ക്രിസ്തു ജലത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയിടത്തുനിന്നു നമ്മുടെയും മാനസാന്തരം ആരംഭിക്കണം. നമ്മുടെ തന്നെയും, ദൈവത്തിന്റെയും, പ്രപഞ്ചത്തിന്റെയും ആഴങ്ങളിലേക്ക് കടന്നു ചെല്ലുവാനുള്ള ഒരു ഉൾവിളിയാണത്. യന്ത്രങ്ങളുടെയും, വിവരങ്ങളുടെയും തരംഗങ്ങളുടെയും വേഗതക്കിടയിൽ ചുറ്റുമുള്ളവയുടെ ആന്തരികമൂല്യം തേടാൻ നമുക്ക് കഴിയാറില്ല. ലോകം, പദ്ധതി, വിദ്യകൾ എല്ലാം മനുഷ്യന്റേതു മാത്രമാണ്. ദൈവം നമ്മെ സൃഷ്ടിച്ചത് പ്രപഞ്ചത്തിന്റെ ഭാഗമായാണ്, അതിന്റെ സ്സ്വപ്നങ്ങളോട് ചേരാത്ത സുവർണ്ണസ്വപ്നങ്ങൾ രൂപപ്പെടുത്തിക്കൊണ്ട് ഭൂമിയെ കൊള്ളചെയ്തപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് മനുഷ്യൻ എന്താണോ അതായിത്തീരാനുള്ള ആന്തരിക വെളിച്ചമാണ്. ആ വെളിച്ചത്തിലേ സ്രഷ്ടാവിനെയും അവിടുത്തെ പദ്ധതികളെയും പോലും നമ്മുടെ ഹൃദയത്തിലേക്ക് ഗ്രഹിക്കാനാകൂ.
പ്രപഞ്ചത്തിനു മീതെ ചലിച്ചുകൊണ്ടിരിക്കുന്ന ആത്മാവ് നമ്മുടെ ആഴങ്ങൾക്കു മീതെയും നിരന്തരം ചലിക്കുന്നു. ക്രമരഹിതവും ശൂന്യവുമായ നമ്മുടെ രഹസ്യങ്ങളിൽ പ്രകാശം നിറയട്ടെ. കൃപാജലം വീണ്ടും നമ്മെ മണ്ണിൽ അലിയിക്കട്ടെ. കണ്ണിനുമുമ്പിൽ കാണുന്നതല്ല ദൈവദർശങ്ങൾ, അവ ഉൾവെളിച്ചത്തിൽ കാണുന്നവയാണ്. പ്രപഞ്ചത്തെയും നമ്മെയും കാണാൻ കഴിയാത്തതിന്റെ കാരണവും ഈ ഉൾവെളിച്ചം നഷ്ടമായതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ