ഇഹലോകത്തിന്റെ വ്യക്തതയേക്കാൾ പരലോകത്തിന്റെ വിശദവിവരങ്ങളാണ് നമുക്ക് പരിചയം. യേശു പഠിപ്പിച്ചതനുസരിച്ച് ദൈവത്തിന്റെ പരിപാലനയിലുള്ള ബോധ്യവും സ്നേഹവും കരുണയും സമാധാനവുമുള്ള ജീവിതവുമാണ് പ്രധാനം. മരണശേഷം എന്ത് സംഭവിക്കുന്നെന്നത് ആ പരിപാലനയിൽ നടക്കേണ്ട കാര്യമാണ്. അത് എങ്ങനെയുമാവട്ടെ. 'നിങ്ങൾക്കിടയിലാണെന്ന്' യേശു പറഞ്ഞ ആ ദൈവരാജ്യത്തിനു ചേർന്ന ജീവിതം നയിക്കുക എന്നതാണ് ഇന്ന് വേണ്ടത്.
ആത്മാവിന്റെ നിത്യ സ്വഭാവമോ ഒരു യാഗത്തിന്റെ അതിശക്തമായ ഫലമായോ അല്ല ക്രിസ്തുവിന്റെ ഉയിർപ്പിനെപ്പോലും പൗലോസ് അടക്കമുള്ളവർ ഗ്രഹിച്ചത്. ദൈവമാണ് അവനെ ഉയർത്തിയത്. അതേ ശക്തി, പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിക്കുന്നെങ്കിൽ നമ്മുടെ മൃത്യുശീലമായ ശരീരവും രൂപാന്തരപ്പെടും എന്നതാണ് ജീവിക്കുന്ന ക്രിസ്തുവിനെ നമ്മളുമായി ചേർത്ത് നിർത്തുന്നത്. അത് കൃപയുടെ ജീവിതത്തെക്കുറിച്ചാണെങ്കിൽ അനുദിനജീവിതത്തിലും, ഉയിർപ്പിനെക്കുറിച്ചാണെങ്കിൽ ആ അവസ്ഥയിലും അത് ദൈവിക പ്രവൃത്തിയാണ്. ജീവന്റെ അനന്തതയെക്കാൾ ജീവന്റെ സമൃദ്ധിയെക്കുറിച്ചു ധ്യാനിച്ചു തുടങ്ങൂ.
നമ്മളും, നമ്മുടെ വിശ്വാസവും, സഭകളും മൃതശീലമാണ്. അവയിലും നിറയേണ്ട ജീവൻ ദൈവത്തിൽ നിന്നാണ്. കൃപയോട് ചേർന്ന സ്വഭാവത്തോടെ ഇന്നുകൾ എങ്ങനെയാണ് ജീവിക്കേണ്ടതെന്നാണ് ധ്യാനിക്കേണ്ടത്. ഉണർവും വളർച്ചയും പുഷ്ടിയും ഫലദായകത്വവും അപ്പോൾ ഉണ്ടാകും. മരിച്ചതിനു ശേഷം എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഏതു തരം വിശദീകരണവും ഒരു തരത്തിൽ നോക്കിയാൽ നമുക്കാവശ്യമില്ല. ദൈവം പരിപാലിക്കുന്നു എന്ന ബോധ്യത്തിൽ ജീവിക്കാൻ നമ്മൾ പരിശീലിച്ചിട്ടുണ്ടെങ്കിൽ മരണശേഷം എന്ത് സംഭവിക്കുന്നെന്നത് ആ പരിപാലനക്കുള്ളിൽ ഗ്രഹിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ