Gentle Dew Drop

ജനുവരി 09, 2021

നിത്യജീവൻ

നമ്മളും ചുറ്റുമുള്ളവയുമൊക്കെ എന്നെന്നേക്കും അതുപോലെതന്നെ നിലനിൽക്കുന്ന ഒരു അവസ്ഥയെ വേണമെങ്കിൽ നിത്യതയെന്നു വിളിക്കാം. സമയത്തെ ബന്ധപ്പെടുത്തിയാണെങ്കിൽ അനന്തമായി നീളുന്ന സംഭവങ്ങളുടെ ഒരു ശ്രേണിയായി കാണാം. നിത്യജീവിതമെന്നത് ഈ രണ്ട് തരത്തിലും ശരിയല്ല. അത് ദൈവം സൃഷ്ടികൾക്ക് നൽകുന്ന ജീവന്റെ അവസ്ഥയാണ്. മേല്പറഞ്ഞ തരത്തിൽ സങ്കല്പിച്ചു വിശദീകരിച്ച് ജീവിതത്തെ വേറേതോ ലോകത്തു പ്രതിഷ്ഠിച്ചു പോകുന്ന ചിലരെങ്കിലുമുണ്ട്. 

നിത്യതയെന്നാൽ മാറ്റമില്ലാത്ത അവസ്ഥയാണെന്ന് പഠിപ്പിച്ചു തന്നത് ക്രിസ്തുവല്ല, പ്ളേറ്റോയാണ്. മാറ്റം അപൂർണ്ണതയായതുകൊണ്ട് പൂർണ്ണതയുടെ ലോകം മാറ്റങ്ങളില്ലാത്തതെന്ന് അദ്ദേഹം കരുതി. ചുറ്റുമുള്ളവയൊക്കെ വെറും നിഴലുകളാണ്. നിഴലുകൾ മാത്രം കാണുന്ന ഒരു ഗുഹക്കുള്ളിലാണ് നമ്മളൊക്കെയും, പ്ലേറ്റോ കരുതി. സമയത്തെ 'കാലചക്രങ്ങളാ'യാണ് പ്രാചീനമായ എല്ലാ സംസ്കാരങ്ങളും കരുതിപ്പോന്നത്. ദിനരാത്രങ്ങളും, ഋതുക്കളും ആവർത്തിക്കുന്നതുകൊണ്ടാണത്. ഒരു  പ്രത്യേക സംഭവവുമായി ബന്ധപ്പെടുത്തി സമയത്തെ മുൻപും പിറകുമായി വിഭജിച്ചു തുടങ്ങിയത് പിന്നീടാണ്. പുറപ്പാട്, മിശിഹായുടെ വരവ് എന്നിവ ബൈബിൾ അനുസരിച്ചുള്ള ആക്സിയൽ നിമിഷങ്ങളാണ്. അങ്ങനെ സമയത്തെ രേഖീയമായ രീതിയിൽ കണ്ടു തുടങ്ങുകയും ചെയ്യുന്നു. ഒരു രാജസഭയിൽ രാജാവിനെ നിരന്തരം പുകഴ്ത്തുന്ന കൊട്ടാരവാസികളെപ്പോലെ സ്വർഗ്ഗവും നിത്യതയും കാണപ്പെടുന്നുണ്ടെങ്കിൽ ഏറ്റവും വികലമായ ധാരണയാണത്. ചക്രവർത്തിമാരും സാമ്രാജ്യങ്ങളും ഇനിയും വാഴ്ച നടത്തുന്നു എന്നേ അതിനർത്ഥമുള്ളു. മാത്രമല്ല, നിത്യതയിലെ പുകഴ്ത്തലുകളാണ് ആത്മീയതയും വിശ്വാസവുമെന്ന ധാരണയിൽ അത് ഇവിടെയും വേണ്ടപ്പെട്ടവർക്കായി വിശ്വാസത്തിന്റെ ഭാഗമായി പാലിക്കപ്പെടുകയും  ചെയ്യും. 

നിത്യത അനന്തത, പൂർണ്ണത എന്നിവയൊക്കെ ദൈവജീവനുമായി ബന്ധപ്പെടുത്തി ധ്യാനിച്ച് പരിശീലിക്കണം.  ജീവന്റെ അടയാളമാണ് ക്രിയാത്മകത. ഏതൊക്കെ വിധത്തിലെന്നു നമുക്കറിഞ്ഞുകൂടാ. നമ്മളുൾപ്പെടെ പ്രപഞ്ചം ഏതുപ്രകാരം രൂപാന്തരം പ്രാപിക്കുമെന്നും നമുക്കറിയില്ല. എല്ലാം ക്രിസ്തുവിലാകും ക്രിസ്തുവിനെപ്പോലെയാകും എന്നതിൽ ആ രഹസ്യത്തിലേക്കുള്ള ഒരു നല്ല സൂചനയുണ്ട്. ജീവിച്ചാലും മരിച്ചാലും നമ്മൾ ക്രിസ്തുവിനുള്ളവരാണ്. അത്തരത്തിലുള്ള ഒരു ജീവിതമാണ് സ്തുതിയും മഹത്വവും.

"നിങ്ങൾ പരസ്പരം സ്നേഹിക്കുന്നെങ്കിൽ നിങ്ങൾ ദൈവത്തിൽ വസിക്കുന്നു." എന്നാൽ അത്തരം 'മൃദുവായ' കാര്യങ്ങളിൽ വിലകാണുവാൻ നമുക്ക് കഴിയാറില്ല. മനസിന് അഗ്രാഹ്യമായ സങ്കല്പങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള സാന്മാര്ഗികതയും നമുക്കിഷ്ടമാണ്, കാരണം അസാധ്യമെന്ന് അവ തന്നെ പറയുകയും അങ്ങനെ ഒഴികഴിവുകൾ നൽകുകയും ചെയ്യുന്നു. എന്നാൽ സ്നേഹിക്കുക, കരുണ കാണിക്കുക തുടങ്ങിയവയിൽ നമ്മുടെ സന്നദ്ധതയാണ് കാര്യമാക്കപ്പെടുന്നത്. അസാധ്യമെന്ന ധാരണകളെയും മുൻകാല നിരാശകളെയും മാറ്റിനിർത്തി അത്തരം ആന്തരിക സൗന്ദര്യങ്ങളെ പൊതുവായും, നമ്മുടെ പ്രത്യേക സാഹചര്യങ്ങളിലും സങ്കല്പിച്ചു തുടങ്ങുകയെന്നത് അവയെ പ്രായോഗിക തലത്തിൽ പരിശ്രമിക്കുവാൻ നമ്മെ തയ്യാറാക്കും. നന്മയിൽ അത്തരത്തിൽ മാറിയ ഒരു പുതുദർശനം നമ്മെത്തന്നെ ഭയപ്പെടുത്തും എന്നതാണ് സത്യം. ആദ്യപടി എടുക്കുവാനുള്ള സങ്കോചമാണത്. ദൈവകൃപ നമ്മെ നയിച്ചുകൊള്ളും. ആ ദർശനം, പുതിയ തുടക്കം മറ്റുള്ളവരുടെ ഉള്ളിലും ഒരു പുതിയ ശക്തി പകർന്നു നൽകും എന്നതാണ് സത്യം. അങ്ങനെ പരസ്പരമുള്ള ബലപ്പെടുത്തലുകളാണ് നന്മയുടെയും സ്നേഹത്തിന്റെയും പുതിയ സംസ്കാരം നമ്മിൽ തീർക്കുന്നത്. 

ജീവനിൽ വളർച്ചയുണ്ട്, പക്വതയുണ്ട്, അത് ഫലദായകമാണ്. നിത്യജീവനിലേക്കു പ്രവേശിച്ച ഒരാൾ സ്വന്തം ജീവിതത്തിലും മറ്റുള്ളവരിലും പ്രകടമാക്കുന്നതും അത്തരം ഗുണങ്ങളാവും. ഓരോരുത്തരും അവരിലുള്ള ക്രിസ്തുസാന്നിധ്യം തിരിച്ചറിഞ്ഞ് അത് പ്രകടമാക്കുകയാണ്. എന്തിനെ മാറ്റണം എന്നതിനേക്കാൾ, എന്തായിത്തീരണം എന്നതാണ് നമ്മെ നയിക്കേണ്ടത്. ക്രിസ്തുദർശനം കൺമുമ്പിലില്ലാത്തതു കൊണ്ടാണ്, ആരുടെയൊക്കെയോ അഭിപ്രായങ്ങൾക്കനുസരിച്ച് എന്തിലേക്കെന്നറിയാതെ മാറ്റം മാത്രം തുടർന്നുകൊണ്ടിരിക്കുന്നത്.  

നന്മയുടെ ദർശനങ്ങളെ പരസ്പരം കേൾക്കുക എന്നത് നിത്യജീവന്റെ പ്രസരിപ്പാണ്. തിന്മയും അക്രമവും കൊടികുത്തിവാഴുന്നു എന്നതല്ല, അവ മാത്രം എടുത്തുകാട്ടപ്പെടുന്നു എന്നതാണ് കാര്യം. സ്നേഹിക്കുവാനും, നന്മ ചെയ്യുവാനുമുള്ള കാഴ്ചപ്പാടുകൾ, അത് ചെയ്യുവാനുള്ള ധൈര്യം, സമാധാനം ഇല്ലാതാക്കുന്നവരെ തിരിച്ചറിയുന്നതും തുറ
ന്നു കാട്ടുന്നതും എല്ലാം ജീവിക്കുന്നതിലെ കരുത്താണ്.  

പ്രകാശവർഷങ്ങൾക്കപ്പുറത്തേക്കല്ല നിത്യത കാണേണ്ടത്. നിത്യജീവന്റെ പൊരുൾ ഗ്രഹിക്കുവാൻ നോക്കേണ്ടത്  ക്രിസ്തുവിലേക്കാണ്, അവനിലുള്ള ജീവന്റെ പൂർണ്ണതയിലേക്കാണ്. സകലതും അതിന്റെ സ്വഭാവം സ്വീകരിക്കുന്നതും വളർച്ച പ്രാപിക്കുന്നതും വചനം എന്ന വലിയ രഹസ്യത്തിലാണ്. ആ വചനം മനുഷ്യരൂപത്തിൽ നമുക്ക് മുമ്പിൽ കാണപ്പെടുമ്പോൾ അവനിൽ ജീവന്റെ  ഉറപ്പുകണ്ടുകൊണ്ടു തന്നെ അവനെ അനുകരിക്കുകയെന്നതാണ് അനന്തജീവൻ. എന്നെന്നേക്കും നിലനിൽക്കുക എന്നതിനേക്കാൾ അവനിൽ ജീവിക്കുക എന്നതിനെ ധ്യാനിക്കാൻ നമുക്ക് കഴിയണം, ഇന്നലെയും ഇന്നും എന്നും, അത് എങ്ങനെയും ആവട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ