Gentle Dew Drop

സെപ്റ്റംബർ 08, 2022

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും

"എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം" ഒരു പഴംപാട്ടായി മാറി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കലഹത്തിന് കാരണങ്ങൾ കണ്ടെത്തുന്ന തരം ഒരു സ്വത്വബോധം രൂപപ്പെടുത്താനാണ് മതവും രാഷ്ട്രീയവും ദേശീയബോധവും അടുത്ത കാലത്തു കിണഞ്ഞു പരിശ്രമിക്കുന്നത്. സാഹോദര്യത്തിനും ആഹ്ലാദത്തിനും അവിടെ ഇടയില്ല. തീവ്രഭാവങ്ങൾക്കും എളുപ്പം മുറിപ്പെടുന്നതിലുമാണ് അവിടെ പ്രാധാന്യം. സിനിമ, കഥ, വേഷം, ഭക്ഷണം  ഇവ കൊണ്ടൊക്കെ മുറിപ്പെടുന്നില്ലെങ്കിൽ താനൊരു യഥാർത്ഥ ക്രിസ്ത്യാനിയോ, മുസ്ലിമോ,ഹിന്ദുവോ  ഭാരതീയനോ ആണോ എന്ന് ചോദ്യം നേരിടേണ്ട അവസ്ഥയാണിന്ന്. 

വംശീയ മേല്കോയ്മയെ ദൈവത്തിന്റെ പ്രമാണങ്ങളാക്കി ആഘോഷിക്കുന്നവർക്ക് സാഹോദര്യം ഒരിക്കലും ഒരു ആനന്ദമാവില്ല. മാവേലിയോ തൃക്കാക്കരയപ്പനോ ഒന്നുമല്ല പ്രശ്‌നം. പ്രശ്നം, ഒരുമിച്ചിരിക്കാനും, കേൾക്കാനും, അംഗീകരിക്കാനും ഒരേ നിലയിൽ എല്ലാവരെയും കാണുവാനും നമുക്ക് കഴിയാതായിരിക്കുന്നു എന്നതാണ്. 

മാവേലിനാട്ടിൽ കള്ളവും ചതിയും ഇല്ലായിരുന്നെന്നും, എല്ലാവരും ഒരുപോലെയായിരുന്നെന്നും ചതിയുടെ അളവുകൾ ഇല്ലായിരുന്നെന്നുമാണ് സങ്കല്പം. എങ്കിലും മാവേലി ഒരു പ്രശ്നമായിരുന്നു. മാവേലിഭരണം തിന്മ മറച്ചു വെച്ച നന്മരൂപങ്ങൾ മാത്രമായിരുന്നോ? അധഃകൃതർക്കു ദാനമായല്ല നന്മയെ ഓണക്കാലത്തു ഓർമ്മിച്ചെടുക്കുന്നത്. ഒന്ന് പോലെയെന്ന അവസ്ഥ സത്യമായ അനുഭവമാണെങ്കിൽ അത് ഒരു പൊയ്‌മുഖത്തിന്റെ മറവിലാക്കാനാവില്ല. സ്വാതന്ത്ര്യം സമത്വം എന്നിവ മനുഷ്യാവസ്ഥയുടെ സത്യങ്ങളാണ്. പരിണതമായ അവസ്ഥയെക്കുറിച്ചുകൂടി ചിന്തിക്കണം - മാവേലി ചവിട്ടി താഴ്ത്തപ്പെട്ടതിനു ശേഷം ഇത് കൂടുതൽ നന്മകളുടെ നാടായോ? 

വികസനത്തിന്റെയും അഭിവൃദ്ധിയുടെയും സുരക്ഷയുടെയും വിശുദ്ധ വേഷങ്ങളിൽ അമർച്ച ചെയ്യപ്പെടുന്ന പാവങ്ങളും ഗോത്രവർഗ്ഗക്കാരും മുക്കുവരും കുടിയൊഴിപ്പിക്കപ്പെടുന്നവരും നന്മയുടെ ഒരു കാലത്തിനു വേണ്ടി കാത്തിരിക്കുന്നവരാണ്. വികസനത്തിന്റെ കനത്ത ഭാരം ദേവലോകത്തിനല്ല, അസുരലോകത്തിനാണ്. ദേവലോകം ഇപ്പോഴും വെല്ലുവിളിക്കാനാവാത്തവിധം  പവിത്രമാണ് അത് എക്കാലവും സംരക്ഷിക്കപ്പെടും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ