ശീലിച്ചു സ്വന്തമാക്കുന്ന നിസ്സഹായവസ്ഥയുണ്ട്. കഴിവോ ശക്തിയോ ഇല്ലാത്തതുകൊണ്ടല്ല, എന്നാൽ നിസ്സഹായരാണെന്ന് തോന്നിപ്പോവുകയാണ്.
തനിക്കു ചെയ്യാൻ കഴിയുമോ? സമയത്തു തീർക്കാനാവുമോ? തെറ്റിപ്പോകുമോ? തോറ്റു പോകുമോ? തന്നെക്കാൾ സമർത്ഥരായ വേറെ ആരെങ്കിലും ഉണ്ടാവുമോ? അനവധി ഭയങ്ങൾ.
പലവിധം വന്നു പോയ പരാജയങ്ങൾ ഉണ്ടാക്കിയ നാണക്കേട് പുറത്തു വരാൻ പോലും അനുവദിക്കുന്നില്ല. വന്നു പോയിട്ടുള്ള തെറ്റുകളെ ഭാരങ്ങളായി വഹിച്ചുകൊണ്ടും നടക്കുന്നു. വെറുപ്പിന്റെ നീറ്റലും, ഘനീഭവിക്കുന്ന ദുഃഖങ്ങളും വലിയ ക്ഷതങ്ങളുണ്ടാക്കി തളർത്തിക്കളയുന്നു. സർവാംഗം തളർന്ന ഒരാൾക്ക് എന്താണ് പ്രത്യാശ വയ്ക്കാവുന്നത്?
ഇവയൊക്കെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ കൃപയെ/ജീവനെ തടസപ്പെടുത്തുന്നവയാണ്. അതുകൊണ്ടുതന്നെ സ്വയം നിലനിർത്തുന്ന പാപാവസ്ഥകളുമാണ്. ക്ഷമിക്കപ്പെടുന്നു എന്നത് യഥാർത്ഥത്തിൽ കൃപയിൽ നിറയപ്പെടുകയെന്നതാണ്. അപ്പോൾ പുതിയ കരുത്തും, ആത്മബോധവും, സമാധാനവും ആശ്വാസവും, ആനന്ദവും നമ്മെ നയിക്കും.
തീർത്തും വിപരീതമായി, സകലതും തങ്ങളെ ആശ്രയിച്ചാണ് എന്ന് കരുതി, ഉള്ളിൽ ദ്രവിക്കുന്ന ഭീമാകാരമായ പാറകളുമുണ്ട്. ലോകവും സമൂഹവും സഭയും വിശ്വാസവും എന്തിന് ദൈവം തന്നെയും നിലനിന്നുപോകുന്നത് അവർ വഴിയാണെന്ന് ഉറപ്പുള്ളവർ ആണവർ. അവരിലേക്ക് കൃപ കടക്കില്ല. പാറയുടെ കവചവുമായി നമുക്ക് അനങ്ങാനാവില്ല. ഹൃദയകാഠിന്യത്തിൽ സ്ഥിരപ്പെട്ടുറച്ചുപോകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ