കപ്പ വാട്ടിനും ഉത്സവത്തിനും പെരുന്നാളിനും ദൈവവും ചൂട്ടു കത്തിച്ചു കൂടെ നടക്കുമായിരുന്നു. പിന്നെ, ഞങ്ങളുടെ ഉത്സവവും, പെരുന്നാളും ഞങ്ങളുടെ പൂക്കളവും വടം വലിയുമൊക്കെ ആയപ്പോൾ കൂട്ടിലടക്കപ്പെട്ട തത്ത പോലെയായി ദൈവം. പിന്നെ ദൈവം തന്നെ ശരിയല്ല എന്ന് കുറെപ്പേർക്ക് തോന്നിത്തുടങ്ങി. ശരിയായ ദൈവത്തെ തപ്പി അവർ ദൈവരഹിതരായി.
യാഥാസ്ഥിതികത പുതിയ ഗൃഹാതുരത്വമായി പുൽകിയ അനേകർക്ക് സംഭവിച്ച ദയനീയ പരാജയം അവർ അറിയാതെ ദൈവത്തെയും വിശ്വാസത്തെയും അവർക്കു നഷ്ടമായി എന്നതാണ്. വളരെ തീവ്രമായി മതത്തിനും, വിശ്വാസത്തിനും, ദൈവത്തിനുമായി അവർ പ്രവർത്തിക്കുന്നുണ്ടെങ്കിൽക്കൂടി.
മതാത്മകത ദൈവിക ജീവന്റെ അടയാളമാവണമെന്നു നിർബന്ധമൊന്നുമില്ല. യാഥാസ്ഥിതികതക്കോ മൗലിക വാദത്തിനോ പ്രേരണയാകുന്നത് എന്താണ്? നിലനിൽക്കണമെന്നാഗ്രഹിക്കുന്ന എന്തൊക്കെയോ തകരുന്നെന്ന ഭയമാണോ? ചില സാംസ്‌കാരിക ഘടകങ്ങളിലെ മാറ്റങ്ങളെ സ്വീകരിക്കാൻ കഴിയാത്തതാണോ? ആ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം വിശ്വാസത്തിന്റെ കാലിക പ്രസക്തി കാണാൻ കഴിയാത്തതു കൊണ്ടുള്ളതാണോ ആ ഭയം? പുതുമയോടുള്ള നിഷേധമാണോ യാഥാസ്ഥിതികതക്ക് അടിസ്ഥാനമായി വർത്തിക്കുന്നത്?
മതങ്ങളുടെ വിവരണങ്ങളിൽ, ചക്രവർത്തിമാരും നാട്ടുരാജാക്കന്മാരും ഭരിക്കുന്ന ഒരു ലോകത്താണ് ഇന്നും അനേകർ ജീവിക്കുന്നത്. അതിനനുസരിച്ചുള്ള പെരുമാറ്റച്ചട്ടങ്ങളും കീഴ്വഴക്കങ്ങളും വിശ്വാസത്തിന്റെ ഭാഗമാകുന്നതിൽ അതിശയിക്കാനില്ല. അതിനെ നിലനിർത്താനുള്ള സംഘർഷത്തെ വിശ്വാസത്തിന്റെയും മതത്തിന്റെയും സംരക്ഷണമായി അവതരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ യാഥാസ്ഥിതികമാണ്, മൗലികമാണ്. പക്ഷെ അവ നവീകരണത്തിലേക്ക് നയിക്കില്ല. കാരണം അവയിൽ ദൈവമില്ല, ജീവനില്ല. ഒരു വിശ്വാസത്തിന്റെ ഉത്ഭവ പ്രചോദനത്തിലേക്കു എത്തിച്ചേരുകയും അതിനെ ഇന്നിന്റെ മാർഗ്ഗദീപമായി കണ്ടെത്താൻ കഴിയുകയും ചെയ്യാനാവുന്നില്ലെങ്കിൽ ഒരു പുനരുജ്ജീവന പ്രയത്നവും ഫലം കാണില്ല. നിഷേധമനോഭാവത്താൽ നയിക്കപ്പെടുന്ന രാഷ്ട്രീയ നീക്കങ്ങൾ മാത്രമാണവ.
യാഥാസ്ഥിതികത സ്വയം ശുദ്ധിയും വിശ്വസ്തതയും കാണുകയും മറ്റുള്ളവരെ ദൈവരഹിതരായും ദൈവനിഷേധികളായും ശത്രുക്കളായും കാണുന്നിടത്താണ് അതിന്റെ ഏറ്റവും ബീഭത്സമായ രൂപം കാണുന്നത്. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നൽകുന്ന നവീനതയെപ്പോലും അവർ പൈശാചികമായി കണ്ടേക്കാം. ദൈവികമായ, കരുണക്കും സ്നേഹത്തിനും അവർ അതിരു കൽപ്പിച്ചേക്കാം. തങ്ങളുടെ പക്ഷത്തല്ലാത്തവരെ വെറുക്കപ്പെടേണ്ടവരായി അവർ കണ്ടു തുടങ്ങുന്നു. സാന്മാർഗിക നിയമങ്ങൾകൊണ്ട് അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു.
ഒരു തിരുശേഷിപ്പായി സൂക്ഷിച്ചു വയ്കേണ്ടതല്ല വിശ്വാസം, അത് അനുയാത്ര ചെയ്യുകയും മുന്നേ നയിക്കുകയും ചെയ്യണം. ഒരു കാലഘട്ടത്തിലേക്കും അതിന്റെ സമ്പ്രദായങ്ങളിലേക്കും കെട്ടിയിടാൻ പ്രയത്നിക്കുന്ന യാഥാസ്ഥിതിക വാദങ്ങൾ നിലനിർത്തുന്നത് തീർത്തും സങ്കുചിതമായ അധികാര സ്വാർത്ഥതകളാണ്. സിംഹാസനത്തിലിരുന്നു കർക്കശ സ്വഭാവം കാണിക്കുന്ന ദൈവം അവന്റെ ആരാധകരെയും ആ സിംഹാസനത്തിൽ കെട്ടിയിടും. അപ്പോഴാണ് ഒരു നാട്ടുരാജാവായി വാഴാൻ നമുക്കും തോന്നുക. തകരുന്ന ഒരു കപ്പലിന്റെ ആകെയുള്ള നിയന്ത്രണാധികാര സാധ്യതകളിൽ കടിച്ചു തൂങ്ങുകയല്ല പ്രധാനം. തിരകൾക്കു മീതേ നീന്തുവാനുള്ള കരുത്ത് നേടുകയാണ്. വിശ്വാസത്തിനു അതിനുള്ള ശക്തിയുണ്ട്. കാരണം അതിനു കാതലുണ്ട്. പക്ഷേ അതിനെ വികലമായ വ്യാഖ്യാനങ്ങളിൽ കെട്ടിയിടാനാണ് ശ്രമമെങ്കിലോ? മാത്രമല്ല കെട്ടിയിടപ്പെട്ടു ചുറ്റിക്കറങ്ങുന്നതാണ് മതവും വിശ്വാസവുമെന്നു ഉറപ്പിച്ചും കഴിഞ്ഞെങ്കിലോ?
തോർത്തുമുണ്ടുമിട്ടു നമ്മുടെ കൂടെയുള്ള ദൈവത്തെ കൂടാരത്തിലിരുത്താനുള്ള ഏതുദ്യമത്തിലും ദൈവത്തെക്കുറിച്ചുള്ള ഉപേക്ഷയാണ്. കിരീടമണിയിച്ചും സ്വർണം പൂശിയും വിരൂപമാക്കിയ ദൈവരൂപത്തെ ഹൃദയത്തിന്റെ ആത്മാർത്ഥതയിൽ ശുദ്ധി ചെയ്യണം. എങ്കിലേ ഓരോരുത്തരും നിലനിർത്താൻ ആഗ്രഹിക്കുന്ന ദൈവത്തിനും മതത്തിനും ജീവനുണ്ടാകൂ, നമുക്കും.
സെപ്റ്റംബർ 24, 2022
യാഥാസ്ഥിതികത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ