Gentle Dew Drop

സെപ്റ്റംബർ 08, 2022

മാതൃഭാവത്തോടെ

മനോഹരമായ ഒരു സൃഷ്ടിയാക്കി ഓരോ ജന്മത്തെയും തീർക്കാൻ വംശാവലിയെ വിസ്തൃതമാക്കിയേ തീരൂ. ദാവീദിലോ അബ്രാഹത്തിലോ ആദത്തിലോ എത്തി നിൽക്കുന്നതല്ല ഒരാളുടെ വംശാവലി. ഓരോരുത്തരുടെയും പുക്കിൾക്കൊടി ബന്ധങ്ങൾ കുടുംബപാരമ്പര്യങ്ങളുടെ പെരുമയേക്കാൾ വിശാലമാണ്, ആരംഭത്തിലും ഇന്നുകളിലും. ഭോജനമായി വായുവായി മനസ്സായി രൂപമായി ഓരോന്നിനെയും തീർക്കുന്ന കണ്ണികൾ ഏതോ നക്ഷത്രത്തിന്റെ പ്രകാശശോഭയിൽ പിറന്നവയാണ്. ഏതോ വംശാവലിയുടെ പുക്കിൾക്കൊടി അടയാളങ്ങൾ ഓരോരുത്തരിലുമുണ്ട്. നീണ്ട കണ്ണികൾ അവശേഷിപ്പിക്കുന്ന സൗരഭ്യമായോ കനിവിന്റെ ആർദ്രതയായോ കഠിനതയുടെ പരുപരുപ്പായോ ആ അടയാളങ്ങൾ ചൂഴ്ന്നിറങ്ങുന്നു. കുറെയേറെ 

വിങ്ങലുകൾ ഭാരപ്പെടുത്തുന്ന കണ്ണികളിലേക്കു ജന്മമെടുക്കുകയും,  മുറിവും വേദനയും നൽകിക്കൊണ്ട് കടന്നു പോവുകയും ചെയ്യുന്നു. എങ്കിലും സാന്ത്വനമാകാനും നന്മ വിളയിക്കാനും കരുത്ത് നേടുന്നതും ഇതേ കണ്ണികളിലൂടെ പകരപ്പെടുന്ന ജീവൻ തന്നെ. സൃഷ്ടാവിന്റെ ജീവൻ വഹിക്കുന്ന നാഡീഞരമ്പുകൾ നമ്മിലെല്ലാമുണ്ട്.

ജന്മം തന്നെ ഒരു വിശുദ്ധസൗന്ദര്യമാകുവാൻ വംശാവലിയുടെ കണ്ണികൾ ജീവൻ കൊണ്ട് സമൃദ്ധമാവണം. നീറ്റലോടെ തുടങ്ങുന്ന ജന്മങ്ങൾ, ജ്വലനത്തിനു പകരം ത്യാഗമായി എരിഞ്ഞടങ്ങി സമാധാനത്തിന്റെ കണ്ണികളായി ജീവനായി തുറന്ന സൗന്ദര്യമാകും. ദൈവമാതാവാകാനുള്ള വരം ഒരു പൂമൊട്ടായി ഉയർന്നു വന്നത് അങ്ങനെയാണ്. 

മറിയത്തിന്റെ ജനനത്തിൽ സന്തോഷിക്കുന്ന ഓരോരുത്തരും, മറിയത്തിലേക്കെത്തിച്ച ജീവന്റെ കണ്ണികളെപ്പോലെയാകാൻ ആഗ്രഹിക്കേണ്ടതുണ്ട്. ജീവൻ നിറച്ചു കൊണ്ടേ നമ്മിലെ മരണാവസ്ഥകളെ മായിച്ചു കളയാനാകൂ, പാപരാഹിത്യം കൃപ നിറച്ചു കൊണ്ടാണ്, തുടച്ചു നീക്കിക്കൊണ്ടല്ല.

വിലാപങ്ങളുടെ താഴ്വരകളിൽ വിങ്ങിക്കരയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായി നമ്മെ കരുതുന്നത് ഒരു കാലഘട്ടത്തിന്റെ പ്രപഞ്ചവീക്ഷണ ഫലമായാണ്. ദുഃഖം നിറഞ്ഞ ലോകവും ആദി മനുഷ്യന്റെ 'പാപവും' തമ്മിൽ കാര്യകാരണബന്ധം കല്പിക്കുന്നതും അതേ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാണ്. താഴ്വാരങ്ങളും പർവ്വതങ്ങളും ഒരേപോലെ കൃപകൾ നിറഞ്ഞവയാണ്. മനുഷ്യ സഹജമായ കുറവുകളും ദുരിതങ്ങളും ഉണ്ടെങ്കിലും കൂടെ വസിക്കുന്ന ദൈവസാന്നിധ്യമാണ് ജീവിതത്തിലെ സുവിശേഷ ധന്യത. കുറവുകൾ, തങ്ങളിലുള്ള ജീവൻ പകർന്നു നൽകിക്കൊണ്ട് പരസ്പരം നിറച്ചുകൊണ്ടാണ് ജീവന്റെ പൂർണ്ണത. രണ്ടാം വരവിന്റെ അനുഭവത്തിന്, ഒരു മാതൃഭാവത്തോടെ ഒരുങ്ങാൻ തയ്യാറാവുന്ന സമൂഹം ജീവന്റെ പൂർണ്ണത പ്രാപിക്കേണ്ടത് അങ്ങനെയാണ്. അപ്പോൾ നമ്മളുൾപ്പെടുന്ന പ്രപഞ്ചസമൂഹത്തിൽ ക്രിസ്തുശരീരം സ്വയം തിരിച്ചറിയാനും  നിർമ്മല സൗന്ദര്യത്തിന്റെ പുഞ്ചിരി ഒരു കൂട്ടായ്മയായി അനുഭവിക്കാനുമാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ