Gentle Dew Drop

സെപ്റ്റംബർ 17, 2022

സ്ത്രീ മൗനം പാലിക്കുമ്പോൾ

വിവാഹത്തെ ഒരു ഉടമ്പടിയായാണ് ബൈബിൾ മനസിലാക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയെയും, ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയെയും മാതൃകയാക്കുന്നതാണ്. 

ഭർത്താവ് ഭാര്യയെ സ്നേഹിക്കേണ്ടത് ക്രിസ്തു സഭയെ സ്നേഹിക്കുകയും തന്റെ ജീവൻ നൽകുകയും ചെയ്തതുപോലെയാണെന്ന് പൗലോസ് ശ്ലീഹാ പഠിപ്പിച്ചു. ഇതിന്റെ അർത്ഥവ്യാപ്തി പ്രകടമാക്കുന്ന പ്രബോധനങ്ങൾ നമ്മുടെ ധ്യാനങ്ങളിലും ലേഖനങ്ങളിലും ദുർലഭമാണ് ദുർലഭമാണ്. പുരുഷൻ 'ശ്രവിക്കേണ്ടതായ' വചനഭാഗങ്ങൾ പലപ്പോഴും ലഘുവായാണ് പറഞ്ഞുവയ്ക്കുക.

'ക്രിസ്തു സഭയുടെ ശിരസാണെന്നതുപോലെ' എന്നതിന്റെ ആദ്യ അർത്ഥം ഏകമനസ്സായിരിക്കുവാനാണ്. സ്ത്രീ പുരുഷന് വിധേയയായിരിക്കണമെന്ന കാഴ്ചപ്പാട്, ഒരുതരം അടിമത്തവും ദാസ്യതയുമായിത്തീർന്നത്  ദൈവത്തെയും മനുഷ്യനെയും കുറിച്ച് വച്ചുപുലർത്തിയിരുന്ന വികലമായ ചിന്തകളുടെ ഫലമായുണ്ടായതാണ്. ഹവ്വ ആദത്തിനു പാപ കാരണമാകുന്നതും സ്ത്രീ ശപിക്കപ്പെട്ടവളാകുന്നതും, പുരുഷമേധാവിത്വ വ്യവസ്ഥിതി പിറകോട്ടെഴുതി എത്തിച്ചേർന്ന ഉത്ഭവ വിവരണത്തിൽ ഉൾപ്പെട്ടത് സ്വാഭാവികമാണ്. 

വിധേയത്വം പുണ്യമാകുന്നത് അത് പരസ്പര വിധേയത്വമാകുമ്പോഴാണ്. നീതി, സ്നേഹം, കുടുംബം എന്നിങ്ങനെ വർണശോഭയുള്ള പദാവലികൾ കേൾക്കാനിമ്പമുള്ളതു മാത്രമാവാതെ ജീവിതത്തിലുള്ള യാഥാർത്ഥ്യങ്ങളാവണം. മൗനം പാലിക്കാനും സഹിക്കാനും വ്യഥകൾ വഹിക്കാനും ആണ് സ്ത്രീയുടെ ജീവിതം എന്നത് പരിചിതമായിക്കഴിഞ്ഞ സാംസ്‌കാരിക ശീലുകളാണ്. അവയെ അവരുടെ മനുഷ്യാന്തസ്സിനു ചേർന്ന വിധം ഉന്മൂലനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സുവിശേഷത്തിനോ ക്രിസ്തുവിനോ സ്ഥാനം നൽകാത്ത സമൂഹങ്ങളാണവ. സ്ത്രീ മൗനം പാലിക്കുമ്പോൾ സമാധാനവും ഐശ്വര്യവും കുടുംബത്തിൽ വന്നു ചേരുന്നെന്ന വിധമുള്ള മാന്യമായ പ്രസംഗങ്ങൾ ഫലത്തിൽ അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുന്ന അനീതികൾ എത്ര മാത്രമുണ്ട്? വിട്ടുവീഴ്ച യുടെ ആത്മീയതയും പീഡനത്തിന് അനുവദിച്ചു കൊടുക്കുന്നത് സ്ത്രീയെത്തന്നെയാണ്. പരസ്പര വിധേയത്വവും കരുതലും മൂല്യങ്ങളായി പാലിക്കപ്പെടുന്നിടത്താണ് വിട്ടുവീഴ്ചകൾ സ്വീകാര്യമായ പാതയാകുന്നത്.

വിധേയത്വത്തെ അടിമത്തമാക്കിത്തീർക്കുന്ന സമ്പ്രദായങ്ങളെ ദൈവികനിയമങ്ങളാകുന്ന ശീലുകൾ എങ്ങനെ നിലനിർത്തപ്പെടുന്നു? ആന്റി-അമ്മായി സംഘങ്ങൾ  പാനീയത്തിൽ ലഹരി കലർത്തി ഒരുക്കുന്ന വിവാഹ ആലോചനകൾ വഞ്ചനയല്ലാതാകുന്നില്ലല്ലോ.  വന്നു പോയത് അംഗീകരിച്ചു മുന്നോട്ടു പോകാമെന്ന് ഉപദേശിക്കുന്നത് അനുചിതവും അന്യായവുമാണ്.  മരുമകളുടെ സ്വർണ്ണം അമ്മായിയമ്മയുടെ അവകാശം ആണെന്നും, ഭർതൃ ഭവനത്തിലെ ഭാരങ്ങൾ താങ്ങേണ്ടത് സ്ത്രീയുടെ കടമയാണെന്നുമൊക്കെ അലിഖിതമായ ദൈവിക നിയമങ്ങളായി വാഴ്ത്തപ്പെടുന്ന നാട്ടു സമ്പ്രദായങ്ങളാണ്. അവ തെറ്റാണെന്ന് തിന്മയാണെന്നു പാപമാണെന്നു ഉത്ബോധിപ്പിക്കാൻ ധ്യാനങ്ങൾക്കും കഴിയണം. 

ഭർത്തൃത്വം എന്നത് മേധാവിത്വം എന്ന് ധരിച്ചിരിക്കുന്ന മാന്യരായ ഭർത്താക്കന്മാരെ തിരുത്താനും, അതിന് അവർ തയ്യാറല്ലെങ്കിൽ വിവാഹമല്ല അവർ ആഗ്രഹിച്ചതെന്ന രീതിയിൽ വിവാഹ മോചനം അനുവദിക്കുകയും വേണം.  അത്തരം ന്യായമായ കാരണങ്ങൾ മൂലം വിവാഹമോചിതരാവുന്നവരെ രണ്ടാം തരക്കാരായി കാണാതിരിക്കാനുള്ള പക്വത ഇന്ന് സമൂഹത്തിനും ആവശ്യമാണ്.

തങ്ങളുടെ അന്തസ്സിനെ മാനിക്കാത്ത ഒരു സാമൂഹികവ്യവസ്ഥിതിയെ നിലനിർത്തുന്ന മതസംവിധാനങ്ങളെ സ്ത്രീകൾ തള്ളിക്കളയുന്ന സമയം ദൂരെയല്ല. 

Marriage guidance courses കളിൽ നിന്നൊക്കെ വിവാഹം എന്നാൽ എന്താണ് എന്ന അറിവാണ് ആദ്യം ഉണ്ടാവേണ്ടത്. ഒരു പരിചാരികയെ വേണ്ടയാൾ അതിനു വേണ്ടിയാണ് അന്വേഷിക്കേണ്ടത്, വിവാഹത്തിനല്ല. ഭാര്യ പരിചാരികയല്ല എന്നത് ഭർത്താവാകാൻ തയ്യാറെടുക്കുന്നവർ ആദ്യം ബോധ്യപ്പെടണം. ഭാര്യയെ ചീത്ത പറയാനും അപമാനിക്കാനും ഭർത്താവിന് 'അവകാശം' ഉണ്ടെന്നു ധരിക്കുന്ന പുരുഷ കേസരികളെ തിരുത്താനും ഈ കോഴ്‌സുകൾക്ക് കഴിയണം. തിരുത്താനും, സ്വീകരിക്കാനുമുള്ള മനസ്സ് ഇരുഭാഗത്തുനിന്നുമുണ്ടാകാനുള്ള തുറവിയുണ്ടെങ്കിലേ തിരുത്തൽ തിരുത്തലാകൂ. അല്ലെങ്കിൽ അത് പുരുഷാധിപത്യമാണ്. 

പെൺകുട്ടി ഇഷ്ടമില്ലെന്നു പറഞ്ഞിട്ടും മാതാപിതാക്കളുടെ ഇടപെടലുകളും സമ്പ്രദായ ഘടനകളും ഉപയോഗിച്ച് വിവാഹം കഴിക്കുന്ന ആൾ ആ പെൺകുട്ടിയെ ഭാര്യയായല്ല സ്വീകരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങൾക്കോ വ്യക്തി താല്പര്യങ്ങൾക്കോ ഉപയോഗിക്കാവുന്ന ഒരു സ്ത്രീ എന്നത് മാത്രമാണ് അയാളുടെ കാഴ്ചപ്പാട്. വിവാഹസമയത് അവൾ നൽകിയ 'സമ്മതം' നിസ്സഹായതതയിൽ നിന്നും ഉള്ളതാണ്. മറ്റൊരാളിന്റെ മനുഷ്യാന്തസിനു വേണ്ട ബഹുമാനം നൽകാൻ കഴിയാത്ത ഒരാൾ ചെയ്യുന്ന വിവാഹം വിവാഹമേ അല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ