Gentle Dew Drop

സെപ്റ്റംബർ 06, 2022

യേശുവിന്റെ അമ്മ

ഭക്തികളിൽ ചമക്കപ്പെടുന്ന 'മാതാവിന്' യേശുവിന്റെ അമ്മയായ മറിയവുമായി ബന്ധമില്ലാത്തതാകുമ്പോൾ അവ മരിയഭക്തിയല്ല. യുദ്ധദേവതയായും പടനായികയായും തന്റെ 'പ്രിയപ്പെട്ടവർക്കുവേണ്ടി' പ്രതികാരം ചെയ്യുന്നവളുമൊക്കെയായി വാഴ്ത്തപ്പെടുന്ന ദേവീഭാവം യേശുവിന്റെ അമ്മയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. അത്തരം ഭാവങ്ങൾ മാതാവിന് നൽകുന്ന ഭക്തികളും ക്രിസ്തീയമല്ല. കാരണം അവ ഒരു ക്രിസ്തീയ മനോഭാവം ഉൾക്കൊള്ളുന്നില്ല എന്നതു തന്നെ.  

സകല കൃപാവരങ്ങളുടെയും നിറവുള്ള മനുഷ്യ സ്ത്രീയാണ് മറിയം. യേശുവിന്റെ 'അമ്മ എന്നതിൽ നിന്നാണ് മറ്റെല്ലാ വിശേഷണങ്ങളും മറിയത്തിനു ചേർന്നതാവുന്നത്. ദൈവത്തിന്റെ വിശേഷ വരദാനമായാണ് മറിയത്തിന്റെ കൃപാപൂർണ്ണതയെ  മനസ്സിലാക്കുന്നത്. എത്രയോ തലമുറകൾ ദൈവ കൃപക്ക് മുമ്പിൽ തുറന്ന ജീവിതങ്ങളാണ് മറിയത്തിൽ കൃപയുടെ നിറവ് യാഥാർത്ഥ്യമാക്കിയത്! നാൾവഴികളിലെ വിങ്ങലുകളും പരിക്കുകളും ആശ്വസിപ്പിക്കപ്പെട്ടു ജീവന്റെ പൂർണ്ണത സ്വീകരിക്കാൻ മാത്രം തെളിമയുള്ള മനുഷ്യ ഹൃദയം. 

ദൈവകൃപയെയും അനുഗ്രഹങ്ങളെയും ജീവനോട് സദൃശ്യപ്പെടുത്തി ഗ്രഹിക്കുന്നതാണ് അതിന്റെ സത്യത്തോട് അടുത്ത് നില്കുന്നത്. ജീവൻ, നശിപ്പിക്കുന്നതല്ല സൃഷ്ടിക്കുന്നവയാണ്. ജീവന് രൂക്ഷഭാവമല്ല, അതിന്റെ ശക്തി പോലും മൃദുവാണ്. ദൈവകൃപയെ, അതിസ്വാഭാവികമായ ഊർജ്ജ സ്വഭാവം  സങ്കല്പിച്ചു മാറ്റി നിർത്തപ്പെട്ടിരിക്കുന്നു. കൃപയുടെ പ്രവർത്തനത്തെ വേണ്ട വിധം മനസിലാക്കാതെ ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ചോ വിശുദ്ധരുടെ മധ്യസ്ഥതയെക്കുറിച്ചോ ഗ്രഹിക്കാനാവില്ല.

ആത്മീയതയെ ഒരു മായാജാല അനുഭവമാക്കുകയായിരുന്നില്ല ക്രിസ്തു ചെയ്തത്. മായാജാലം എന്നതിന് രണ്ടു തലങ്ങൾ വയ്ക്കട്ടെ: 

ഒന്ന് അത് ഒരു അനുഭൂതിയാണ്. ക്രിസ്തുവിന്റെ അത്ഭുതങ്ങൾ മായാജാലങ്ങളായി കാണാൻ ശ്രമിച്ചവരുണ്ട്. എന്നാൽ ശിഷ്യത്വത്തിലേക്ക് അവർക്ക്‌ വളരാനായില്ല. അത്ഭുതങ്ങളുടെ മാസ്മരികതയെക്കാൾ അല്ലെങ്കിൽ അവയിൽ നിന്നുള്ള വ്യക്തിപരമായ നേട്ടങ്ങളെക്കാൾ, ക്രിസ്തുവിന്റെ ജീവിത ശൈലി സ്വന്തമാക്കി, അവൻ പകർന്നു നൽകിയ കൃപയുടെ ദൈവിക ജീവനിലേക്കുള്ള വളർച്ച പ്രധാനമായിരുന്നു. മറ്റെല്ലാ അനുഗ്രഹങ്ങളെയും അതിനുള്ളിൽ നിർത്തി കാണുവാൻ അവർക്കു കഴിഞ്ഞു. 

രണ്ട് മായാജാലങ്ങളുടെ അതി പ്രസരം യാഥാർത്ഥ്യങ്ങളിൽ നിന്നും വേർപെട്ട ഒരു മായിക ലോകത്തു ജീവിച്ചു തുടങ്ങുന്നു എന്നതാണ്. ആ ലോകത്തു നിന്ന് കൊണ്ടേ ചിന്തിക്കാനും, വിലയിരുത്തുവാനും തീരുമാനിക്കാനും അവർക്കു കഴിയൂ. ദൈവവും മനുഷ്യനും മനുഷ്യന്റെ അവസ്ഥകളും നിർവചിക്കപ്പെടുന്നത് ഈ ലോകവീക്ഷണത്തിനുള്ളിൽ നിന്നാവും. പരിശുദ്ധാത്മാവ് അല്ല ആ ലോകത്തെ നയിക്കുന്നത്. എന്നാൽ ഭാഷ മുഴുവനും ദൈവത്തെയും ആത്മാവിനെയും ഭക്തിയെയും കുറിച്ചാണ് താനും.

വിശ്വാസം ദൈവാശ്രയബോധം എന്നിവയൊക്കെ ഒരു ബന്ധമായി ക്രിസ്തു പഠിപ്പിച്ചു. അത് ദൈവത്തെ ഒരു 'ദൈവ'മാക്കിക്കൊണ്ടു പോലുമായിരുന്നില്ല. തന്നെതന്നെയോ തന്റെ അമ്മയെയോ ദേവദേവത രൂപങ്ങളിലേക്ക് അവൻ അവരോധിച്ചുമില്ല. ദൈവങ്ങളാകാൻ കൊതിക്കുന്ന നമുക്ക് മായാജാലം കാണിക്കുന്ന ദൈവരൂപങ്ങളാണ് സൃഷ്ടിക്കാൻ ഇഷ്ടം. നമ്മിൽ കാണാൻ ശ്രമിക്കുന്ന ശക്തികളെ ദൈവത്തിലേക്കും വിശുദ്ധരിലെക്കും ചമയങ്ങളായി അണിയിച്ചു കൊടുക്കുകയും ചെയ്യും. വിശേഷ ഗുണങ്ങളും ശക്തികളും അണിഞ്ഞുകൊണ്ട് അവ വിരാജിക്കുന്നു. അവരുടെ യഥാർത്ഥ മുഖത്തിൽ നിന്നും എത്രയോ അകലെയാണവ! 

ഒരു കൂട്ടർക്കെതിരെ വിജയം നേടുന്ന 'ശക്തിയുള്ള' 'അമ്മ' സകലരെയും ഉൾക്കൊള്ളേണ്ട സഭയുടെ ആത്മീയതയിൽ രൂപപ്പെടുന്നതല്ല. അത് കൊണ്ട് കൂടിയാണ് ദൈവിക ഇടപെടലുകളെയും കൃപയുടെ പ്രവൃത്തികളെയും യുദ്ധം, കീഴ്പെടുത്തൽ തകർക്കൽ തുടങ്ങിയ രൂപകങ്ങളിൽ നിന്ന് വേർപെടുത്തേണ്ടത്. പകരം ജീവൻ എന്ന യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കി ധ്യാനിക്കുകയും ചെയ്യേണ്ടത്. എല്ലാവർക്കും അമ്മയെന്നും സകല ജനപഥങ്ങൾക്കും നാഥയെന്നൊക്കെ പ്രകീർത്തനങ്ങൾ കൂട്ടിച്ചേർക്കുകയും എന്നാൽ ചിലരെ ശത്രുതയോടെ ആ അമ്മ സമീപിക്കണമെന്ന് ഭക്തിപൂർവ്വം ആഗ്രഹിക്കുകയും ചെയ്യുന്നത് നമ്മുടെ തന്നെ ഹൃദയത്തിന്റെ ദുഷ്ടതയെയാണ് കാണിക്കുന്നത്.

കൾട്ടുകളാക്കി മാറ്റപ്പെട്ട ആ മാതാവും ഈ മാതാവും യുദ്ധം ചെയ്യുന്ന മാതാവും യേശുവിന്റെ അമ്മയായ മറിയമല്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ