Gentle Dew Drop

ജനുവരി 03, 2021

ജനതകൾക്കു പ്രകാശം

"സകല ജനതകൾക്കും വേണ്ടി അങ്ങ് ഒരുക്കിയിരുന്ന രക്ഷയെ ഇതാ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു." ദീർഘദർശിയായിരുന്ന ശിമയോന്റെ വാക്കുകളാണ്.

കാത്തിരിപ്പും ദാഹങ്ങളും പൂർത്തിയായെന്നറിയുന്ന ഒരു ആത്മസ്പർശം. തിരിച്ചറിയുന്നതും അറിയാതെപോകുന്നതുമായ രക്ഷയുടെ നിമിഷങ്ങൾ നമ്മുടെ ജീവിതത്തിലുമുണ്ട്. നമ്മുടെ ജീവിതത്തിൽ അനുഭവപ്പെടുന്ന  രക്ഷയുടെ  ആ നിമിഷങ്ങൾ ജനതകൾക്ക് പ്രകാശവും സ്വജനത്തിനു മഹത്വവുമായി മാറുന്നതെങ്ങനെയെന്നുകൂടി ധ്യാനിക്കേണ്ടതാണ്. 

പ്രകാശം തേടിയവർ പുതിയൊരു നക്ഷത്രം കണ്ട് രക്ഷയുടെ വെളിച്ചത്തെ പിന്തുടരാൻ തയ്യാറായി എന്നതാണ് ജ്ഞാനികളുടെ സന്ദർശനം. അവർക്ക് പരിചിതമായ ശാസ്ത്രവും മതവും അവർക്ക് ഉൾക്കാഴ്ചകൂടി നൽകിയിരുന്നു. സമരിയാക്കാരി അന്വേഷിച്ചതും, നിക്കോദേമോസ് തിരഞ്ഞുനടന്നതും രക്ഷയുടെ വെളിച്ചം തന്നെ. അധികാരം ഹേറോദേസിനും, മതഗ്രന്ഥങ്ങളുടെ പരിപൂർണജ്ഞാനമുണ്ടായിരുന്നിട്ടും മതം നിയമജ്ഞർക്കും, പാരമ്പര്യങ്ങളുടെ അച്ചിൽ വാർത്തെടുത്ത 'ദൈവം' ഫരിസേയർക്കും പുരോഹിതർക്കും  അതേ രക്ഷ തിരിച്ചറിയാൻ തടസ്സമായി. 

മതവും ശാസ്ത്രവും എങ്ങനെയാണ് നമ്മെ നയിക്കുന്നത്? അവ നമ്മെ കൊണ്ടുപോകുന്ന വഴിയും നമ്മൾ അവയെ മനസിലാക്കുന്ന രീതിയും സത്യത്തിലേക്കുള്ള പ്രയാണത്തിൽ മതിയായവയല്ല. മതവും ശാസ്ത്രവും നിയന്ത്രിക്കപ്പെടുന്നവയായതുകൊണ്ട്, ഉൾകാഴ്ച നൽകാത്ത അന്ധതകൾ അവയിൽ കടന്നുകൂടിയേക്കാം. ദൈവം മനുഷ്യന് തുറന്നു നൽകുന്ന ജ്ഞാനത്തിന്റെ വെളിച്ചം രണ്ടിലുമുണ്ട്. ദൂരെയൊരു വെള്ളിവെളിച്ചം പോലെ കാണപ്പെടുന്ന അടയാളങ്ങളാണവ. അവ ഉണർത്തുന്ന ഉൾക്കാഴ്ചയിൽ ബഹുദൂരം മുന്നോട്ടുപോയെങ്കിലേ സകലജനതകൾക്കും വേണ്ടിയുള്ള രക്ഷയെ കൺമുമ്പിൽ തിരിച്ചറിയാനാകൂ. 

രക്ഷയുടെ വെളിച്ചം കൊണ്ടെത്തിക്കുന്നത് ഒരു ശിശുവിലേക്കാണ്. ഇക്കാലമത്രയും കരുതിവച്ചിരുന്ന കാഴ്ചകളൊക്കെയും (മതവും അറിവും ധാർമ്മികതയും അനുഷ്‌ഠാനശുദ്ധിയും ആദർശങ്ങളും തനിമകളും) ആ നിമിഷത്തിൽ അർപ്പിതമാകുന്നതോടെ മറ്റൊരു ശൈശവത്തിലേക്കു പ്രവേശിക്കാം; ഒരു വീണ്ടും ജനനം. കണ്ടറിഞ്ഞ രക്ഷ ഇനി മഹത്വമായി വളരണം. ക്രിസ്തുവിൽ തെളിഞ്ഞുകണ്ട രക്ഷയുടെ വെളിച്ചം അവനെ കണ്ടവരിൽ ദൈവമഹത്വമായി വികസിക്കട്ടെ. ആ വെളിച്ചം ജനതകൾക്കു  മുമ്പിൽ പ്രകാശിക്കട്ടെ. 

"എനിക്ക് മുമ്പുതന്നെ അവനുണ്ടായിരുന്നു" എന്ന സ്നാപകന്റെ വാക്കുകളിൽ നമ്മൾ അന്വേഷിച്ചു തുടങ്ങും മുമ്പേ  അതിന്റെ പൊരുളായി അവൻ നമ്മിലും തേടുന്ന സത്യങ്ങളിലും, ഇന്ന് വരെ നമ്മെ നയിച്ച നന്മകളിലും മനുഷ്യരെ ഇന്നോളം ചേർത്ത് നിർത്തിയ അലിവിലും സത്യമായും ഉണ്ടായിരുന്നു എന്ന് ഗ്രഹിച്ചറിയണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ