Gentle Dew Drop

ജനുവരി 12, 2021

അമിതഭക്തി ദൈവരഹിതം

അസാധാരണവും അഭൗമവുമായ അനുഭവങ്ങൾ ഉണ്ടായെങ്കിൽ മാത്രം രൂപപ്പെടേണ്ടതല്ല നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവം കൂടെ നടക്കുന്നെന്ന ബോധ്യം. അങ്ങനെയുള്ള അനുഭവങ്ങൾ എപ്പോഴും ദൈവിക വെളിപാടുകളാണെന്ന് തീർച്ചയാക്കാനുമാവില്ല. വിശ്വാസം ദൈവദാനമാണ്. കൃപയാലാണ് അത് പരിപോഷിപ്പിക്കപ്പെടുന്നതും ആഴപ്പെടുന്നതും.

ദൈവം നമ്മോടു കൂടെ എന്നതിൽ വിശ്വസിക്കാൻ, യാഥാർത്ഥ്യമാണെങ്കിൽക്കൂടി എത്രയധികം ബുദ്ധിമുട്ടാണ് നമുക്ക്. നമ്മുടെ സാധാരണ അവസ്ഥകളിലേക്കു തന്നെയാണ് ദൈവം വന്നു വസിക്കുന്നത്. അസാധാരണ ഭക്തി, വിശ്വാസം തുടങ്ങിയവയൊക്കെയാണ് രൂപപ്പെടുത്തി പാലിക്കുവാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തിൽ ആശ്രയിക്കുക, ഹൃദയം തുറന്ന് പ്രാർത്ഥിക്കുക, ഭക്തിയിലും ബന്ധങ്ങളിലും ആത്മാർത്ഥത ശീലിക്കുക. നമ്മിലെ ദൈവപ്രവൃത്തികൾക്ക് ഒന്നും തടയിടില്ല (നമ്മൾ തന്നെയാണ് തടഞ്ഞു വയ്ക്കുന്നതെന്നതാണ് സത്യം). പ്രകടനപരതയുള്ള എല്ലാ 'ഭക്ത' രൂപങ്ങളിലും യാന്ത്രികതയും മാന്ത്രികതയുമുണ്ട്. അവിടെ ആശ്രയിക്കപ്പെടുന്നതും പ്രസാദിപ്പിക്കപ്പെടുന്നതും 'ചെയ്യപ്പെടുന്നവയും' അതിലൂടെ നമ്മൾ തന്നെയുമാണ്.

പാരമ്യതയിൽ, ഭക്തിയോ വിശ്വാസമോ കാണപ്പെടില്ല. ഏറ്റം കുറഞ്ഞാൽ അവിശ്വാസമോ നിരീശ്വരത്വമോ, കൂടിയാൽ അന്ധവിശ്വാസവും ആകും അത്. സുരക്ഷക്ക് വേണ്ടി ബൈബിൾ കൊണ്ട് ആരതിയുഴിയുന്ന ഭക്തിയും വിശ്വാസവും വരെ രൂപപ്പെട്ടുകഴിഞ്ഞു. അമിതഭക്തി തികച്ചും ദൈവരഹിതമാണ്.

വ്യക്തിപരമായ വെളിപാടുകൾ ഏതൊരു പരിശുദ്ധാത്മ വരവും  പോലെതന്നെ വിവേകത്താൽ നയിക്കപ്പെടേണ്ടതാണ്. അതിന്റെ സത്യാവസ്ഥയും അർത്ഥതലങ്ങളും മനസിലാക്കാൻ വിവേചനവരവും ആവശ്യമാണ്. വ്യക്ത്തിപരമായ വളർച്ചക്കുപകരിക്കുന്ന ഒരു സന്ദേശമോ അനുഭവമോ, പൊതുവായി അതെ നന്മകൾ കൊണ്ടുവരണമെന്നില്ല, മാത്രമല്ല അത് എല്ലാവർക്കുമായുള്ള ഒരു സന്ദേശമാകണമെന്നുമില്ല. ഒരാൾ ദൈവത്തെക്കുറിച്ചും മാതാവിനെക്കുറിച്ചും പറഞ്ഞതുകൊണ്ട് അവ ദൈവികമായ സന്ദേശങ്ങളാണെന്ന് ഒരു നിർബന്ധവുമില്ല, അത് ഒരാളുടെ മാനസികാവസ്ഥകൾ രൂപപ്പെടുത്തുന്നവയുമാകാം. അതുകൊണ്ടാണ് വിവേകത്തോടെ നയിക്കാൻ കഴിയുന്ന ആത്മീയ ഉപദേഷ്ടാവ് നമുക്കാവശ്യമായുള്ളത്. തികച്ചും 'ആത്മീയ' ലോകത്തു കഴിയുന്ന ഒരാളെ സംബന്ധിച്ച് ചിലപ്പോൾ ഉണ്ടായേക്കാവുന്ന തെറ്റായ ചുവടുകൾ ചൂണ്ടിക്കാണിക്കുവാൻ അവർക്കു കഴിഞ്ഞേക്കും.  അത്തരം സാഹചര്യത്തിൽ  ഒരാളോട് വ്യക്തിപരമായി 'ദൈവം പറഞ്ഞത്' ദൈവം പറഞ്ഞതല്ല എന്ന് പറഞ്ഞു കൊടുക്കാൻ  ഉപദേശകർക്കും, ഉപദേശകരെ എളിമയോടെ കേൾക്കാൻ 'ആത്മീയാനുഭവങ്ങൾ' ഉണ്ടാകുന്നവർക്കും കഴിയണം. എളിമയിലേ വരങ്ങളും വളരൂ. ആത്മാവിൽ പക്വതയോടെ വളർന്നവരും വളർത്തിയവരും നമ്മുടെ ഇടയിൽത്തന്നെ ഉണ്ടെന്നത് സത്യം. അവരെ പക്ഷേ സ്‌ക്രീനുകളിൽ കണ്ടെന്നു വരില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ