Gentle Dew Drop

ഫെബ്രുവരി 10, 2021

അങ്ങയുടെ തിരുമനസ്സ് ഞങ്ങളിലുമാവട്ടെ

അങ്ങയുടെ തിരുമനസ്സ് ഞങ്ങളിലുമാവട്ടെ, ആ ഹൃദയം കനിയട്ടെ, അങ്ങയുടെ മുഖം ഞങ്ങളുടെ നേരെ തിരിക്കേണമേ തുടങ്ങി പ്രകടമാക്കുന്ന നമ്മുടെ പ്രാർത്ഥന ശുദ്ധമെങ്കിൽ ദൈവത്തിന്റെ സ്വഭാവംതന്നെയാണ് നമ്മിലും നമുക്കിടയിലും നമ്മൾ ആഗ്രഹിക്കുന്നത്. ദൈവഹിതം, ദൈവഹൃദയം, ദൈവമുഖം എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിൽ ദൈവസ്വഭാവം തന്നെയാണ് പ്രകടമാകുന്നത്. ദൈവം സ്നേഹമാണ്, അനന്തനന്മയാണ്‌, സർവ്വവ്യാപിയാണ്,  സർവ്വശക്തനാണ്, സർവ്വജ്ഞാനിയാണ് എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. ഇവയോരോന്നും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, ഓരോ സൃഷ്ടവസ്തുവിന്റെയും സ്വഭാവമനുസരിച്ച്  അവയിൽ പ്രകടമാകുന്നുണ്ട്. അതാണ് അവയിലെ ദൈവമഹത്വം. ഫലങ്ങളായും തണലായും, മരുന്നായും, വർണ്ണമായും ,സുഗന്ധമായും, നന്മ, ശക്തി സ്നേഹം എന്നിവയൊക്കെ അവ  പ്രകടമാക്കുന്നതായി നമുക്ക് കാണാം.

ദൈവഹൃദയം കാണപ്പെടാത്ത, ദൈവഹിതം തേടാത്ത, ദൈവമുഖം പ്രകടമാക്കാത്ത ഒരു പ്രവൃത്തിയും ദൈവത്തിന്റേതല്ല. ദൈവം അതിരുകൾ തീർക്കുന്നില്ല, പക്ഷപാതം കാണിക്കുന്നില്ല, നിർവചനങ്ങളിൽ സ്വയം അടക്കുന്നില്ല, ആരെയും വിധിച്ചു മാറ്റിനിർത്തുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നു, സകലതിനെയും പ്രകാശിപ്പിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികളിലും  ഈ സ്വഭാവം പ്രകടമാവേണ്ടതാണ്. അതുകൊണ്ട് സഹോദര്യത്തെയും സമാധാനത്തെയും സ്നേഹത്തെയും തടയുന്ന, അവയെ നഷ്ടമാക്കുന്ന ഒന്നും ദൈവത്തിൽ നിന്നല്ല. അത് ഏതു മതത്തെയും വിശ്വാസത്തെയും ദൈവത്തെയും സംരക്ഷിക്കാൻ ആണെന്ന വ്യാജേനയാണെങ്കിലും. ഒരിക്കലും ദൈവഹിതമല്ല അവ തേടുന്നത്.  കലഹമുണ്ടാക്കുന്നതെന്തും ദൈവഹൃദയത്തിനെതിരാണ്. 

അനന്തസ്നേഹം അസാധ്യമാണെങ്കിലും നിഷ്കളങ്കവും ആത്മാർത്ഥവുമായ സ്നേഹം നൽകുവാൻ നമുക്കാകും. എല്ലാ നന്മകളും നമ്മിലില്ലെങ്കിലും സാധിക്കുന്നിടത്തോളം നന്മ ചെയ്യാനും, എന്താണ് നന്മ എന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നത് ഒഴിവാക്കാനും, തിന്മയെന്നറിഞ്ഞുകൊണ്ടും തിന്മകൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുവാനും നമുക്ക് കഴിയും. സർവ്വവ്യാപിയാകാൻ നമുക്ക് കഴിയില്ലെങ്കിലും ആവശ്യങ്ങളറിഞ്ഞു കൊണ്ട് ഉദാരമായി നമ്മുടെ സാന്നിധ്യം നൽകുവാനും, അറിഞ്ഞു കൊണ്ട് മനസിലും ജീവിതത്തിലും അതിരുകൾ തീർക്കുന്നത് ഒഴിവാക്കുവാനും നമുക്ക് കഴിയും. എല്ലാം ചെയ്യുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും കഴിയുന്നവയെ അടച്ചുകളയാതിരിക്കാൻ നമുക്കാകും. സകലതിനെയും കുറിച്ചുള്ള അറിവ്  നമുക്കില്ലെങ്കിലും കൂടുതൽ അറിയുവാൻ ശ്രമിക്കാൻ നമുക്കാകും. സമാധാനത്തിലേക്കോ പരസ്പര സ്നേഹത്തിലേക്കോ നയിക്കാത്ത വിവരങ്ങളെ ശരിയായിരിക്കാം എന്ന ധാരണയിൽ സ്വീകരിക്കുന്നത് ഒഴിവാക്കുവാനും നമുക്ക് കഴിയും. 

നിങ്ങളിലെ വെളിച്ചം മനുഷ്യർക്ക് മുൻപിൽ പ്രകാശിക്കട്ടെ, ജീവിതത്തിലും മരണത്തിലും. ജീവിതത്തിലെ നിമിഷങ്ങളിൽ എത്രയും ആത്മാർത്ഥതയോടെ ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ പരിശ്രമിക്കാം. വ്യക്തിയായോ സമൂഹമായോ ഇല്ലാതായിത്തീരേണ്ടി വന്നാലും ആ കടന്നു പോകലിലും ക്രിസ്തുവിനെപ്പോലെ ഇല്ലാതായിത്തീരുകയല്ലേ ക്രിസ്തുശിഷ്യരെന്ന നിലയിൽ വേണ്ടത്? രാജാവിനെപ്പോലെ, അല്ലെങ്കിൽ ഒരു അധികാര വർഗമായി സ്വാധീനവും ശക്തികളും ഒക്കെയായി നിലനിന്നിട്ടും നമ്മിൽ ക്രിസ്തു കാണപ്പെടുന്നില്ലെങ്കിൽ എന്ത് പ്രയോജനം? ലോകം മുഴുവൻ നേടിയാലും, എല്ലാവരും ക്രിസ്ത്യാനിയായാലും ക്രിസ്തു അനുഭവവേദ്യമാകുന്നില്ലെങ്കിൽ എന്ത് പ്രയോജനം?

സ്നേഹിക്കുവാൻ അധികാരം ആവശ്യമില്ലല്ലോ. സ്നേഹിക്കുക എന്ന് മാത്രമാണല്ലോ ദൈവഹിതം.

അവിടുത്തെ രാജ്യം വരേണമേ.

ശാന്തമായി കേൾക്കാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ