അധികാരം ഉയരത്തിലുള്ള ഒരു സിംഹാസനത്തെക്കുറിച്ചല്ല, അധികാരം ഒരു സമൂഹത്തിന്റെ നന്മയെക്കുറിച്ചാണ്. നിങ്ങൾ ഇന്നത് ചെയ്യുക എന്നത് അധികാരിക്ക് മാത്രം മേന്മയോ നന്മയോ നൽകുമ്പോൾ അത്, ചെയ്യുന്നവർക്കുണ്ടാകേണ്ട നന്മയെ അവഗണിച്ചു കളയുന്നു. ഏതൊരു അധികാരത്തിനും പരിധിയുണ്ട്. ആ പരിധിയെ കാണാതെ പോവുകയും, എന്നാൽ ബലഹീനരുടെ പരിധികളെക്കുറിച്ചു ആവർത്തിച്ചു പറയുകയും ചെയ്യുന്ന ഒരു സംവിധാനം അധികാരം ഒരു ചൂഷണോപാധിയാക്കുകയാണ്.
അർഹത, യോഗ്യത, ശേഷി, ശക്തി തുടങ്ങി സുന്ദരമുഖങ്ങളുള്ള നിരവധി വാക്കുകൾ യാഥാർത്ഥത്തിൽ ചുരുക്കം ചിലരിലേക്ക് അധികാരം കൊണ്ടെത്തിക്കുന്ന വ്യവസ്ഥിതിയാക്കി മതങ്ങളും രാഷ്ട്രീയവും ആദർശങ്ങളും മാറ്റിക്കഴിഞ്ഞു. ചട്ടങ്ങളും നയങ്ങളും നിയമങ്ങളും അവയുടെ വ്യാഖ്യാനങ്ങളും അധികാരത്തെയും അതിന്റെ ലാഭം അനുഭവിക്കുന്ന ചുരുക്കമാളുകളെയും മാത്രം പരിഗണിക്കുന്നതാണ്. ശക്തിയില്ലാത്തവരാണ് ശേഷം വരുന്നവർ എന്നുറപ്പാക്കുന്ന വ്യാഖ്യാനങ്ങളാണ് അധികാരത്തിന്റെ കൗശലം. ഭാരങ്ങൾ താങ്ങി നടക്കുന്ന അവരുടെ സുവര്ണഭാവിയുടെ പേരിലും ദൈവത്തിന്റെയും ദേവാലയത്തിന്റെയും സമ്പ്രദായങ്ങളുടെയും പേരിലാണിവ എന്നതാണ് അതിന്റെ ജീർണ്ണത.
ശോഷിച്ച കൈയുമായി വന്ന ആളോട് ക്രിസ്തു ആദ്യം പറഞ്ഞത് നടുത്തളത്തിലേക്കു മാറി നില്കുവാനാണ്. പിന്നീട്, കൈ നീട്ടുവാനും. നടുവിൽ നിൽക്കാൻ അർഹതയില്ലാത്തവന് ആ കരുത്ത് ഉറപ്പാക്കുന്നതാണ് അധികാരം. ശോഷിച്ചു മടങ്ങി നിഷ്ക്രിയമായിപ്പോയ കർമ്മശേഷി പാപഫലമെന്നും ശാപമെന്നും ദൈവക്രോധമെന്നും വിവരിച്ചു അയാളെ മാറ്റി നിർത്തുമ്പോൾ വ്യാഖ്യാനത്തിന്റെ അധികാരത്തിന്റെ ദൂഷിതഭാവമാണ് കാണുന്നത്.
സാബത്തിന്റെ വിശുദ്ധിയെ ഉയർത്തിപ്പിടിച്ചു കൊണ്ടു നീതിമാന്മാർ വെളിപ്പെടുത്തിയത് തങ്ങളുടെ പരിശുദ്ധിയുടെ കളങ്കങ്ങളാണ്. സാബത്തിന്റെ വിശ്രമം തിന്മ നിരൂപിക്കുവാനും, ദൈവത്തിന്റെ പേരിൽ ഗൂഢാലോചന നടത്തുവാനുമല്ല. വിശ്രമം, നന്മകളെ പുതിയ തലങ്ങളിൽ ആഗ്രഹിക്കുവാനും ഉയർത്തിക്കൊണ്ടു വരുവാനുമാണ്.
പാപങ്ങൾ ക്ഷമിക്കുവാൻ ഉള്ള അധികാരം ദൈവികജീവന്റെ ഉറപ്പാണ്. വിധിയും ശിക്ഷയുമല്ല, മറിച്ച് ദൈവമക്കളുടെ അന്തസിലേക്കുള്ള ഉയർച്ചയാണത്. ക്രിസ്തു ആഗ്രഹിച്ചതും, തന്റെ അധികാരം കൊണ്ട് സ്ഥാപിച്ചതും അതാണ്. അത് സ്വയം പരിശുദ്ധരായവരെ ചൊടിപ്പിച്ചതിൽ അതിശയമില്ല. ക്ഷമിക്കുവാൻ മനുഷ്യർക്കുള്ള അധികാരം എങ്ങനെ യാഥാർത്ഥ്യമാക്കപ്പെടുന്നെന്നും ധ്യാനിക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ