പ്രാർത്ഥന ഒരു തുറവിയാണ്; ദൈവകൃപക്ക് മുമ്പിൽ വിനീതമായ തുറവി. ദൈവപരിപാലനയിലുള്ള ഉറപ്പും ഉള്ളിന്റെ ആത്മാർത്ഥതയുമാണ് പ്രാർത്ഥനയുടെ കാതൽ. അത് ഒരു ഹൃദയബന്ധമാണ്. അതിമാനുഷമായ ചില സിദ്ധികളെക്കുറിച്ചു പലപ്പോഴും കേട്ടിരിക്കാം. നമ്മിൽ ദൈവജീവന്റെ പ്രവൃത്തിയായാണ് അതിനെ കാണേണ്ടത്, പ്രാർത്ഥന കൊണ്ട് പ്രാപിച്ച പ്രത്യേക സിദ്ധിയായല്ല. ഊർജ്ജ പ്രവാഹമായോ അതിന്റെ പ്രഭാവമായോ സംഭവിക്കുന്ന അതിസ്വാഭാവിക പ്രതിഭാസങ്ങൾ പോലെ 'പ്രാർത്ഥനയുടെ ശക്തി'യെ അവതരിപ്പിക്കുന്നത് പ്രാർത്ഥനയെ ദുർവ്യാഖ്യാനം ചെയ്യുന്നു. പ്രാർത്ഥനയല്ല ശക്തി പ്രകടിപ്പിക്കുന്നത്. ജീവന് വേണ്ടി തുറക്കുന്ന മേഖലകൾ അത് സ്വീകരിക്കുമ്പോൾ നവീനതയും പുതുജീവനും കാണപ്പെടും. 'പ്രാർത്ഥനയുടെ ശക്തി' എന്നത് ദൈവത്തിന്റെ പേരിലാണെങ്കിലും നമ്മുടെ 'പ്രാർത്ഥനാപ്രവൃത്തികൾക്കാണ്' അവിടെ ഊന്നൽ കൂടുതൽ. സാമ്രാജ്യം, യുദ്ധം, പോരാട്ടം, കീഴടക്കൽ തുടങ്ങിയ പദങ്ങളല്ല പ്രാർത്ഥനക്കു യോജിക്കുന്നത്. ജീവനെ സംബന്ധിച്ചുള്ളതാക്കി ധ്യാനിച്ച് തുടങ്ങിയാൽ കുറേക്കൂടി സത്യമുള്ള പ്രാർത്ഥനാനുഭവം ലഭിച്ചേക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ