Gentle Dew Drop

സെപ്റ്റംബർ 18, 2022

വെളിച്ചത്തിന്റെ മക്കൾ

കാലത്തിന്റെ കുതന്ത്രങ്ങളിൽ യുഗത്തിന്റെ മക്കൾ നാട് വാഴുമ്പോൾ വെളിച്ചത്തിന്റെ മക്കൾക്ക് ഏറ്റവും വലിയ പ്രലോഭനം കൗശലം പ്രയോഗിക്കാനാണ്....


വരില്ലാത്ത ഒരു സൗഭാഗ്യം പ്രതീക്ഷിച്ചു കാത്തിരിക്കുന്നത് ദുരന്തതുല്യമാണ്. അവിടെ തിരുത്തലിനായി ആക്ഷേപഹാസ്യം ഉപയോഗിച്ച് നോക്കിയിരുന്നോളൂ എന്ന് പറഞ്ഞേക്കാം. നിത്യകൂടാരങ്ങൾ ഒരുക്കിത്തരും എന്ന് കരുതി യജമാനന്റെ സ്വത്ത് ദുർവ്യയം ചെയ്ത് ആളുകളെ പ്രീതിപ്പെടുത്തുന്നവൻ ദൈവമുമ്പിൽ പരാജയമാണെന്ന് ഉറപ്പാണ്.

യജമാനന്റെ സ്വത്ത് ദുർവ്യയം ചെയ്ത കാര്യസ്ഥൻ ഒരു തരത്തിലും പ്രശംസയർഹിക്കുന്നില്ല. ജോലിയിൽ നിന്നും നീക്കപ്പെടുമെന്ന സാഹചര്യത്തിൽ കൗശലക്കാരനാകുന്ന അയാൾ അവിശ്വസ്തതയിലൂടെയും ദുർവ്യയത്തിലൂടെയും തന്നെ തന്റെ ഭാവി സുരക്ഷിതമാക്കുകയാണ്. ആ ദുർവ്യയത്തിന്റെ പങ്കു പറ്റുന്ന ആളുകളും ജീർണിച്ച ഒരു വ്യവസ്ഥിതിയെ കാണിക്കുകയാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന കാര്യസ്ഥനെ നന്ദി കാണിച്ചു പരിചരിക്കാൻ അവരിൽ ആര് വരും!

വെളിച്ചത്തിന്റെ മക്കളെക്കാൾ എക്കാലത്തും 'ഈ യുഗത്തിന്റെ മക്കൾ' ബുദ്ധിശാലികളാണ്. ഓരോ കാലത്തിനും അതിന്റെ തന്ത്രങ്ങളും വിജയരീതികളുമുണ്ട്. അവ പ്രകാശത്തിന്റെ പാതയിലാവണമെന്ന് നിർബന്ധമേയില്ല. അവിടെയാണ് വെളിച്ചത്തിന്റെ മക്കളുടെ ഭോഷത്തം യുഗത്തിന്റെ മക്കളുടെ പ്രാഗത്ഭ്യത്തെക്കാൾ മേന്മയുള്ളതാകുന്നത്.

ഉപമയുടെ സാരാംശമായി അവസാനം പറയുന്നത് നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും ഒരു പോലെ സേവിക്കാനാവില്ല എന്നാണ്. ഭോഷനായ ധനികൻ സമ്പത്തു കുന്നു കൂട്ടുന്നതിൽ ശൂന്യത കാണിക്കുമ്പോൾ, അവിശ്വസ്തനായ കാര്യസ്ഥൻ സമ്പത്തിന്റെ ഉപയോഗത്തിലെ വക്രതയെ തിരുത്തുന്നു. നിങ്ങൾ എങ്ങനെയാകരുത് എന്ന് അധികാരത്തെയും സമ്പത്തിനെയും കുറിച്ച് യേശു പഠിപ്പിച്ച കാര്യങ്ങളോട് ചേർത്ത് ഇതും ധ്യാനിക്കാം.

നിത്യകൂടാരങ്ങൾ ഉറപ്പാക്കുന്നത് ഇടുങ്ങിയ വാതിലിലൂടെയാണ്. സുവിശേഷത്തിന്റെ ഭോഷത്തമാണ് അതിന്റെ പാത. കാലത്തിന്റെ കുതന്ത്രങ്ങളിൽ യുഗത്തിന്റെ മക്കൾ നാട് വാഴുമ്പോൾ വെളിച്ചത്തിന്റെ മക്കൾക്ക് ഏറ്റവും വലിയ പ്രലോഭനം കൗശലം പ്രയോഗിക്കാനാണ്. സമ്പത്തുണ്ടാക്കാനും നാട് ഭരിക്കാനും ആധിപത്യം പുലർത്താനും നിപുണതയും അധാർമ്മികളോട് കൂട്ട് ചേരാനായി സമരസപ്പെടലും ആർക്കും സ്വീകാര്യമായ മാർഗ്ഗങ്ങളാണ്. എന്നാൽ ഇതേ അധ്യായത്തിൽ തുടർന്ന് പറയുന്നത് മനുഷ്യർക്ക് ഉത് കൃഷ്ടമായതു ദൈവദൃഷ്ടിയിൽ നികൃഷ്ടമാണ് എന്നാണ് (ലൂക്ക 16 /15). കാരണം, സത്ത നഷ്ടപ്പെട്ടു പോകുന്ന ക്രിസ്തു ശിഷ്യർ അവർക്കു വേണ്ടി ഉണ്ടാക്കുന്ന നിത്യ കൂടാരങ്ങൾ ഏതു സ്വഭാവമുള്ളതായേക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ