ക്രിസ്തു/വചനം (ലോഗോസ്) തന്നിലുൾക്കൊള്ളുന്ന സമൂഹം പ്രപഞ്ച സമൂഹം മുഴുവൻ ഉൾക്കൊള്ളുന്നതാണ്. സമുദായത്തിനുള്ളിലേക്ക് ചുരുക്കപ്പെടുന്ന ക്രിസ്തു ജീവനില്ലാതാകുന്നു. അതുകൊണ്ടുതന്നെ ആ ക്രിസ്തുവിനെ സൃഷ്ടിക്കുന്ന സാമുദായിക സങ്കുചിതത്വങ്ങളും ജീവനില്ലാത്തതാണ്.
തിരഞ്ഞെടുക്കപ്പെട്ട ജനം എന്നത് ഇസ്രായേലിന്റെ ദൈവാനുഭവത്തിന്റെ പ്രകടനമാണ്. ആദിമ സഭയും തങ്ങളെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്നു വിളിച്ചത് അവരുടെ അനുഭവമായിരുന്നു. അപ്പോഴേക്കും തിരഞ്ഞെടുപ്പിന്റെയും അതിൽ ഓരോരുത്തർക്കുമുള്ള തനിമയെയും ഒരു വംശത്തിനപ്പുറം പരിശുദ്ധാത്മാവിന്റെ ഐക്യത്തിലെ അനുഭവമായി തിരിച്ചറിഞ്ഞു. ദൈവം ആരെയും തൊട്ടു തിരഞ്ഞെടുത്തു മാറ്റി നിർത്തിയെടുക്കുന്നതല്ല തിരഞ്ഞെടുപ്പ്.തിരഞ്ഞെടുക്കപ്പെട്ടവരായുള്ള ആത്മസാക്ഷാത്കാരം നമുക്കുണ്ടാകുന്നത് ദൈവഹിതം അന്വേഷിക്കുകയും ആത്മാർത്ഥമായി അതിനായി പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ്. മതിലുകൾക്കുള്ളിൽ സ്വയം അടക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന് ദൈവരാജ്യത്തിന്റെ ആസ്വാദനമോ പങ്കുവയ്‌പ്പോ സാധ്യമല്ല. മാത്രമല്ല, അധികാരവും ധനവും കേന്ദ്രീകരിക്കുന്ന ഒരു സംവിധാനമായി ഇത്തരം സങ്കുചിതത്വങ്ങൾ മാറുമ്പോൾ, സംരക്ഷിക്കുന്നെന്നു കരുതുന്നവയെത്തന്നെ അത് ഇല്ലാതാക്കും. ഇന്നിന്റെ വക്രതകളിൽ അഭിരമിക്കുന്നവർ ആ ദുരന്തത്തെക്കുറിച്ച് അസ്വസ്ഥപ്പെടില്ല.
നമ്മൾ തീർക്കുന്ന അതിർത്തികൾക്കപ്പുറത്തുള്ളവരെല്ലാം തിന്മയുടെ ആളുകളാണെന്നും ദൈവമക്കളല്ലെന്നും കരുതുന്ന 'സഭാദർശനവും' പല സമൂഹങ്ങളിലുണ്ട്. പൊതുനന്മയെക്കരുത്തി എല്ലാവരുടെയും സഹകരണത്തോടെ ചെറുക്കേണ്ട തിന്മകളെ ചെറുക്കാൻ കഴിയാതെ പോകുന്നതിന്റെ ഒരു കാരണം സ്വയം വിശുദ്ധജനമാവുകയും മറ്റുള്ളവരെ ശത്രുതയോടെ കാണുകയും ചെയ്യുന്നതാണ്. സമൂഹത്തിലെ തിന്മകൾ സമൂഹം ഒരുമിച്ചു ചെറുക്കേണ്ടതാണ്. അത് ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതോ, ഒരു സമുദായത്തിന് മാത്രമായി പരിഹരിക്കാവുന്നതോ അല്ല. 'മറ്റുള്ളവരെ' സൂത്രക്കാരും വഞ്ചകരും തിന്മ നിറഞ്ഞവരുമായി വിധിച്ചു കൊണ്ട് നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ആകില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ