പാരമ്പര്യങ്ങളുടെയും സമ്പ്രദായങ്ങളുടെയും മത്തുപിടിച്ചു മതി മറക്കുന്നവരാണ് നമ്മൾ. സമ്പത്തിന്റെയും അധികാരത്തിന്റെയും ലഹരിക്ക് ഇവയിൽ ആവോളം ഇടയുണ്ട് എന്നതുകൊണ്ടാണത്. എന്നാൽ ഒന്നറിയണം, മണവാളൻ അകറ്റപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ ലഹരി പിടിച്ചു തുടങ്ങുമ്പോഴേ വിലാപവും ഉപവാസവും ആചരിച്ചു തുടങ്ങണം.
അധികാര മോഹങ്ങളും, അത്യാഗ്രഹവും, അധികാരധാർഷ്ട്യവും മാറ്റിനിർത്തിക്കൊണ്ട് സുവിശേഷത്തിന്റെ പുണ്യങ്ങൾക്ക് വില നൽകുകയെന്നതാണ് ദൈവം ആഗ്രഹിക്കുന്ന ഭോഷത്തം. ദൈവം ഭോഷന്മാരെ തിരയുന്നെന്ന പതിവ് പല്ലവി ദൈവത്തിന്റെ ജ്ഞാനത്തിന് വിരുദ്ധമാണ്. അജ്ഞതയും വിഡ്ഢിത്തവുമല്ല ദൈവത്തിനു പ്രിയങ്കരമായത്.
കാലത്തെയും ചരിത്രത്തെയും നയിക്കാനും വിലയിരുത്താനും കഴിയുന്നത് അതിന്റെയും നാഥനായ വചനത്തിനാണ്. അതേ വചനക്രമമാണ് സുവിശേഷത്തിന്റെ മൂല്യങ്ങളിൽ. സത്യം, നീതി, ദയ, നന്മ, സഹാനുഭൂതി, സമാധാനം, സേവനം എന്നിവയൊക്കെ നമ്മിലുണ്ടെങ്കിൽ ക്രിസ്തു ഒരു വിളക്കായി നമ്മിലുണ്ട്. നമുക്ക് തന്നെ വിളക്കാകാനും ലോകത്തിനു പ്രകാശമാകാനും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ