ്വാഭാവികമായുണ്ട് താനും. അതേ ജീവനിൽ പങ്കു ചേരുന്ന വിശുദ്ധരും ജീവന്റെ കൂട്ടായ്മയിലാണ് പുണ്യവാന്മാരുടെ ഐക്യം സാധ്യമാക്കുന്നത്. ആ കൂട്ടായ്മ നമ്മെയും ഉൾക്കൊള്ളുന്നത് കൊണ്ടാണ് അവരുടെ മധ്യസ്ഥ സഹായം നമുക്ക് ഉറപ്പുള്ളത്. അപ്രതീക്ഷിതവും അസ്വാഭാവികവുമായവ സംഭവിച്ചാൽ അത് ആശ്ചര്യത്തെയും അത്ഭുതത്തെയുംകാൾ നമ്മിൽ നിറക്കേണ്ടത് കൃതജ്ഞതയാണ്. വിശുദ്ധരുടെ കൂട്ടായ്മയിലേക്ക് കൂടുതൽ ഉൾച്ചേരുവാനും അതിലേക്കുള്ള കൃപകൾ സ്വീകരിക്കാനാണ് ഏറ്റവും നന്നായി നമ്മെ തുറക്കുന്നതും കൃതജ്ഞതയാണ്. അത്ഭുതസാക്ഷ്യങ്ങളെ സ്വീകരിക്കേണ്ടതും വിവേചിച്ചറിയേണ്ടതും ഈയൊരു യാഥാർത്ഥ്യം മുൻനിർത്തിയാണ്. ഒരു കാര്യം സാധ്യമായി എന്നതിൽ സാക്ഷ്യമില്ല. അത് എങ്ങനെ ഒരു വ്യക്തിയെയും സമൂഹത്തെയും രൂപപ്പെടുത്തുന്നെന്നും കൂട്ടായ്മയാക്കുന്നു എന്നതിലാണ് സാക്ഷ്യം.
ക്രിസ്തുവിൽ ഒന്നായിരിക്കുന്ന സമൂഹം എന്നാണ് സഭയെ നമ്മൾ മനസ്സിലാക്കുന്നത്. അത്ഭുതങ്ങൾ നിറഞ്ഞ് നിൽക്കുന്ന സമൂഹം എന്നത് കൊണ്ട് ക്രിസ്തുസഭയെ നിർവചിക്കാനാവില്ല. സഭയിൽ അത്ഭുതങ്ങൾ ഉണ്ടായിട്ടുള്ളതും ക്രിസ്തുവിന്റെ സൗഖ്യദാനവും കൂട്ടായ്മയെയും ജീവനെയും ഉൾക്കൊണ്ട് കൊണ്ടാണ്. ഓരോരുത്തർക്കും വേണ്ടത് വിതരണം ചെയ്യുന്ന ഭാഗ്യപരീക്ഷണകേന്ദ്രം ആയിട്ടല്ല സഭയും സഭാകേന്ദ്രങ്ങളും കാണപ്പെടേണ്ടത്.
ഈയടുത്ത്, തിളക്കം കൂട്ടി ഏറ്റം വികലമാക്കപ്പെടുന്നത് മാതാവ് തന്നെയാണ്. അത്ഭുതങ്ങളെ management നിപുണതയിൽ വില്പന ചെയ്യുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിച്ച സ്ഥലങ്ങൾ കൃപയുടെ ഇരിപ്പിടങ്ങളാണെന്നു ഘോഷിക്കുമ്പോഴും രൂപപ്പെടുത്തുന്ന കൃപാരാഹിത്യം വലുതാണ്. 'എത്രയോ ആളുകൾ അനുഗ്രഹം പ്രാപിക്കുന്നു' എന്ന വായ്ത്താരി മാതാവിന്റെ പേരിലുള്ള വികലഭക്തികളെ ന്യായീകരിക്കുന്നതല്ല.
ക്രിസ്തുവിനോടും അവന്റെ സഭയോടും ബന്ധപ്പെടുത്തിയേ ശരിയായുള്ള Mariology മനസിലാക്കാനാകൂ. മേല്പറഞ്ഞ കൂട്ടായ്മയിൽ, ജീവന്റെ പങ്കുചേരലിൽ, ജീവിതസാക്ഷ്യത്തിൽ, സഹനങ്ങളിൽ അനുഭവവേദ്യമാവും വിധം മാതാവ് എങ്ങനെ കൂടെയുണ്ടെന്നതാണ് വ്യക്തിപരമായ ഭക്തിയിലും പൊതുവായുള്ള വണക്കത്തിലും പ്രതിഫലിക്കേണ്ടത്. മാതാവിനെ അത്ഭുതദേവിയാക്കുന്ന ഏതു പ്രവണതയും മാതാവിനെ ക്രിസ്തുവിൽ നിന്നും സഭയിൽ നിന്നും അകറ്റിക്കൊണ്ടു പോകുന്നു.
Mariology അതിന്റെ സത്ത കണ്ടെത്തുന്നത് ശരിയായ Christology യിലും ecclesiology യിലും ആണ്. അതിനെ അവഗണിച്ചുകൊണ്ട്, consumerist, utilitarian, marketing മാതൃകകളിലേക്കു മരിയഭക്തിയെ കൊണ്ട് വരുന്നത് 'മറിയം വഴി യേശുവിലേക്ക്' എന്ന പാത തുറക്കില്ല. കൂടാതെ, ഈ Christology ക്കും ecclesiology ക്കും വികാസം നൽകാൻ കഴിയുന്നതായ anthropology യിലേക്കോ cosmology യിലേക്കോ സ്വയം തുറക്കാൻ നമ്മൾ തയ്യാറുമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ