Gentle Dew Drop

ജനുവരി 07, 2021

എന്റെ സഹായം കർത്താവിൽ നിന്ന് വരുന്നു

ഇതിനോടകം തന്നെ വർഗ്ഗഭേദം സംഭവിച്ച കൊറോണ വൈറസ് മുമ്പിലുണ്ട്. ഡിസീസ് x എന്ന ഒരു രോഗത്തിന്റെ സാധ്യതയെക്കുറിച്ചും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. പകർച്ചവ്യാധികൾ ഉണ്ടായേക്കാം, അത് അവഗണിക്കാനാവാത്ത സാധ്യതയാണ്.

എന്നാൽ, ദൈവിക സംരക്ഷണം ഉറപ്പാക്കുക എന്ന് പറഞ്ഞുകൊണ്ട് തന്നെ അതിന്റെ അഭാവത്തെക്കുറിച്ചുള്ള ഭീതി ഉണർത്തുന്നുണ്ട്. മഹാമാരികൾ ബാധിക്കാതിരിക്കുക എന്നതാണോ ദൈവികസംരക്ഷണം? ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ആത്മീയ നിർദ്ദേശങ്ങൾ എല്ലാം പാലിച്ചു കൊണ്ടുതന്നെ ജീവിക്കുകയും ചെയ്യുന്നവർക്കും രോഗം ബാധിച്ചാൽ ദൈവം സംരക്ഷിച്ചില്ല എന്ന് അർത്ഥമാക്കാമോ? അതോ ദൈവം ഉപേക്ഷിച്ചു എന്നോ? കാരണം? പാപം, ശാപം, പിശാച്.. .? പ്രത്യാശയും സമാധാനവും പകരാത്ത എന്ത് ദൈവിക സംരക്ഷണത്തെക്കുറിച്ചാണ് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങൾ കൈമാറുന്നത്? രോഗാവസ്ഥയിൽ ആണെങ്കിൽ തന്നെ ദൈവസാന്നിധ്യത്തിൽ ആ കഷ്ടതകളിലൂടെ കടന്നു പോവാനുള്ള കൃപ എന്നത് ദൈവികസംരക്ഷണമല്ലേ? ഇനി മരിച്ചാൽ പോലും ദൈവകരങ്ങളിലാണ് നമ്മൾ എന്ന ബോദ്ധ്യമല്ലേ ദൈവികസംരക്ഷണത്തിൽ വിശ്വസിക്കുന്നവർക്കുണ്ടാവേണ്ടത്?

രോഗം വരാതെ കാക്കുന്നു, വന്നിട്ടും പെട്ടെന്ന് മാറുന്നു എന്നൊക്കെയാണെങ്കിൽ ദൈവികസംരക്ഷണം; അല്ലെങ്കിൽ ദൈവകോപം. അവർക്കൊക്കെ വന്നു എനിക്ക് വന്നില്ല, ദൈവം കാത്തു നന്ദി; ഇനി അവർക്കു വന്നതോ, അവർ പാപികൾ ആയതു കൊണ്ട്. ന്യായമായ കാരണം. കാരണം ന്യായമാണ്, പക്ഷെ ദൈവം അവിടെ വികൃതമാക്കപ്പെടുന്നുണ്ട്.

സംരക്ഷണത്തിനായുള്ള മാർഗങ്ങൾ പാലിക്കാൻ സാധ്യമല്ലാത്ത ഹതഭാഗ്യരെ ദൈവം കൈവിടുമോ? ഒന്ന് കുർബാന മുടക്കരുത് എന്നാണ്. ഒരുപക്ഷേ ഇനിയും നിയന്ത്രണങ്ങൾ വന്നാൽ കുർബാനയിൽ സംബന്ധിക്കുന്നത് സാധിക്കാതെ വന്നാൽ അത് കൊണ്ട് വ്യാധികൾ വന്നു ഭവിച്ചേക്കാം എന്ന ഭയം തീർത്തും ന്യായമാകുന്നു. വചനപാരായണം എന്നത് പ്രത്യേക ഉപകാരങ്ങളെ സൃഷ്ടിക്കാവുന്ന മാന്ത്രികശക്തിയുള്ള ഒരു ഭക്തിക്രിയയായി ഇന്ന് മാറുന്നുണ്ട്. അക്ഷരങ്ങളും വാക്കുകളുമല്ല വചനം എന്ന് ആര് പറഞ്ഞു കൊടുക്കും? നിരന്തരമായ പ്രാർത്ഥന എന്നത് വേണ്ട വിധത്തിൽ മനസിലാക്കിയില്ലെങ്കിൽ, മറ്റു ജോലികളെല്ലാം മാറ്റി വെച്ച് പ്രാർത്ഥിക്കുക മാത്രം ചെയ്യുക എന്ന അർത്ഥം നൽകിയേക്കാം. അത് അസാധ്യമായതിനാൽ, പ്രാർത്ഥിക്കാത്തതുകൊണ്ട് ആപത്ത് വന്നു ഭവിച്ചേക്കാം എന്ന പേടിയുമുണ്ടാക്കാം. എന്നാൽ, വ്യക്തിപരമായ പ്രാർത്ഥന, വാക്കുകൾ ഉപയോഗിച്ചുള്ള പ്രാർത്ഥന, ആവർത്തിക്കുന്ന പ്രാർത്ഥന അങ്ങനെ സമയബന്ധിതമായി ചെയ്യുന്ന പ്രാർത്ഥനകളെപ്പോലെതന്നെ ദൈവത്തിലാശ്രയിച്ചുകൊണ്ട് സകലനിമിഷങ്ങളും കടന്നു പോകുന്നത് പ്രാർത്ഥനതന്നെയാണ്. അപ്പോൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും വിശുദ്ധിയും ദൈവമഹത്വവുമുണ്ട്. അങ്ങനെ പ്രാത്ഥനാനിർഭരമായ ജീവിതനിമിഷങ്ങളും, ജീവിതഗന്ധിയായ പ്രാർത്ഥനയുമുണ്ടാകും. എപ്പോഴും ബൈബിൾ വായിക്കുക ഉരുവിടുക, കൊന്ത ചൊല്ലുക തുടങ്ങിയ സമീപനങ്ങളിൽ പ്രകടനപരതയും ഭക്തിരാഹിത്യവുമുണ്ട്. അതല്ല ദൈവം ആഗ്രഹിക്കുന്നത്.

ദൈവികസംരക്ഷണം എന്നത് ഒരു വാക്‌സിൻ പ്രവർത്തിക്കുന്നത് പോലെയൊക്കെ അവതരിപ്പിക്കുന്നതു ശരിയല്ല. അതുപോലെയാണ് കുർബാനയും, ബൈബിൾ വാക്യവും ജപമാലയും റേഡിയേഷൻ പോലെയും നിർവീര്യമാക്കുന്ന വസ്തുക്കളെപ്പോലെയുമൊക്കെ അവതരിപ്പിക്കപ്പെടുന്നത്.

ദൈവാശ്രയബോധം വളർത്താൻ ആണ് നമുക്ക് കഴിയേണ്ടത്. അത് എന്ത് തന്നെ സംഭവിച്ചാലും ദൈവസാന്നിധ്യം കാണാൻ നമ്മെ പ്രാപ്തമാക്കുന്നതാണ്‌. കൂദാശകളും, ഭക്തിയും, ത്യാഗപ്രവൃത്തികളുമെല്ലാം ഈ ദൈവബന്ധത്തെ ആഴപ്പെടുത്തുന്നതാകട്ടെ. ഭയമാണ് പ്രേരകമെങ്കിൽ ആശ്രയിക്കുന്നത് ദൈവത്തിലല്ല, നമ്മൾ ആശ്രയിക്കുന്നത് നമ്മുടെ പ്രാർത്ഥനകളെയും ഭക്താനുഷ്ഠാനങ്ങളെയുമാണ്. ആ ദൈവാശ്രയത്തിലുള്ള ഉറപ്പാണ് വിശ്വാസം. ഒരു സ്നേഹബന്ധത്തിൽ തീർച്ചയായും ആഗ്രഹിക്കുന്ന നന്മയാണ് ആ ഉറപ്പ്. അതുകൊണ്ട് അനുഗ്രഹങ്ങൾ, സംരക്ഷണം, ക്ഷമ എന്നിവയെല്ലാം ആ സ്നേഹത്തിലുള്ള ഉറപ്പാണ്, പ്രവൃത്തികൾക്കുള്ള പ്രതിഫലമായല്ല.

ദൈവം സംരക്ഷണം നൽകുന്നത് കൃപയിലൂടെയാണ്. ദൈവകൃപ നമ്മിൽ പ്രവർത്തിക്കുന്നെന്നു ബോധ്യമുണ്ടെങ്കിൽ, നമ്മൾ തേടുന്ന സംരക്ഷണം മറ്റുള്ളവർക്കും ഉറപ്പു വരുത്താൻ നമ്മൾ പരിശ്രമിക്കും. പ്രാർത്ഥനയിലൂടെയോ, വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും അറിവുകളും പകർന്നു നൽകിയും, സാമ്പത്തികയോ ശാരീരികമോ ആയ പരാധീനതകൾ ഉള്ളവരെ സഹായിച്ചും ഒക്കെ ഈ സംരക്ഷണം പരസ്പരം നല്കപ്പെടുന്നു. അല്ലായെങ്കിൽ കഴിഞ്ഞതുപോലെ, വീഡിയോ കുർബാനകളും ഭക്തിയും തുടർന്നും ഉണ്ടാകും.

എന്റെ സഹായം കർത്താവിൽ നിന്ന് വരുന്നു, ഭൂമിയും ആകാശവും സൃഷ്ടിച്ച കർത്താവിൽനിന്ന്. എനിക്ക് സംരക്ഷണം ഉറപ്പിക്കുന്നത് എന്റെ പ്രാർത്ഥനകളല്ല എന്റെ ചെയ്തികളല്ല, ദൈവം തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ