Gentle Dew Drop

സെപ്റ്റംബർ 17, 2022

സ്വർഗ്ഗം ഒരു പ്രതിഫലമല്ല

"എല്ലാവരും രക്ഷ പ്രാപിക്കുമോ?"
"അങ്ങനെയാണ് ഞാൻ ആഗ്രഹിക്കുന്നത്."
"ആ #%&@ നും സ്വർഗത്തിൽ കാണുമോ?"
"അതാണ് എന്റെ ആഗ്രഹം."
"അങ്ങേക്ക് മനസിലായിലെന്നു തോന്നുന്നു. ഞാൻ ചോദിച്ചത്, ആ പ പാ പീ പൂ മൈ നാ ഒക്കെ സ്വർഗ്ഗത്തിൽ കാണുമോ എന്നാണ്."
"അവരൊക്കെയും ഉണ്ടാകും."
"പിന്നെന്തിനാണ് ഞാൻ നീതിമാനാകുന്നത്?"
"അപ്പോൾ അതാണ് കാര്യം. നീതിമാനാകുന്നതും, നന്മ പ്രവർത്തിക്കുന്നതും നിനക്ക് വേദനയാകുന്നുണ്ടോ?, വീഗാലാന്റിൽ ടൂറിന് കൊണ്ട് പോകാൻ അപ്പനെ പ്രീതിപ്പെടുത്തുന്ന വിധം കുറെ കാര്യങ്ങളൊക്കെ ഓടി നടന്നു ചെയ്യുന്ന 'മിടുക്കനെ'പ്പോലെയാണോ സ്വർഗ്ഗപ്രവേശനത്തിനായി നീ നീതിമാനാകുന്നത്? എന്റെ ഹൃദയത്തെ അറിയുന്നത് കൊണ്ട് സ്നേഹവും കരുണയും അഭ്യസിക്കുന്നവനല്ലേ നീ? അല്ലെങ്കിൽ അതൊക്കെ നാട്യമല്ലേ? എല്ലാവരും ജീവൻ പ്രാപിക്കണം എന്നല്ലേ എന്റെ ആഗ്രഹം? ശക്തനെന്നു കരുതുന്ന നീ, ദുർബലരോടു ഞാൻ കാണിക്കുന്ന അലിവിന്റെ മേൽ കുപിതനാകുന്നത് നല്ല ലക്ഷണമല്ല. ശക്തനായിരിക്കാൻ എല്ലാ അനുകൂലനങ്ങളും ലഭിച്ച നീ അത് ലഭിക്കാതെ തകർന്നവർക്കു ജീവൻ ലഭിക്കുന്നത് കാണുമ്പോൾ സന്തോഷിക്കേണ്ടേ? അവരോടു ഞാൻ ആർദ്രത പാലിച്ചാൽ നീ ക്ഷോഭിക്കുമോ? കുറുമ്പ് കാട്ടുന്ന നിന്റെ സഹോദരനെക്കൂടി വീഗാലാന്റിൽ കൊണ്ട് പോകാൻ അപ്പൻ മനസ്സായാൽ അപ്പനോട് പിണങ്ങുന്ന 'നല്ല' കുട്ടി നല്ല സ്വഭാവമാണോ കാണിക്കുന്നത്?"
"എന്നാലും ഉപവസിച്ചും ത്യാഗം സഹിച്ചും ഞാൻ വെറുതെ ജീവിതം കളഞ്ഞു. നല്ലവനായി നടന്നതിന് ഒരു ഉപകാരവുമില്ലാതെ പോയല്ലോ!"
"സ്വർഗ്ഗം ഒരു പ്രതിഫലമല്ല സഹോദരാ, അത് ദൈവഹൃദയത്തോടുള്ള സ്നേഹമാണ്. അത് നാളെ കൂലിയായി ലഭിക്കുന്ന സൗഭാഗ്യമല്ല , ഇന്ന് നടത്തുന്ന തിരഞ്ഞെടുപ്പാണ്. അത് ഭാരപ്പെടുത്തുന്നില്ല, ആ ഹൃദയത്തെ അറിയുന്നെങ്കിൽ, ന്യായവും, നീതിയും സത്യവും, പുണ്യവും, നന്മയും, കരുണയും, അലിവും സ്വാഭാവികമായും നിന്നിലുണ്ടാകും.
വീഗാലാൻഡ് ട്രിപ്പ് നു ടിക്കറ്റ് എടുത്ത് എല്ലാവരും തയ്യാറായി നിൽക്കുമ്പോൾ വരുന്നില്ല എന്ന് പറയുന്നവരെ ആരും പിടിച്ചു കെട്ടി കൊണ്ട് പോവില്ല. ആ #%@& ഉണ്ടെങ്കിൽ ഞാൻ വരുന്നില്ല എന്ന് പറയുന്നവരെയും നിർബന്ധിക്കില്ല."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ