നാടകീയമായ നിമിഷങ്ങളാണ് പൗലോസ് ശ്ലീഹായുടെ മാനസാന്തരകഥ. ആകസ്മികതകളിൽ നിന്നും പതിയെ പ്രത്യാശയിലേക്കും സാക്ഷ്യത്തിലേക്കും നയിക്കുന്നതാണ് ആ ജീവിതകഥ. ആ നാടകീയതകളെക്കാളും നമ്മെ ആകർഷിക്കുന്നത് പിന്നീടങ്ങോട്ട് അയാൾ ക്രിസ്തുവിനോട് കാണിക്കുന്ന സ്നേഹമാണ്.
ഡമാസ്കസിലേക്കുള്ള യാത്രാമധ്യേയാണ് പൗലോസിന് ക്രിസ്തുവിന്റെ വെളിച്ചം ലഭിക്കുന്നത്. ആ വെളിച്ചം അയാളെ താഴെ വീഴിക്കുന്നു. യാത്രയിൽ ആ ചെറുപ്പക്കാരന്റെ ഉള്ളിലെ ചിന്തകൾ എന്തായിരുന്നിരിക്കാം? താൻ ആരാണ്? ചെറുപ്പം മുതലേ അതിനിഷ്ഠയോടെ നിയമങ്ങൾ പാലിക്കുന്ന യഹൂദൻ, റബ്ബി ഗമാലിയേലിൽനിന്നും നിയമം പഠിച്ചവൻ, പേരുപോലെതന്നെ ചോദ്യങ്ങളുയർത്താൻ ആധികാരികതയുള്ളവൻ (സാവൂൾ എന്നാൽ ചോദ്യം ചെയ്യുക എന്നർത്ഥം).
എന്നാൽ, വിജാതീയരുടെ ഗലീലിയിൽ നിന്നും ഏതാണ്ട് സമപ്രായക്കാരനായ ഒരു ആശാരിയുടെ വാക്കിനു പിറകേ കുറെ ആളുകൾ. അധികാരികൾ അവനെ ദൈവദൂഷണമാരോപിച്ചു കൊന്നു കളഞ്ഞെങ്കിലും അവൻ ജീവിക്കുന്നു എന്ന് ഏറ്റുപറഞ്ഞുകൊണ്ട് അവർ നടക്കുന്നു. അവനാണ് മിശിഹാ എന്ന് അവർ പറയുന്നു. മരിച്ചവൻ ജീവിച്ചിരിക്കുന്നു എന്ന് പറയാൻ മാത്രം എന്ത് സ്വാധീനമാണ് അവനുള്ളത്? കൈകാലുകൾ ബന്ധിച്ച് കാരാഗൃഹത്തിലടച്ചിട്ടും, കല്ലെറിഞ്ഞിട്ടും ഉപേക്ഷിക്കാത്ത ആ ബോധ്യം എന്താണ്?
സാവൂൾ, സാവൂൾ, നീ പീഡിപ്പിക്കുന്നത് എന്നെത്തന്നെയാണ്. സാവൂളിന് പിന്നീട് ചോദ്യങ്ങളില്ല.
പിന്നീട് അയാൾ ഉയർത്തിയത് ഒരു ഉത്തരമാണ്; ജീവിതത്തിന്റെയും നിയമങ്ങളുടെയും മതത്തിന്റെയും പൂർണ്ണതയായ ക്രിസ്തു. മിശിഹായായും കൃപയുടെ ഉറവിടമായും അതേ ആശാരിയെ അയാൾ തുറന്നു കാട്ടുന്നു. ആദ്യജാതനെന്ന് ക്രിസ്തുവിനെക്കുറിച്ച് എടുത്തു പറയുന്ന പൗലോസ് സ്വയം എളിയവനാകുന്നു (പോൾ എന്നാൽ എളിയവൻ/ ചെറിയവൻ എന്നർത്ഥം). അതിലൊക്കെയുമുപരി അയാളുടെ സ്നേഹം വളരെ വലുതാണ്. അവനോടുള്ള സ്നേഹത്തെപ്രതി തനിക്കു സ്വന്തമെന്നുള്ള സകല അംഗീകാരവും ഉച്ഛിഷ്ടമായി അയാൾ കരുതുന്നു. ക്രിസ്തുസ്നേഹമായിരുന്നു അയാളുടെ ആന്തരിക ശക്തി. ഇനിമേൽ ജീവിച്ചത് അയാളിൽ ക്രിസ്തുവായിരുന്നു.
വെളിച്ചം വീഴ്ത്തിയ സാവൂൾ പിന്നീട് ദിവസങ്ങളോളം അന്ധകാരത്തിലായിരുന്നു. പീഡിപ്പിച്ചപ്പോളെല്ലാം ആ നസ്രായനെയാണ് താൻ പീഡിപ്പിച്ചതെന്ന് വീണ്ടും വീണ്ടും അയാളുടെ ഹൃദയത്തിൽ മുഴങ്ങിക്കേട്ടു. മരണത്തിനു കീഴടക്കാനാവാതെ ജീവിക്കുന്ന ക്രിസ്തുവിന്റെ രൂപം അയാൾ കണ്ടു. പിന്നീടുള്ള തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ആ ക്രിസ്തുരൂപം പ്രതിഫലിക്കുന്നു. ജീവിക്കുന്ന മിശിഹാ തൻ പീഡിപ്പിച്ചവരിലാണ്, ആ സമൂഹമാണ് അവന്റെ ശരീരം.
ആ ക്രിസ്തു ശരീരത്തിന്റെ സാന്ത്വനശബ്ദം അനാനിയാസിൽ പൗലോസ് കേട്ടു, കണ്ണുകളിൽ സൗഖ്യസ്പര്ശമായി, പിന്നീട് ആത്മാഭിഷേകമായി. അനാനിയാസ് അവനെ വിളിച്ചത് 'സഹോദരൻ' എന്നായിരുന്നു. അപ്പസ്തോലരുടെ മധ്യേ കടന്നു ചെന്നപ്പോഴും തങ്ങളെ പീഡിപ്പിച്ച ഒരുവൻ എന്നല്ല, തങ്ങളിൽ ഒരുവൻ എന്ന വണ്ണം അവർ അവനെ സ്വീകരിച്ചു. അവരുടെ അഭിഷേകത്തിന്റെ കരങ്ങൾ നീട്ടിക്കൊടുത്തു; ക്രിസ്തുശരീരത്തിന്റെ സ്നേഹസ്പർശം, സ്വീകാര്യത. നിയമങ്ങളെ അതിലംഘിക്കുന്ന ആ സ്നേഹത്തെയാണ് പിന്നീട് അയാൾ ജീവിത നിയമമാക്കിയത്. യഹൂദരും ഗ്രീക്കുകാരും അവരും നമ്മളും ആയി അകൽച്ചയില്ലാത്ത ക്രിസ്തുവെന്ന പുതിയ നിയമവും സ്നേഹവും.
മതത്തിന്റെയും നിയമത്തിന്റെയും കണിശതയുടെയും സാവൂളിൽ നിന്നും, ക്രിസ്തുവിന്റെയും വചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൗലോസിലേക്കുള്ള മാനസാന്തരം ഒരിക്കലല്ല, ഓരോ നിമിഷവും നമ്മിലുമുണ്ടാവണം. ക്രിസ്തുവിനെ മാറ്റി നിർത്തി മതത്തെ മുന്നോട്ടു കൊണ്ട് വരാൻ തീർത്തും എളുപ്പമാണ്. വചനത്തെ അടച്ചു വച്ച നിയമപാലനം നമുക്ക് സൗകര്യവുമാണ്. അന്ധതയിൽ തപ്പിത്തടയുമ്പോൾ സഭയായും സമൂഹമായും ഇന്ന് നമ്മൾ അറിയേണ്ടത് ക്രിസ്തു നമുക്ക് വിലയില്ലാത്തവനായിക്കഴിഞ്ഞു എന്നാണ്. എന്നാൽ മതത്തിൽ നിന്ന് നേട്ടങ്ങളുണ്ട് താനും.
പക്ഷേ, കാരാഗൃഹത്തിലും, ദാരിദ്ര്യത്തിലും, പീഡനത്തിലും, വിശപ്പിലും, നഗ്നതയിലും ദുരിതത്തിലും നിറവാകുവാൻ ക്രിസ്തുവിനു മാത്രമേ കഴിയൂ.
ധ്യാനപൂർവ്വം കേൾക്കാം ശബ്ദസന്ദേശം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ