Gentle Dew Drop

ജനുവരി 17, 2021

വിശ്വാസത്തിലെ വിശ്വസ്തത

ദൈവം സ്നേഹമായതു കൊണ്ടാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്. ദൈവജീവൻ പോലും നമ്മൾ മനസ്സിലാക്കുന്നത് പ്രപഞ്ചത്തിലെ ജീവവും ആജീവവുമായ വസ്തുക്കൾ നിലനിൽക്കുന്ന അവസ്ഥയെ ഒരു സമാന്തരസാദൃശ്യം ഉപയോഗിച്ചുകൊണ്ടാണ്. അതുപോലെ തന്നെയാണ് സ്നേഹിക്കുക എന്നതും. ദൈവത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഭാവനയിൽ കാണുമ്പോഴും നമ്മുടെ അനുഭവതലത്തിൽ വരുമ്പോഴും വൈകാരിക പ്രതിഫലനങ്ങൾ സ്വാഭാവികമാണ് എന്നാൽ ആ വൈകാരിക പ്രതിഫലനങ്ങളല്ല ദൈവസ്നേഹം. സ്നേഹത്തിലുൾപ്പെടുന്നവരുടെ നന്മ സ്നേഹം ഉറപ്പു വരുത്തുന്നു. നന്മയിൽ നിറക്കുകയും വളർത്തുകയും ചെയ്യുന്നതാണ് ദൈവസ്നേഹം. ഏതൊരു സ്നേഹവും രൂപാന്തരപ്പെടുത്തും എന്നതുപോലെ ദൈവസ്നേഹം നമ്മെ രൂപാന്തരപ്പെടുത്തുന്നത് അവിടുത്തെ പുത്രന്റെ രൂപത്തിലേക്കാണ് (റോമാ 8:29).

അമ്മയെപ്പോലെ സ്നേഹിക്കുന്ന ദൈവത്തെ വാത്സല്യവും വിശ്വസ്തതയുമുള്ള സ്നേഹത്തിന്റെ ഉറവിടമായി കാണാം. അമ്മക്ക് മുമ്പിലുള്ള കുട്ടിസൂത്രങ്ങൾ വളർച്ചക്ക് തടസ്സമാകാൻ ദൈവം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത്തരം സമീപനങ്ങളെ ദൈവം പ്രോത്സാഹിപ്പിക്കുകയുമില്ല. സാരിത്തുമ്പിൽ മറഞ്ഞു നിൽക്കുന്ന കുഞ്ഞിനെ പുന്നാരിച്ചു സന്തോഷിപ്പിക്കുന്ന സ്നേഹത്തിൽ നിന്ന് സ്വന്തമായ ഉത്തരവാദിത്തങ്ങളിലേക്കുള്ള വളർച്ച ദൈവം ആഗ്രഹിക്കുന്നു. ഞാൻ ഒന്നുമല്ലെന്നും എപ്പോഴും അങ്ങു തന്നെയാണ് എല്ലാം ചെയ്തു തരേണ്ടത് എന്ന് പറയുന്നത് എളിമയോ വിധേയത്വമോ അല്ല, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള ഭീതിയാണ്. വളർന്ന് സ്വയം നടന്ന് ഫലം പുറപ്പെടുവിക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. ഉള്ളിലെ കരുത്തായാണ് ആ സ്നേഹം നമ്മെ നയിക്കുന്നത്. 

സ്തുതിപാഠകരുടെ പുകഴ്ത്തൽ കേട്ട് കുലുങ്ങിച്ചിരിക്കുന്ന രാജാവിനെപ്പോലെയല്ല ദൈവം. എപ്പോഴും സന്തോഷിപ്പിച്ചു നിർത്തേണ്ട ബന്ധമാണ് ദൈവവുമായുള്ള ബന്ധം എന്നത് ദൈവത്തെ കുട്ടിയാക്കുന്നതാണ്.  മിഠായി കൊടുക്കുമ്പോൾ സന്തോഷിക്കുകയും കൊടുക്കാതിരിക്കുമ്പോൾ പിണങ്ങുകയും ചെയ്യുന്ന കുട്ടി. അങ്ങനെ വികാരവിവശനാകുന്ന ദൈവം ഒരു അമ്മക്കിളി മൃദുലതയാണ് നമ്മിലും രൂപപ്പെടുത്തുന്നത്.   ചോദിക്കുന്നതൊക്കെ കിട്ടുന്നുണ്ടെങ്കിൽ ദൈവം സ്നേഹിക്കുന്നു, ഇല്ലെങ്കിൽ സ്നേഹം ഇല്ല. എന്തോ ഇഷ്ടപ്പെടാതെ വന്നത് കൊണ്ടാകാം ദൈവം തരാത്തത് അല്ലെങ്കിൽ പിണങ്ങിയിരിക്കുന്നത്. അപ്പോൾ എന്ത് ചെയ്യും ഇഷ്ടപ്പെടുത്തുന്ന സൂത്രങ്ങൾ ചെയ്യുവാൻ തുടങ്ങും. അതീവ കണിശക്കാരനാകുന്ന ഞാൻ ആ സ്നേഹത്തെക്കുറിച്ചു അല്പം പോലും ഉറപ്പില്ലാതാവുകയും ചെയ്യുന്നു. സ്നേഹം ഉറപ്പിക്കാനുള്ള വിദ്യകൾ കൂടുകയും ചെയ്യുന്നു. 

സ്നേഹത്തിൽ വൈകാരികതയുണ്ടെങ്കിലും വൈകാരികതയല്ല സ്നേഹം. വൈകാരികതയിൽ രൂപപ്പെടുത്തുന്ന ദൈവസങ്കല്പങ്ങളെ നിരൂപണത്തിനു വിധേയമാക്കുക എന്നത് കൂടി ദൈവത്തെ സ്നേഹിക്കുന്നതിൽ ആവശ്യമാണ്. അരക്കിട്ടുറപ്പിക്കുന്ന ദൈവസങ്കല്പങ്ങൾ ചിലപ്പോൾ സ്നേഹത്തിന്റെ നവീനതയും ദൈവാനുഭവവും നഷ്ടമാക്കിയേക്കാം. ഇഷ്ടപ്പെടുന്ന ഒരു സങ്കൽപം സൂക്ഷിക്കുവാനാണ് നമുക്ക് പരിചയം. വിശുദ്ധരുടെയും മറ്റ് ആത്മീയഎഴുത്തുകാരുടെയും കൃതികളിൽ  നമ്മൾ അന്ധമായി അർപ്പിക്കുന്ന വിശ്വാസവും നമ്മുടെ സങ്കല്പങ്ങളെ നിശ്ചിതമായ ഘടനകളിലേക്ക് ചുരുക്കിക്കളഞ്ഞേക്കാം.  'കാണപ്പെടാത്തവ' യും ഒരിക്കലും സങ്കല്പിക്കപ്പെടാത്തവയും ആവാം ഓരോ ദിവസവും പുതുതായ ദൈവസ്നേഹത്തിന്റെ യാഥാർത്ഥ്യം. വിശ്വാസത്തിലെ വിശ്വസ്തത കൂടിയാണത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ