മണ്ടത്തരവും, ക്രൂരതയും, ഹൃദയകാഠിന്യവും ഒരുപോലെ ചരിത്രത്തിൽ വേദനാജനകമായ ഓർമ്മകൾ നൽകിയിട്ടുണ്ട്. കുടുംബത്തിലും, വ്യക്തിജീവിതത്തിലും സഭയിലും സമൂഹത്തിലും ഉദാഹരണങ്ങൾ നമുക്ക് കാണാം. അതൊക്കെ ദൈവഹിതമായിരുന്നോ? ഒട്ടും അല്ല. അവ മണ്ടത്തരവും, ക്രൂരതയും, ഹൃദയകാഠിന്യവും തന്നെയായിരുന്നു. അവയെ അങ്ങനെ തന്നെ കണ്ടുകൊണ്ടു പുതിയ ബോധ്യങ്ങൾ ഉൾക്കൊള്ളാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ദൈവം ജീവനായതുകൊണ്ട് നന്മയിലേക്ക് തിരുത്താൻ ശ്രമിക്കുന്ന ആത്മാർത്ഥതയെ കൃപ അനുധാവനം ചെയ്യും.
ദൈവഹിതം എന്നത് നമ്മുടെ നിസ്സഹായതയെ ആശ്വസിപ്പിക്കാനുള്ള ഒരു നല്ലവാക്കാകുമ്പോൾ അവിടെ ദൈവികമായ ഹിതമല്ല. നന്നായി പഠിക്കാൻ കഴിയാതെ പോയതും, നേരത്തെ ഉത്തരവാദിത്തങ്ങൾ ഏൽക്കേണ്ടി വന്നതും, ദുര്യോഗങ്ങൾ മൂലം കഴിവുണ്ടായിരുന്നിട്ടും ഒന്നും ആകാൻ കഴിയാതെ പോയതും ദൈവഹിതമായിരുന്നു എന്നല്ല, അവ ദൈവഹിതമല്ലായിരുന്നു എന്ന് തന്നെ നമ്മളോട് പറയണം. കൂടെ, ഇന്ന് നല്ലതോ വിഷമമുള്ളതോ ആയ അവസ്ഥയിലാവട്ടെ, ദൈവ സാന്നിധ്യം അറിയുവാനും, സമാധാനത്തിൽ ആയിരിക്കുവാനും, വിങ്ങലുകളെ ആശ്വസിപ്പിക്കുവാനും ജീവൻ നേടാനും, ജീവൻ പകരാനും ദൈവത്തെ ചേർത്ത് നിർത്തുവാൻ കഴിയട്ടെ. അപ്പോഴാണ്, സമാനമായ പശ്ചാത്തലം മറ്റൊരാൾക്ക് ഉള്ളതായി കാണുമ്പോൾ അവർക്കു ജീവൻ പകരാനായി അധ്വാനിക്കുവാനും നമുക്ക് കഴിയൂ. മുന്നോട്ടുള്ള ചുവടുവയ്‌പിൽ കൃപാപൂർണ്ണതയിൽ നടക്കുന്നതിൽ സമർപ്പണവും ത്യാഗവും സൗഖ്യവുമുണ്ട്. നേരിടേണ്ടി വന്ന തിന്മകളിലല്ല ദൈവഹിതം, അവയുണ്ടായിട്ടും വിശ്വസ്തതയോടും സ്നേഹത്തോടും കൂടി മുന്നോട്ടു നടക്കാനാകുന്നു എന്നതാണ് ദൈവഹിതത്തിലേക്കുള്ള തുറവി. ക്രിസ്തുശിഷ്യന്റെ ശാന്തതയുടെ ആഴം അപ്പോഴേ അറിയാൻ കഴിയൂ.
പൊതുനന്മയും മൊത്തത്തിലുള്ള ജീവനും ഉറപ്പാക്കാവുന്ന എന്തിലും ദൈവഹിതം ഉണ്ട്. അതുയർത്തുന്ന വെല്ലുവിളികളിലൂടെ കൃപ നമ്മെ നയിക്കും. ശരികൾക്കിടയിലുള്ള തിരഞ്ഞെടുപ്പിൽ, സാധ്യമായ ബോധ്യത്തിൽ തികഞ്ഞ ദൈവാശ്രയബോധത്തോടെ ഉചിതമായതു തിരഞ്ഞെടുക്കുവാൻ കഴിയൂ. വിവേകവും വിവേചിക്കുവാനുള്ള അനുഗ്രഹവും നമ്മിലുണ്ട്. മുന്നോട്ടുള്ള വഴികളിലും ദൈവത്തോടൊത്തു നടക്കുക എന്നത് വിശ്വാസത്തിന്റെ പ്രതിഫലനമാണ്. നേരിടേണ്ടി വരുന്ന തിന്മകൾ ദൈവഹിതമല്ല, അവയിലൂടെ പ്രത്യാശയോടെ നടന്നുപോകുവാൻ നമുക്ക് കഴിയുക എന്നത് ദൈവഹിതമാണ്.
വ്യക്തിയായോ, സമൂഹത്തിന്റെ പ്രതിനിധിയായോ നടത്തിയ ഒരു മാപ്പു പറച്ചിൽ, പഴയ തെറ്റുകളെ സാധൂകരിക്കുകയോ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയുകയോ ചെയ്യുന്നില്ല. ആ തെറ്റുകളുടെ മനോഭാവം ഇന്ന് നമ്മിൽ വളരുന്നുണ്ടെങ്കിൽ ആ മാപ്പു പറച്ചിലുകളെക്കുറിച്ചുള്ള നമ്മുടെ ഗർവ് നമ്മിലെ കാർക്കശ്യത്തിന്റെ അടയാളമാണ്. എന്തിനെക്കുറിച്ചു മാപ്പു പറഞ്ഞോ അത് ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ മനോഭാവങ്ങൾ കാലത്തിനനുസൃതം വളർത്തേണ്ടതാണ്.
ചരിത്രം ആവർത്തിക്കും എന്ന് പറയാറില്ലേ? ആവർത്തിക്കേണ്ടവയും, ആവർത്തിക്കാൻ ഒരിക്കലും ആഗ്രഹിക്കരുതാത്തവയും ഒക്കെയില്ലേ? അവയുടെ പശ്ചാത്തലവും വികാസവും നമുക്ക് ഇന്നറിവുള്ളതാവുമല്ലോ? തിന്മയായത് സംഭവിക്കാൻ സാധ്യത കാണുമ്പോഴും, ചെറിയ ലാഭവും ഉപകാരവും കണ്ടുകൊണ്ടു വേണ്ട കരുതലുകൾ എടുക്കുന്നില്ലെങ്കിൽ പിന്നീട് ദൈവത്തെ പഴി ചാരാൻ നമുക്കാവുമോ? ദൈവം എന്ത് ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കേണ്ടത് ഇന്നല്ലേ? കാലം ഞങ്ങളിൽ ക്രിസ്തുവിനെ കണ്ടുകഴിഞ്ഞു എന്ന് പറയുവാൻ എത്രമാത്രം നമുക്ക് കഴിയും? കാലം ഒരിക്കൽ തിരിഞ്ഞു നോക്കുമ്പോൾ ഒരു തലമുറക്കുവേണ്ടി നമ്മൾ രൂപപ്പെടുത്തിയത് എന്തൊക്കെയായിരുന്നു എന്നാവും അവർ വിലയിരുത്തുക?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ