Gentle Dew Drop

മാർച്ച് 20, 2021

നന്മകൾ ആഗ്രഹിക്കുന്നെങ്കിൽ

വിശ്വാസവും ഭക്തിയും വലിയ ഒരു പോരാട്ടമാക്കുന്നതു കൊണ്ടാവാം നമ്മിൽ പലരും വളരെയധികം തളർന്നു പോയത്. തിന്മയിലാണ് ശ്രദ്ധമുഴുവനും അപ്പോൾ. നമ്മിൽ തന്നെയാണെങ്കിലും തിന്മ ഇല്ലാതാവണം എന്ന് ആഗ്രഹിക്കുന്നിടത്താണെങ്കിലും ജീവന്റെ വഴികളെ കണ്ടെത്തുവാനും, പരിചയപ്പെടുത്താനും അതിനായി അധ്വാനിക്കുവാനും നമുക്ക് കഴിയട്ടെ.

ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും, ഗോതമ്പുമണി നിലത്തു വീണഴുകുന്നതു പോലെ, നമ്മിലെ കവചങ്ങൾ വീണഴുകണം. ഉള്ളിലെ നൻമയും ജീവനും മുള പൊട്ടുന്നത് ഞെരുക്കത്തോടെ തന്നെയാണ്.

വിശ്വസ്തനായിരുന്നത് കൊണ്ടാണ് ക്രിസ്തുവിന് നന്മയ്ക്കുവേണ്ടി ജീവിക്കേണ്ടതായ പ്രതിബദ്ധതയിൽ സഹനങ്ങളെയും അപമാനങ്ങളെയും നേരിട്ടുകൊണ്ട് നില്കാനായത്. സഹനങ്ങളുടെ നിമിഷങ്ങളിലും, ജീവൻ പകരുകയെന്ന പിതാവിന്റെ ഇഷ്ടം  നിവർത്തിയാക്കാൻ അവൻ ഉത്സാഹിച്ചു. വിശ്വസ്തമായ ജീവിതമാണ് വിശ്വാസജീവിതത്തെ വളർത്തുന്നതും ജീവനുള്ളതാക്കുന്നതും. നിർമ്മലമായൊരു ഹൃദയം എന്നിൽ തീർക്കുക എന്ന പ്രാർത്ഥനയും ഉൾക്കൊള്ളുന്നത് അതുതന്നെയാണ്.  

 ഉള്ളിലെ ജീവനെക്കുറിച്ചുള്ള കൃതജ്ഞതയിലാണ് നന്മകളെ കാണാനും ജീവൻ ഉറപ്പാക്കാനും ഉള്ള പ്രവർത്തനശേഷിയിലേക്കു നയിക്കുക. പ്രപഞ്ചം കനിഞ്ഞു നൽകിയ എത്രയോ ധന്യതകളിലാണ് നമ്മൾ നിലനിൽക്കുന്നത്, ദൈവം വഴി നടത്തിയ കൃപാസമൃദ്ധിയെക്കുറിച്ചും നമുക്ക് നിർവൃതിയുണ്ട്. എന്നാൽ അതിനോടുള്ള പ്രതികരണമായി നിറഞ്ഞു കവിയേണ്ട കൃതജ്ഞതയെ അനാവശ്യമായി മാറ്റി നിർത്തുന്ന പ്രവണതയാണ് പൊതുവായ സംസ്കാരത്തിൽ വളരുന്നത്. സ്വീകരിക്കുന്നവ എന്നതിനേക്കാൾ, നിർമ്മിച്ചെടുക്കുന്ന സൗകര്യങ്ങളാണ് നമുക്ക് പരിചിതം. 

സഹനം തന്നെയാണ് നിത്യസത്യം എന്ന് കരുതുന്ന ബുദ്ധചിന്ത, ഹൃത്തിൽ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നത് പരമമായ കരുണയാണ്. പ്രപഞ്ചത്തോടും സകലജീവികളോടും നമ്മോടുതന്നെയും കരുണ കാട്ടുവാൻ മാത്രം കരുണ നമ്മിൽ ശേഖരിക്കപ്പെടണം. 

നന്മകൾ ആഗ്രഹിക്കുന്നെങ്കിൽ, ദരിദ്രർ അനുഗ്രഹീതരാകുന്നതും, കരയുന്നവർ ആശ്വസിപ്പിക്കപ്പെടുന്നതും, വിശക്കുന്നവർ തൃപ്തരാക്കപ്പെടുന്നതും നന്മകൾ മുൻനിർത്തി അവർക്കായി ജീവിക്കുമ്പോഴാണ്. അത് ഉള്ളിലെ നന്മകളെ വീണ്ടും വളർത്തും, ജീവന്റെ സമൃദ്ധിയുമുണ്ടാകും.

ഉള്ളിൽ ജീവനില്ലാതെ, 'പോരാട്ടം' ജീവിതശൈലിയുടെ രൂപകമാക്കപ്പെടുമ്പോൾ നമ്മൾ ജീവനറ്റ വ്യക്തികളും സമൂഹവും സഭയുമാകാറില്ലേ? പോരാട്ടചിന്ത ആവേശകരമാണ്, എന്നാൽ അതിന് ലക്ഷ്യമുണ്ടാവണമെന്നില്ല. കാരണം നന്മയുടെ ശോഷണമാണ് തിന്മ, അതിനു വ്യക്തമായ മുഖമില്ല. എന്നാൽ നന്മയെ നമുക്ക് ആഗ്രഹിക്കാം, പക്ഷെ അതിനു വലിയ വിലയുള്ളതാണ് വലിയ ത്യാഗങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. മുളപൊട്ടുന്ന ജീവൻ ആന്തരികമായില്ലാതെ പോരാട്ടം ആണ് നടക്കുന്നതെങ്കിൽ ഞാനും എന്റെ സമൂഹവും എന്റെ സഭയും നിർവചിക്കുന്ന 'തിന്മ'ക്കെതിരെയാകും ആ പോരാട്ടം. നന്മയാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതിൽ സത്യത്തിന്റെ മുഖവും ജീവന്റെ ഉൾക്കരുത്തുമുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ