മറ്റൊരു വഴിത്താര ക്രിസ്തുവിന് തിരഞ്ഞെടുക്കാമായിരുന്നില്ലേ? പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാര്യങ്ങൾ മുമ്പോട്ടു പോകുമായിരുന്നു. ദൈവത്തിനുപോലും മറ്റൊരു വഴി പാടില്ലായിരുന്നോ? പ്രധാനപുരോഹിതന്റെ അരമനയിലോ ഹേറോദേസിന്റെ കൊട്ടാരത്തിലോ ദൈവപുത്രന് പിറക്കുവാൻ ഒരു സ്ത്രീയെ ഒരുക്കാമായിരുന്നില്ലേ? അങ്ങനെയായിരുന്നെങ്കിൽ അധികാരവും ദേവാലയവും നിയമവും ദൈവവുമെല്ലാം ക്രിസ്തുവിന്റെ അധീനതയിലാകുമായിരുന്നല്ലോ. സ്വാഭാവികമായും എല്ലാവരും ആ ക്രിസ്തുവിന്റെ വഴിയേ നടക്കുമായിരുന്നു. അനീതിയുടെ സാമൂഹിക ഘടനകൾക്ക് തടസ്സമായത് കൊണ്ട് തന്നെയാണ് ക്രിസ്തു അധികാരികൾക്ക് അസ്വസ്ഥതയായത്. അല്ലായിരുന്നെങ്കിൽ അവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലായിരുന്നു. ഇനി ബലി അനിവാര്യമായിരുന്നെങ്കിൽത്തന്നെ ഭക്തിയോടെ, വേദനയില്ലാതെ അവർ കൊല്ലുകയും ചെയ്തേനെ.
ചരിത്രത്തിൽ അങ്ങനെയായിരുന്നില്ലെന്ന് നമുക്കറിയാം. എങ്കിലും നമ്മുടെ അവബോധങ്ങളിൽ ഇങ്ങനെയാണ് ദൈവികപ്രവൃത്തികളെ സാധാരണ പ്രതീക്ഷിക്കാറ്; ദൈവത്തിന്റെ ശക്തിയാൽ യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ലോകവും മനുഷ്യചരിത്രവും. യഥാവിധി, കാര്യങ്ങൾ സാധ്യമാക്കിത്തരുന്ന ദൈവം.
പ്രലോഭകന്റെ വാക്കുകൾ പ്രലോഭനങ്ങളായി നമ്മൾ ഒരിക്കലും തിരിച്ചറിയില്ല, കാരണം തികച്ചും ന്യായമായ വാഗ്ദാനങ്ങളാണവ. അതിലെ സാധാരണത്വം തന്നെയാണ് അന്നും ഇന്നും നമ്മെ വഞ്ചിക്കുന്നത്. കഴിവ് തെളിയിക്കുന്നതിൽ എന്താണ് തെറ്റ്? മാസ്മരികത സൃഷ്ടിക്കുന്നതിൽ എന്താണ് തെറ്റ്? എല്ലാവരെയും നിയന്ത്രണത്തിലാക്കിക്കഴിഞ്ഞ് അധികാരവും നിയമവും ദൈവശക്തിയും കൊണ്ട് നന്മ ഉറപ്പാക്കിക്കൂടെ? സമാധാനം ഉറപ്പാക്കിക്കൂടെ? പ്രലോഭകന്റെ വാഗ്ദാനങ്ങളിലെ ഒരു പ്രധാനചിത്രം കൂടിയാണ് അത്തരം വാഗ്ദാനങ്ങൾ നൽകുന്ന ഒരു ദൈവം. എല്ലാം ക്രമമായി, നിയമപരമായി നടന്നുപോകുന്നതാണ് ഉചിതം. അതാണ് ദൈവം ചെയ്യേണ്ടതും.
പക്ഷേ നമുക്കറിയാം, കല്ലുകൾ ഒരിക്കലും അപ്പമാകില്ല, പങ്കുവയ്ക്കപ്പെട്ട അപ്പമാണ് വർദ്ധിപ്പിക്കപ്പെട്ടത്
ദേവാലയഗോപുരത്തിൽ നിന്ന് ചാടുക എന്നത് കുരിശിൽ നിന്നിറങ്ങുക എന്നു പറഞ്ഞതു പോലെതന്നെയാണ്,
ലോകം മുഴുവൻ സ്വന്തം കൈപ്പിടിയിലാക്കാമായിരുന്ന ക്രിസ്തുവിന് വ്യവസ്ഥയായത് വ്യാജദൈവത്തിനു മുമ്പിൽ താണുവീണു വണങ്ങുക എന്നതാണ്. ദൈവത്തിന്റേതെന്ന് കരുതപ്പെടുന്ന ഏതു പൊള്ളവാഗ്ദാനവും വ്യാജം തന്നെയാണ്.
നസറത്തിലെ യേശു മേല്പറഞ്ഞ സുന്ദരമായ സ്വാധീന നിയന്ത്രണ ശക്തിക്കുടമയായിരുന്നെങ്കിൽ ജോർദ്ദാൻ നദിയുടെ ആഴങ്ങളിലേക്കിറങ്ങുവാനും 'എന്റെ പ്രിയ പുത്രൻ" എന്ന സ്വരം കേൾക്കുവാനും കഴിയുമായിരുന്നോ? ആരാധനീയമായി തന്നിൽത്തന്നെ എല്ലാമുള്ളപ്പോൾ ആ സ്വരത്തിനു തന്നെ എന്ത് പ്രസക്തിയാണുള്ളത്?
എന്നാൽ ആ സ്വരം കേട്ടതുകൊണ്ടാണ് ഒരു നന്മയും പ്രതീക്ഷിക്കരുതാത്ത നസറത്തിലെ ഒരുസാധാരണ മരപ്പണിക്കാരന്റെ മകൻ മരുഭൂവിലൂടെ നടന്ന് കഫർണാമിലും കാനായിലും ചുവടു വച്ചത്. അഭിഷിക്തനായി മനുഷ്യരുടെ ഇടയിലേക്ക് വന്നത്. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ സാന്നിധ്യം യാഥാർത്ഥ്യമാക്കിയത്.
താൻ കേട്ട സ്വരം എല്ലാവരെയും കുറിച്ചുള്ള സത്യമായി ക്രിസ്തു തിരിച്ചറിഞ്ഞു. അവരെയെല്ലാം ദൈവമക്കൾ ആയി കാണാൻ ക്രിസ്തുവിനു കഴിഞ്ഞതും അതുകൊണ്ടാണ്. ദാതാവും, ജേതാവും, നേതാവും ആകുവാനുള്ള പ്രലോഭകന്റെ വഴിയെ തീർത്തും തള്ളിക്കളയുന്ന നിലപാടാണ് എല്ലാവരും ദൈവമക്കളാണെന്ന ഉൾക്കാഴ്ച. തനിക്കുണ്ടായിരുന്ന അധികാര ബോധത്തെക്കുറിച്ച് ക്രിസ്തു പരാമർശിക്കുന്നത് ക്ഷമിക്കാനും കരുണ കാണിക്കാനുമുള്ള അധികാരത്തെ സംബന്ധിച്ചു മാത്രമാണ്.
"കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്" എന്നത് പ്രഘോഷത്തെക്കാൾ ദൈവമക്കളുടെ അരികിലേക്ക് ക്രിസ്തു നടക്കുമ്പോൾ ആ ഹൃദയത്തിലുള്ള ഉണർവ് പ്രകടമാക്കുന്ന ഉൾബോധമാണ്. അതിന്റെ ലക്ഷ്യത്തെക്കുറിച്ചു പറയുന്നതൊക്കെയും ഇന്ന് വളരെ വിശാലമായ അർത്ഥത്തിൽ അറിയേണ്ടതാണ്. കാരണം, മനുഷ്യരെക്കുറിച്ചു മാത്രമല്ല, സകലസൃഷ്ടികൾക്കും വേണ്ടിയുള്ളതാണ് സുവിശേഷത്തിന്റെ സദ്വാർത്ത. അന്ധർക്കു കാഴ്ചയും, മർദ്ദിതർക്കു മോചനവും, അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും, ദൈവത്തിനു പ്രീതികരമായ സമയവും യാഥാർത്ഥ്യവൽക്കരിക്കപ്പെടേണ്ടത് അവയെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ്. ആ തുറവിയിലേക്കുള്ള നടന്നടുപ്പാണ് യഥാർത്ഥ മാനസാന്തരം.
അതുകൊണ്ട്, അപ്രകാരമുള്ള ദൈവരാജ്യം ആത്മാർത്ഥമായ പ്രയത്നഫലമായാണ് വന്നുചേരുക. ഒരു കണ്ട്രോൾ റൂമിൽ നിന്ന് കാര്യങ്ങൾ നടത്തപ്പെടില്ല, നമ്മിൽ ഓരോരുത്തരിലും പ്രവർത്തിക്കുന്ന കൃപയിലൂടെയാണ് ദൈവരാജ്യം യാഥാർത്ഥ്യമാകുന്നത്. നമുക്ക് സാധ്യമായതുകൊണ്ടാണ് അത് സമീപിച്ചിരിക്കുന്നത്. പ്രലോഭകന്റെ വാഗ്ദാനങ്ങൾ എളുപ്പവഴികളും സുന്ദരവാഗ്ദാനങ്ങളും നൽകി ഈ കൃപകളെ അടച്ചുകളയുന്നവയാണ്.
പ്രലോഭനങ്ങളെ നമ്മൾ അതിജീവിച്ചിട്ടുണ്ടോ എന്നറിയാൻ, ആത്മാവിന്റെ നിറവ് ഉള്ളിൽ കണ്ടുകൊണ്ട്, എല്ലാവരെയും ദൈവമക്കളായി കാണുവാൻ ഉള്ള ഹൃദയത്തോടെ ഒരു സാധാരണക്കാരനായി/ക്കാരിയായി കഫർണാമിലും കാനായിലും വിജാതീയരുടെ ഗലീലിയിലും സമരിയായിലെ കിണറ്റുകരയിലും കടന്നു ചെല്ലാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ