Gentle Dew Drop

ഫെബ്രുവരി 07, 2021

അന്ധവിശ്വാസങ്ങൾ വിശ്വാസമല്ലേ

അന്ധവിശ്വാസങ്ങളിലെ ആശ്ചര്യകരമായ കാര്യം വിശ്വസിക്കുന്നവർക്ക് അതിൽ വിശ്വസനീയമായ 'യുക്തി'യുണ്ട് എന്നതാണ്. അവർക്കു അത് ഒരിക്കലും അന്ധമല്ല. അന്ധവിശ്വാസങ്ങൾ വിശ്വാസമല്ലേ? അവ വ്യക്തിസ്വാതന്ത്ര്യമായി ആദരിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യേണ്ടതില്ലെ?

മൃതദേഹം ഇരുമ്പു കമ്പികളിൽ ബന്ധിക്കുക, അവ ആരുടേയും ചോര കുടിക്കാതിരിക്കാൻ മൃതദേഹത്തിന്റെ വായ്ക്കുള്ളിൽ കല്ല് തിരുകി വയ്ക്കുക തുടങ്ങിയവയിൽ പ്രതീക്ഷിക്കപ്പെടുന്നതും പാലിക്കുന്നതുമായ 'യുക്തി'യുണ്ട്.

അന്ധവിശ്വാസത്തെ വിശ്വാസങ്ങളിൽ നിന്ന് വേർതിരിക്കുവാനും നിർവചിക്കുവാനും ബുദ്ധിമുട്ടാണ്. നിയന്ത്രിതമല്ലാത്ത അവസ്ഥകൾക്ക് മേൽ അവ മായികമായ നിയന്ത്രണം നൽകുന്നു എന്ന വിശ്വാസം ചെറുതല്ലാത്ത ആശ്വാസമാണ് നൽകുന്നത്. അതുകൊണ്ടാണ് കൂടുതലും അവ ആശങ്ക, അരക്ഷിതാവസ്ഥ, ഭീതി, തുടങ്ങിയവയെ ബന്ധപ്പെടുത്തിയാകുന്നത്. ആശ്വാസത്തിന് പകരം ചിലവ ആശങ്കയിലേക്കും പേടിയിലേക്കും നയിക്കാറുമുണ്ട്. ഭാഗ്യം, ശുഭസൂചനകൾ, ശുഭാരംഭം (അത് ജന്മത്തെക്കുറിച്ചോ ഒരു യാത്രയുടെ ആരംഭത്തെക്കുറിച്ചോ ആകാം) എന്നിവയെയൊക്കെ ബന്ധപ്പെടുത്തി വിശ്വാസങ്ങളുണ്ട്.

ഒരു ശീലം പോലെ പാലിച്ചു പോരുന്ന ചില ആചാരങ്ങളുണ്ടാകാം. അതില്ലെങ്കിൽ അവർക്കു ആത്മവിശ്വാസമുണ്ടാവില്ല. ചെയ്യുന്ന പ്രവൃത്തിയും പ്രതീക്ഷിക്കുന്ന ഫലവും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് അവർക്കു തന്നെ അറിയുകയും ചെയ്യാം. എന്നാൽ അവരുടെ ആത്മബലത്തിനുവേണ്ടി അവർ സ്വയം നിർബന്ധിതമാവുകയാണ്.

ഞാൻ പിന്തുടരുന്നത് ശുദ്ധമായ വിശ്വാസവും മറ്റുള്ളവരുടേത് അർത്ഥമില്ലാത്ത വെറും അന്ധവിശ്വാസങ്ങളും എന്ന് കരുതുന്നത് ശരിയല്ല. വിശ്വാസങ്ങളെയെല്ലാം ദൈവികവും മതപരവും എന്ന് കരുതി വണങ്ങും മുമ്പേ വിമർശന വിധേയമാക്കപ്പെടേണ്ടതുണ്ട്. ജീവിതത്തിന്റെ അർത്ഥവും ക്രമവും സമൂഹത്തിന്റെ സ്ഥായിഭാവവുമൊക്കെയാണ് ആചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും പിറകിൽ. സാമൂഹിക മേല്കോയ്മകളെ നിലനിർത്തുവാൻ വിധം ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായി രൂപപ്പെട്ടവയും ഉണ്ടാകാം. അതുകൊണ്ടു തുറവിയുള്ള ഒരു സമൂഹം തന്നെയാണ് അവയെ കാലാനുസൃതമായി വിമര്ശനവിധേയമാക്കേണ്ടത്.

ശാസ്ത്രമല്ല അവസാനവാക്ക് പറയേണ്ടത് എങ്കിലും ശാസ്ത്രീയമായ അവലോകനരീതി പാലിക്കപ്പെടേണ്ടതുണ്ട്. ആചാരങ്ങൾക്ക് പിറകിലെ മനഃശാസ്ത്രം, സാംസ്കാരികവും സാമൂഹികവും പാരിസ്ഥിതികവുമായ അവയുടെ പങ്ക് തുടങ്ങിയവ അറിയുന്നത് പുതിയ ബോധ്യങ്ങളോടെ അതേ ആചാരങ്ങളെ സമീപിക്കുവാൻ സഹായിക്കും. ഹിതകരമല്ലാതെ എന്തെങ്കിലും അതിന്റെ ഭാഗമായുണ്ടെങ്കിൽ അവയെ മാറ്റി നിർത്തുവാനും അങ്ങനെ കഴിയും. പ്രകൃതിയുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങൾക്ക് പിറകിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര സംരക്ഷണത്തിന്റെ ബന്ധം കാണാം.

അന്ധവിശ്വാസങ്ങളിലെ ലക്ഷ്യങ്ങളെ അറിയുക എന്നത് വ്യക്തികളെയും സമൂഹമായും വേണ്ട പുതിയ ഉണർവിലേക്കു നയിച്ചേക്കാം. ഭാവിയെക്കുറിച്ചുള്ള ആശങ്കയാകാം ഭാവി അറിയാൻ ഒരാളെ പ്രേരിപ്പിക്കുന്നത്. വലിയ എന്തൊക്കെയോ സൗഭാഗ്യങ്ങളാകാം ഹീനമായ പ്രവൃത്തികൾ പോലും ചെയ്യുവാൻ ചിലരെ പ്രേരിപ്പിക്കുന്നത്. ഇവയെ ചില വിശ്വാസങ്ങൾ മാത്രമായി കാണുന്നതിന് പകരം സമൂഹത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും രൂപപ്പെടുന്ന ജീവിത ഭാവങ്ങളായി കാണണം. അത്തരം സങ്കല്പങ്ങൾ രൂപീകരിക്കുന്നതിൽ കാരണക്കാരായവർ സമൂഹത്തിൽ ഉണ്ടെങ്കിൽ അവർ സൃഷ്ടിക്കുന്ന മായിക ലോകം അവരെ വിശ്വസിക്കുന്നവർക്ക് യഥാർത്ഥ ലോകം തന്നെയാണ്. അത്തരം ക്രൂരതകളെ ഒരു മൃദുലവിശ്വാസത്തിന്റെയും സംരക്ഷണം നൽകാതെ സമൂഹത്തിന്റെ നന്മക്കായി തിരുത്തപ്പെടണം. പ്രകൃതിയോ മനുഷ്യനോ ആവട്ടെ, ഓരോന്നും അർഹിക്കുന്ന അന്തസ്സിനെ ഹനിക്കുന്ന ഏതൊരു വിശ്വാസവും അന്ധവിശ്വാസം തന്നെയാണ്.
മനുഷ്യൻ എന്തിനാണ് അതിമാനുഷികത തേടുന്നത്? എന്തിനാണ് വേഗത്തിൽ പരലോക പ്രവേശനം അന്വേഷിക്കുന്നത്? പരിമിതികളിലും മതിയായ അർത്ഥത്തോടെ ജീവിക്കുവാൻ ആളുകളുടെ ജീവിതസാഹചര്യങ്ങളിൽ മതവിശ്വാസങ്ങൾ അവതരിക്കേണ്ടതുണ്ട്. പകരം, ജീവിക്കുന്ന വീടും സാഹചര്യവും ശരീരവും ലോകവും ഹീനവും ദുര്യോഗവും ശിക്ഷയുമായി കാണുവാൻ പഠിപ്പിക്കുന്ന മതചിന്തകൾ അബദ്ധധാരണകളാണ്. ആ പീഡകളിൽ നിന്ന് മുക്തി വാഗ്ദാനം ചെയ്യുന്നവർ വൈകാരികവും സാമ്പത്തികവും ബൗദ്ധികവും വിശ്വാസപരവുമായ ചൂഷണമാണ് ചെയ്യുന്നത്.

പാവപ്പെട്ടവരോ ധനികരോ വിദ്യാസമ്പന്നരോ വിദ്യാഹീനരോ ആവട്ടെ അവർ നേരിടുന്ന ജീവിതാവസ്ഥയിലെ ദൈന്യതകൾ പലതാകാം. 'സ്വന്തം' എന്നത്, മാറ്റി നിർത്തി തന്റേതു മാത്രമാകുന്ന നമ്മുടെ ജീവിതങ്ങളിൽ ഈ ദൈന്യതകളെ അയൽക്കാരോടോ അടുത്തുള്ളവരോടോ തുറന്നു പറയാൻ അഭിമാനപ്രശ്നം നേരിടുന്നവരാണ് നമ്മിലേറെയും. പ്രശ്നങ്ങളെ രഹസ്യമായി പരിഹരിക്കാനുള്ള ശ്രമത്തിൽ അന്ധവിശ്വാസങ്ങളുടെ ഇരയാവുന്നതും യാഥാർത്ഥ്യമാണ്. അതുകൊണ്ട് അന്ധവിശ്വാസം ഒരു യാഥാർത്ഥ്യമാണെങ്കിൽ, അവയുടെ കാരണങ്ങളും നമുക്കിടയിൽത്തന്നെയാണ്. നമ്മുടെ തന്നെ സമൂഹത്തിന്റെ ഇനിയും പരിഹരിക്കപ്പെടേണ്ട ആവശ്യങ്ങളാണവ. അവയെയാണ് തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ