Gentle Dew Drop

സെപ്റ്റംബർ 04, 2022

ഏതൊക്കെ സ്നേഹത്തേക്കാളും ഉപരി

ദൈവം ജീവൻ തന്നെയാണ്. ആ ജീവൻ നിരന്തരം പകർന്നു നൽകുന്ന സ്നേഹമാണ് സകലതിനെയും നയിക്കുന്നത്. നിർബലതകളിലും മുറിവുകളിലും ആശ്വാസമാകുന്ന ആ ജീവനെ കരുണ എന്ന് നമ്മൾ വിളിക്കുന്നു. അതേ ജീവൻ വീഴ്ചകളിൽ നിന്നും എണീറ്റ് നിൽക്കാൻ കെല്പു പകരുന്ന ആലിംഗനമാകുമ്പോൾ ക്ഷമിക്കുന്ന സ്നേഹാനുഭവമാകും. ആ ജീവന്റെ സമൃദ്ധി തന്നെ അലിവും ക്ഷമയും സൗഖ്യവും കരുണയും ശക്തിയും അനുരാഗവുമായി ഒരാൾ അനുഭവിച്ചറിയുന്നു. 

ജീവന്റെ ഈ അടയാളങ്ങളിലാണ് ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ സൗരഭ്യം തിരിച്ചറിയപ്പെടേണ്ടത്. സ്വയം ശൂന്യനാക്കുന്നത് ജീവന്റെ ഒരായിരം ആഴങ്ങൾ പകർന്നു നൽകിക്കൊണ്ടാണ്. അനസ്യൂതം, വ്യവസ്ഥകളില്ലാതെ പകർന്നു നൽകപ്പെടുന്ന ജീവൻ. തന്റെ തന്നെ ഉള്ളിനെയും താൻ  കണ്ട ദൈവമുഖത്തെയും ക്രിസ്തു തുറന്നു വെച്ചതും അങ്ങനെയാണ്. കാഴ്ചകളും യാചനകളും വഴി അർഹമാക്കിത്തീർക്കേണ്ട ഒന്നല്ല കൃപ/ജീവൻ. സ്വീകരിക്കാൻ ഒരുക്കമാണോ എന്നത് മാത്രമാണ് മാനദണ്ഡം.

ജീവൻ സ്വീകരിക്കാൻ മനസാവുക എന്നതാണ് ശിഷ്യതയുടെ കാതൽ. എത്രമാത്രം തുറക്കാനാകും എന്നതാണ് കാര്യം. അത് മതങ്ങൾ വ്യാഖ്യാനിക്കും പ്രകാരമുള്ള പരിശുദ്ധിയുടെ അളവുകോലുവെച്ചല്ല. മറിച്ച് ജീവൻ സ്വീകരിക്കാൻ തയ്യാറാണോ എന്നതിലാണ് കാര്യം. ക്രിസ്തു നമുക്ക് പകർന്നു നൽകിയ ജീവന്റെ അനുഭവത്തെക്കുറിച്ച് വേണ്ടവിധം പറയാൻ പരിഹാരങ്ങളുടെയും മോചനദ്രവ്യത്തിന്റെയും വീണ്ടെടുക്കലിന്റെയും സങ്കൽപ്പങ്ങൾ പര്യാപ്തമല്ല. 'ഞാൻ യോഗ്യനല്ല' എന്ന് വിലപിക്കുകയാണ് ദൈവം എന്നെ സ്വീകരിക്കുകയും ജീവൻ പകരുകയും ചെയ്തിരിക്കുന്നു എന്ന് തിരിച്ചറിയുന്നതിനേക്കാൾ എളുപ്പം. അത് സാധൂകരിക്കുന്ന ആത്മീയതകളാണ് ജീവന്റെ അനുഭവത്തേക്കാൾ നമുക്ക് പ്രിയങ്കരവും. ജീവദായകനും പരിപാലകനുമായ പിതാവിന് അർച്ചനകൾ നൽകി പൂജിക്കേണ്ട  ഒരു ദൈവരൂപം ക്രിസ്തു നൽകിയില്ല. ജീവദായകത്വം ഓരോരുത്തരുടെയും ജീവിതശൈലിയാകുന്നതിലാണ് ദൈവാരാധനയും ജീവിതക്രമവും. 

ജീവനിലേക്കുള്ള തുറവി, ആത്മശൂന്യവത്കരണം വഴി സാധ്യമാകുന്ന വികാസമാണ്. അമ്മയോ അപ്പനോ, ബന്ധുജനങ്ങളോ, പദവികളോ സമ്പത്തോ ത്യജിക്കേണ്ടത് അവ എന്നിലെ ജീവസമൃദ്ധിയെ തടയുന്നതുകൊണ്ടല്ല, അനേകരുടെ ജീവസമൃദ്ധിക്കായി നല്കപ്പെടേണ്ടതുകൊണ്ടാണ്. തന്നെത്തന്നെ പരിത്യജിക്കുന്നതിൽ, 'എന്റേതായ ദൈവം' പോലും ഉപേക്ഷിക്കേണ്ടതായുണ്ട്. കാരണം, പലപ്പോഴും, ഞാൻ എന്നതിന് ദൃഢത കൂട്ടുന്ന പ്രധാന ഘടകങ്ങളാണ് 'എന്റെ ദൈവവും' വിശ്വാസങ്ങളും. അതുകൊണ്ടാവണം ജീവന്റെ വഴിയിൽ കുരിശ് അനിവാര്യമാവുന്നത്. ദൈവം പോലും ശൂന്യമാവുന്ന രഹസ്യമാണ് കുരിശ്. അതും വഹിച്ചു കൊണ്ട് ക്രിസ്തുവിന്റെ പിന്നാലേ  ... 

ശൂന്യവത്കരണം എന്തൊക്കെ ഉപേക്ഷിക്കണം എന്നതിനെക്കുറിച്ചല്ല, ക്രിസ്തു ഏതൊക്കെ സ്നേഹത്തേക്കാളും ഉപരിയാവണം എന്നതിനെക്കുറിച്ചാണ്. മറ്റൊരുതരത്തിൽ, ശൂന്യവത്കരണം ഉറപ്പാക്കേണ്ടത് ഉപേക്ഷകളുടെ എണ്ണമല്ല, കാണപ്പെടുന്ന ജീവന്റെ സമൃദ്ധിയും, എല്ലാവരും സകലതും ജീവനിൽ നിലനിൽക്കുവാനുള്ള ആഗ്രഹവും, സകലതിലും ജീവൻ നിറയുകയെന്നതുമാണത്. ജീവന്റെ ആഘോഷമാണ് ക്രിസ്തീയ ജീവൻ.  

--------

ഉപേക്ഷകളുടെ പ്രകീർത്തനം ഉപേക്ഷിക്കപ്പെട്ടവയെ വിഗ്രഹമാക്കിയേക്കാം. ക്രിസ്തു നടക്കുന്ന വഴി അങ്ങനെ കാണപ്പെടാതെ വന്നേക്കാം. ഉപേക്ഷയുടെ സുവിശേഷ പ്രസക്തിയിൽ വെറുപ്പ് വളരെ വശ്യമായ രീതിയിൽ നമ്മുടെ ആത്മീയതയിൽ ഇടം പിടിച്ചിട്ടുണ്ട്. ഒന്ന് പ്രകൃതിയും ശരീരവും മലിനമെന്ന് പുച്ഛിക്കുന്ന അലൗകികമായ ജീവിതശൈലിയുടെ കപടതകളിലാണ്. മറ്റൊന്ന് സാമൂഹിക രാഷ്ട്രീയമാനങ്ങളിൽ വെറുക്കപ്പെടേണ്ട ഏതാനം കൂട്ടരെ മാറ്റി നിർത്തിക്കൊണ്ടും. വെറുത്തും എതിർത്തും തകർത്തും കീഴ്പെടുത്തിയും വിജയഭേരി മുഴക്കിയും ക്രിസ്തു തുറന്നു തന്ന ജീവനെ സ്വീകരിക്കാനോ പകർന്നു നൽകാനോ ആവില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ