Gentle Dew Drop

ഫെബ്രുവരി 07, 2021

യൂറോപ്പും മധ്യപൂർവ്വേഷ്യയും കേരളത്തിൽ

യൂറോപ്പും മധ്യപൂർവ്വേഷ്യയും കേരളത്തിൽ ആവർത്തിക്കുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വിശ്വാസികൾക്കിടയിൽ യൂറോപ്പും, സഭയുടെ സ്ഥാപനഘടനയിൽ മധ്യപൂർവ്വേഷ്യയും.

ദാരിദ്ര്യവും പട്ടിണിയും വെല്ലുവിളികളുയർത്തിയ 11 -14 നൂറ്റാണ്ടുകളിൽ തന്നെ യൂറോപ്പിൽ വിശ്വാസം നാമാവശേഷമാകുമായിരുന്നു. സമൂഹത്തിലും മതത്തിനുള്ളിലും, ദുരിതത്തിലായിരുന്ന സാധാരണക്കാരും സുഖലോലുപതയിൽക്കഴിഞ്ഞ അധികാരവർഗവും എന്നത് സാധാരണ സാമൂഹികക്രമമായിരുന്നു. ക്രിസ്തീയസന്മാര്ഗികത പൊതുവായ നിയമമെന്നതുകൊണ്ടും പ്രാർത്ഥന ആശ്രയമായിരുന്നതുകൊണ്ടും ആളുകൾ ക്രിസ്തീയരായി ജീവിച്ചു പോന്നു. വിശ്വാസപ്രബോധനമോ 'സത്യ'വിശ്വാസമോ അവർക്ക് അന്യമായിരുന്നു. അവ ദൈവശാസ്ത്രജ്ഞരുടെ സംവാദവിഷയങ്ങളായി നിലനിന്നു. ആ സാഹചര്യത്തിൽ ഉയർന്നു വന്ന സന്യാസസമൂഹങ്ങൾ വിശ്വാസം നിലനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചു. എങ്കിലും 14 ാം നൂറ്റാണ്ടു മുതൽ പടർന്നുപിടിച്ച black death മതത്തെയും മരുന്നുകളെയും നിശബ്ദമാക്കി. ദുരിതങ്ങൾക്ക് കാല്പനികത നൽകിയ 'ആത്മീയ'കാഴ്ചപ്പാടുകൾ പ്രചരിച്ചപ്പോൾ ശരീരത്തിന്റെയും ലോകത്തിന്റെയും ധന്യതയെ എടുത്തു കാണിക്കുന്ന സത്യപ്രബോധനങ്ങൾ രൂപപ്പെട്ടുമില്ല. ആളുകളുടെ മനസ്സിൽ രൂപപ്പെട്ട ചോദ്യങ്ങൾ കാണപ്പെടാതെ സ്വരുക്കൂട്ടപ്പെട്ടത് പതിയെ സ്വതന്ത്രചിന്തകൾക്ക് വലിയൊരു അടിത്തറ നൽകി.
നവോത്ഥാനം, അച്ചടിയന്ത്രത്തിന്റെ വരവ്, വായിക്കാനുള്ള പരിശീലനം എന്നിവ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാക്കി. അധികാരികളുടെ വ്യാഖ്യാനങ്ങൾക്കു പകരം സ്വയം വ്യാഖ്യാനിക്കാനും അർത്ഥം സ്വീകരിക്കുവാനും തങ്ങൾക്കു കഴിയുമെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങി. സമാന്തരമായി ആവിർഭവിച്ച മതേതരചിന്ത, പ്രബുദ്ധത, സ്വതന്ത്രചിന്തക്ക് ഒത്തു പോന്ന മൂല്യങ്ങൾ, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ മതത്തെ പരിഗണിക്കപ്പെടേണ്ടതല്ലാതെ മാറ്റി നിർത്തി. പരമ്പരാഗത മതങ്ങൾക്ക് സ്വാഭാവികമായി വന്നുകൊണ്ടിരുന്ന അപചയത്തോടു ഈ പ്രവണത കൂട്ടിച്ചേർക്കപ്പെട്ടു. മതരഹിതമായ സമൂഹം മെച്ചപ്പെട്ട ഒരു സാധ്യത ആയല്ല, സ്വീകരിക്കേണ്ട ഒരേ ഒരു സാധ്യതയായി കാണപ്പെട്ടു തുടങ്ങി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി താല്പര്യമുള്ളവർക്ക് വിശ്വസിക്കുകയും ആവാം. ജീവിതത്തിന്റെ നാനാവിധ അവസ്ഥകളിലേക്ക് സുവിശേഷമൂല്യം നൽകുവാൻ പുതിയശൈലികളിൽ സമർപ്പിതജീവിതത്തെ പുനഃക്രമീകരിച്ചു കൊണ്ട് പുതിയ സമൂഹങ്ങൾ രൂപപ്പെട്ടിരുന്നു. പക്ഷേ അവരിൽ പലരുടെയും ഉത്ഭവപ്രചോദനത്തെ നിലനിർത്താനോ കാലഘട്ടത്തിനനുസരിച്ച് പുനർവായന നടത്തുവാനോ കഴിയാതെ പോയ പല സമൂഹങ്ങളും കാലഹരണപ്പെട്ടു. മധ്യയുഗ ഫ്യൂഡൽ സംവിധാനത്തിൽ നിന്നും, സ്വതന്ത്രമായ ചിന്താഗതിയുള്ള സമൂഹങ്ങളിലേക്കു മാറുമ്പോഴും വിശ്വാസത്തെ ലളിതവും ഹൃദ്യവുമായി കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞ ചിലരെങ്കിലും ഉണ്ടായിരുന്നു എന്നത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. എന്നാൽ ഈ കാലഘട്ടങ്ങളിൽ സമൂഹത്തിലും, അവരുടെ അവസ്ഥകളിലും വേരൂന്നി വളർന്ന ചിന്തകളോടും പ്രശ്നങ്ങളോടും ചോദ്യങ്ങളോടും തുറന്നു സംവദിക്കാൻ തയ്യാറാവാതിരുന്നത് വലിയ അകൽച്ച മതത്തിനും സമൂഹത്തിനുമിടയിൽ രൂപപ്പെടുത്തുകയും ചെയ്തു.

മതമെന്ന നിലയിൽ മാറ്റപ്പെടേണ്ടതും വിശ്വാസമെന്ന നിലയിൽ നിലനിർത്തപ്പെടേണ്ടതുമായവയെ ചൂണ്ടിക്കാണിക്കുന്ന അടയാളങ്ങൾ വെളിപ്പെടുന്നത് സമൂഹത്തിൽത്തന്നെയാണ്. സമൂഹവും സംസ്കാരവും പരിണാമവിധേയമാണെന്നതുപോലെ പാരമ്പര്യങ്ങളും ആചാരങ്ങളും മാറ്റങ്ങളുടെ സൃഷ്ടി തന്നെയാണ്, അവ മാറ്റങ്ങൾക്കു വിധേയവുമാണ്. സാമൂഹിക സാംസ്കാരിക മാറ്റങ്ങൾക്കനുസരിച്ച് വളർന്നു വരുന്ന ചിന്തകളെയും പ്രശ്നങ്ങളെയും, പരാതികളെയും വ്യത്യസ്തമായ ആശയങ്ങളെയും അകറ്റി നിർത്തപ്പെടുന്നത് സമൂഹത്തെത്തന്നെ അകറ്റുകയാണ്.

മധ്യപൂർവ്വേഷ്യയിലെ അസ്വസ്ഥതകൾ മറ്റേതെകിലും ശക്തികളുടെ കടന്നുകയറ്റത്തേക്കാൾ അധികാരമത്സരങ്ങൾ സൃഷ്ടിച്ച ആന്തരിക ശിഥിലതയിൽ നിന്ന് വന്നു ഭവിച്ചതാണ്. യൂറോപ്പിലേതുപോലെ ഒരു നവീകരണത്തിനായി എന്തെങ്കിലും മുന്നേറ്റങ്ങൾ അസാധ്യമാവുകയും ചെയ്തു. അധികാരം, പ്രീണനം, സ്ഥാപിതതാല്പര്യങ്ങൾ, മാത്സര്യം തുടങ്ങിയവ എക്കാലത്തും മതത്തെ ശിഥിലമാക്കിയിട്ടേയുള്ളു. അത്തരം സാഹചര്യത്തിൽ ജനപിന്തുണക്ക് മതം രാഷ്ട്രീയ ഉപകരണമാകും എന്നതിൽ സംശയമില്ല. സംവിധാനത്തെ നിലനിർത്തിയേക്കാമെങ്കിലും അത് വിശ്വാസത്തെ തകർക്കും.

തീവ്രമതമൗലിക പ്രസ്ഥാനങ്ങൾ ഉപയോഗിച്ചിരുന്ന അതേ ശൈലികൾ ഇന്ന് ക്രിസ്തീയതയിൽ 'അനുവദനീയ'മാകുന്നത് നല്ല ലക്ഷണമല്ല. യുവാക്കളുടെ വിശ്വാസതീക്ഷ്ണതയെ മതതീവ്രതയായി മാറ്റി എന്ത് ലാഭമാണ് ക്രിസ്തീയജീവിതത്തിലേക്ക് കൊണ്ട് വരാനാവുന്നത്? നേതൃത്വത്തിലുള്ളവരുടെ നിഷ്ക്രിയത ഇത്തരം പ്രവണതകൾക്ക് മൗനാനുവാദം തന്നെയാണ്. വിശ്വാസത്തിന്റെ വക്രവത്കരണവും, ഭക്തിയുടെ ഉപകരണവത്കരണവും നേതൃത്വത്തിന്റെ നിഷ്ക്രിയതയും അസ്വസ്ഥതകൾ വലുതായിത്തന്നെ രൂപപ്പെടുത്തുന്നുണ്ട്; വിശ്വാസികൾക്കിടയിലും സന്യസ്തർക്കും പുരോഹിതർക്കുമിടയിലും. ഒരു വിഭജനത്തിലേക്കോ ചിതറിക്കപ്പെടുന്നതിലേക്കോ എറിഞ്ഞു കൊടുക്കപ്പെടുന്ന അവസ്ഥ സംജാതമാണ്. സ്വയം സംരക്ഷിക്കുന്നവർ, ആളുകളെ ഉപേക്ഷിച്ചു കളയരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ