പരിശുദ്ധാത്മാവിനെ വിഭജിച്ചെടുക്കാനാവില്ല. അതുകൊണ്ട്, കൂട്ടായ്മയിൽ ഒരുമിക്കാത്ത ഒരു സമൂഹത്തിന് എങ്ങനെയാണ് ആത്മാവിന്റെ സ്വരം തിരിച്ചറിയുവാൻ കഴിയുന്നത്? ആത്മാവിന്റെ ചൈതന്യമില്ലാതെ എങ്ങനെയാണ് ക്രിസ്തുവിന്റെ ശരീരമായിരിക്കുന്നത്? ചിതറിക്കപ്പെട്ട ഒരു ശരീരത്തിൽ ആത്മാവ് എങ്ങനെ അനുഭവവേദ്യമാകും? ഭിന്നിച്ചു നിൽക്കാൻ താൽപര്യപ്പെടുന്ന അഹന്തകളാൽ ഇല്ലാതാവുന്നത് ആന്തരിക ജീവനാണ്. നമ്മിലുണ്ടാവേണ്ടിയിരുന്ന ക്രിസ്ത്വാനുഭവമാണ് അത് മൂലം നഷ്ടമാകുന്നത്.
"ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്" എന്ന് ഗ്രഹിക്കാമെങ്കിൽ അത് പരസ്പരം ബലപ്പെടുത്തിയും സ്വീകരിച്ചും പരസ്പരം പൂർണരാക്കിക്കൊണ്ടുമാണ്. അഹന്തകൊണ്ടോ മുഷ്ടിപ്രയോഗം കൊണ്ടോ ഒരു ശരീരമാകാൻ നമുക്കാവില്ല. ഒരു മതമായി, റീത്തുകളായി, അനുഷ്ഠാനങ്ങളായി സ്വത്വങ്ങൾ തീർക്കുന്നവർ ക്രിസ്തുവെന്ന സ്വതബോധത്തെ അവഗണിച്ചു കളയുന്നു. സ്വന്തം അഹന്തകളും അധികാരങ്ങളും നിലനിർത്തുവാൻ ക്രിസ്തുസ്വത്വം ആഗ്രഹിക്കാതിരിക്കുക അനിവാര്യമാണ്.
ദൈവാരാധനയെന്ന പേരിൽ നടത്തപ്പെടുന്ന ഒരു അനുഷ്ഠാനത്തിലും ആത്മാവില്ലെങ്കിൽ ആരാധനയില്ല. അവ ചടങ്ങുകൾ മാത്രമാണ്. ക്രിസ്തുവാണ് ദൈവജനത്തിൽ ആരാധനയർപ്പിക്കുന്നത്. ദൈവജനം ഒരുമയില്ലാത്തതാണെങ്കിൽ എങ്ങനെയാണു ഒരു ശരീരമായി ആരാധനയുണ്ടാകുന്നത്? മതമായി തീർന്നതിനെ സമൂഹമാക്കാനും, അനുഷ്ഠാനങ്ങളാക്കി മാറ്റപ്പെട്ടവയിലെ ചൈതന്യം ജീവിത ശൈലിയാക്കാനും, കൂട്ടായ്മയിൽ ഏകശരീരമാകാനും ശ്രമമുണ്ടാവണം. അല്ലെങ്കിൽ മണൽപ്പുറത്ത് കൊട്ടാരം പണിയുകയാണ് ഓരോരുത്തരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ