Gentle Dew Drop

മാർച്ച് 04, 2021

ആത്മീയ കൃതികളുടെ വളർച്ച രൂപാന്തരം

ഒരു വ്യക്തിയുടേതെന്നപോലെ ഒരു കൃതിക്കും ഒരു ജീവകഥയുണ്ട്. അതിന്റെ പിറവി, രൂപപ്പെടുന്ന സമയത്തെ പശ്ചാത്തലം, അതിന്റെ വളർച്ച, സമൂഹവുമായി അതിനുണ്ടായ സംഭാഷണങ്ങൾ, ലഭിച്ച പ്രതികരണം, ന്യൂന്യതകൾ എല്ലാം അതിന്റെ ഭാഗമായി വരും. ഒരു പരിഭാഷയിലും, പുനഃപ്രസിദ്ധീകരണത്തിലും അത്യാവശ്യമായി ചേർക്കപ്പെടേണ്ടവയാണ് ഇവ. പ്രത്യേകിച്ച് വർഷങ്ങൾക്കുശേഷം പ്രസിദ്ധീകരിക്കുമ്പോൾ അവയിലെ പദപ്രയോഗങ്ങളുടെ അന്നത്തെ അർത്ഥവും ഇന്ന് മനസിലാക്കേണ്ടതും സൂചിപ്പിക്കപ്പെടണം. കൂടാതെ, രൂപകാത്മകമായ എഴുത്തുകളെ, ആവശ്യമായ വ്യാഖ്യാനസൂചികകളോടുകൂടി വേണം അവതരിപ്പിക്കുവാൻ.

പറഞ്ഞുവന്നത്, സാഹിത്യനിരൂപണത്തെക്കുറിച്ചല്ല. പ്രത്യേക പ്രവണതകളുള്ള ആത്മീയകൃതികൾക്ക് നൽകപ്പെടുന്ന അമിതപ്രാധാന്യത്തെക്കുറിച്ചാണ്. അവയിലാണ് ഉദാത്തമായ ആത്മീയതയും, ഏറ്റവും ശ്രേഷ്ഠമായ ക്രിസ്തീയ ജീവിതക്രമവും കാണപ്പെടുന്നത് എന്നരീതിയിലുള്ള അർത്ഥം പലപ്പോഴും അവയ്ക്ക് നൽകപ്പെടുന്നു. അവയിൽ നൽകപ്പെടുന്ന പരാമർശങ്ങളും ഉപദേശങ്ങളും അക്ഷരം പ്രതി പാലിക്കപ്പെടേണ്ട ആത്മീയ സന്ദേശങ്ങളായും ചരിത്രസത്യങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നു.

പാരമ്പര്യങ്ങളിലൂടെ കൈമാറി പകരപ്പെട്ട വിശ്വാസം, ഏതെങ്കിലും രഹസ്യഗ്രന്ഥങ്ങൾ ഒരു കൈയിൽനിന്ന് മറ്റൊരു കൈയിലേക്ക് നല്കപ്പെടുന്നതുപോലെയല്ല. പാരമ്പര്യത്തിൽ, തുടർച്ചയും, അകൽച്ചയും, വളർച്ചയും ഒരേപോലെ പ്രധാനമാണ്. ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുമ്പോൾ വികലമാകുന്നത് കൈമാറപ്പെടേണ്ട വിശ്വാസരഹസ്യം തന്നെയാണ്. ഇന്ന് നമ്മൾ വന്നെത്തിയിരിക്കുന്ന കാലം വരെ വളർന്നിട്ടുള്ള വിശ്വാസവിചിന്തനങ്ങൾ എല്ലാം പ്രധാനമാണ്. ഓരോ കാലഘട്ടത്തിലും പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾ അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ വളർച്ച സാധ്യമായിട്ടുള്ളത്.

നവീകരണശ്രമങ്ങളുടെ ഉള്ളടക്കമുള്ള ആത്മീയഗ്രന്ഥങ്ങൾ, ദർശനഗ്രന്ഥങ്ങൾ ഉൾപ്പെടെ, ഓരോ ദുരന്തപശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടവയാണ്. ഡാന്റെയും മിൽട്ടൺ ഉം നോസ്ട്രദാമസുമൊക്കെ വ്യത്യസ്തമായ സാഹിത്യശൈലിയിൽ അവരുടെ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവരിലെ രാഷ്ട്രീയലക്ഷ്യങ്ങളും ശ്രദ്ധാർഹമാണ്. നവോത്ഥാന കാലഘട്ടം വിശ്വാസത്തെ വെല്ലുവിളിച്ചതുപോലെ വലിയ സംഭാവനകൾ നൽകുകയും ചെയ്തു. വിശ്വാസം നേരിട്ട വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ വിശ്വാസജീവിതക്രമവും മറ്റും ഊന്നിയുള്ള ആത്മീയ ഗ്രന്ഥങ്ങളാണ് രൂപപ്പെട്ടത്. ജ്ഞാനോദയകാലം മനുഷ്യന്റെ മനസിന്റെ വലിയ ശക്തിയെ എടുത്തു കാണിക്കുകയും സമൂഹത്തിന്റെയും ശാസ്ത്രത്തിന്റെയും വലിയ വളർച്ചക്ക് കാരണമാവുകയും ചെയ്തു. മാനവികത, സ്വാതന്ത്ര്യം ജനാധിപത്യമൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ചെങ്കിലും മതേതരമൂല്യങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നിട്ടും മനുഷ്യനെ വലിച്ചുകീറുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥകളിലേക്ക് അത് ചരിത്രത്തെ കൊണ്ട് ചെന്നെത്തിച്ചു. സഭയും സഭയുടെ അഭിപ്രായവും അവഗണിക്കപ്പെട്ടു. ദേശീയത, മതം, വംശം തുടങ്ങിയവ വിഭജനങ്ങളുടെ അടിസ്ഥാനമായി. യുദ്ധങ്ങളും ആയുധവിപണനവും വർദ്ധിച്ചു. ഈ ദയനീയ സ്ഥിതി നേർക്കുനേർ കണ്ട പശ്ചാത്തലങ്ങളിലെ ആത്മീയ കൃതികൾ സമാധാനം, പരിഹാരം, മാനസാന്തരം, ദൈവകരുണ, മനുഷ്യരുമായുള്ള സ്നേഹബന്ധം, സഭയുടെ പ്രാധാന്യം തുടങ്ങിയവ ഊന്നിപ്പറയുന്നുണ്ട്.

ഇന്ന് നമ്മൾ എത്തി നില്കുന്നത് മറ്റൊരു ദുരന്ത മുഖത്താണ്. വിശ്വാസത്തെയും, മനുഷ്യനെയും വലിച്ചെറിഞ്ഞ മനുഷ്യചരിത്രം ഇന്ന് ജീവനെയും ഭൂമിയെത്തന്നെയും ഇല്ലാതാക്കാവുന്ന ഇടപെടലുകളാണ് നടത്തുന്നത്. ആവശ്യമായ നവീകരണത്തിലേക്കു നയിക്കുവാൻ കഴിയുന്ന ആത്മീയതയാണ് ഇന്ന് ആവശ്യം. പഴയവയുടെ മൂല്യം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ കൂടി ഈ കാലഘട്ടത്തിൽക്കൂടി നമ്മെ നടത്താൻ കഴിയുന്ന ആത്മീയതയുണ്ടെങ്കിലേ മേല്പറഞ്ഞ വിശ്വാസരഹസ്യത്തെ ദൈവരാജ്യത്തിന്റെ തുടർച്ചയായി നമുക്ക് പകർന്നു നൽകാനാവൂ. ഉദാത്തമായി കരുതപ്പെടുന്ന 'ആത്മീയ' സമീപനങ്ങൾ അവയുടെ ചൈതന്യം ഉൾക്കൊള്ളാതെ പാലിക്കപ്പെടുന്നതിനാൽ ഇന്നിലേക്കു നമ്മെ ഒരു ശിക്ഷാർത്ഥിയായിപ്പോലും കൊണ്ടിരുത്തുന്നില്ല എന്നത് തിരിച്ചറിയേണ്ടതുണ്ട്. മതത്തെ മാറ്റിനിർത്തുന്ന, മതേതരമൂല്യങ്ങളിൽ മുന്നോട്ടുപോകുന്ന സമൂഹത്തിൽ, മനുഷ്യന്റെ ആന്തരികതയിലേക്ക് ഒരാളെ കൊണ്ടുപോകുവാൻ പ്രാപ്തമായ ഒരു ആത്മീയത രൂപപ്പെടുത്തുന്നതിൽ നമ്മൾ പരിചയപ്പെടുന്നു. വീണ്ടും, മതത്തിന്റെ ഭാവരൂപങ്ങൾ ആത്മീയതയിലുണ്ടാവണം എന്ന ശാഠ്യം പലപ്പോഴും അത്തരം പ്രയത്നങ്ങൾക്ക് തടസമാകുന്നു. അപ്പോൾ, പഴയവയിലെ ശ്രേഷ്ഠതയിലേക്ക്‌ 'ആത്മീയതയെ' ചേർത്തുനിർത്തുക സ്വാഭാവികം. അതല്ല നമുക്ക് വേണ്ടത്, ഇന്നിന്റെ സാഹചര്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ കാണുവാനും മുന്നോട്ടു പോകുവാനുമുള്ള വഴികൾ നമുക്കുണ്ടാവണം. ലൗദാത്തോ സി യും ഫ്രത്തെല്ലി തൂത്തി യും ഈ കാലഘട്ടത്തിനു നൽകപ്പെട്ട മാർഗ്ഗരേഖകളാണ്. എന്നാൽ അവ 'വെറും' പ്രകൃതികാര്യവും, സാമൂഹ്യപ്രബോധനവുമായി ചുരുക്കപ്പെടുന്നില്ലേ? നമ്മുടെ നവീകരണത്തിന്റെയും, ധ്യാനത്തിന്റെയും ആത്മീയതയുടെയും ഭാഗമായി എന്നാണ് അവയെ സമീപിച്ചു തുടങ്ങുന്നത്? ആത്മീയമായി ചിന്തിക്കുന്നവർക്ക് ഈ അധമമായ കാര്യങ്ങളിൽ ശ്രദ്ധ പതിഞ്ഞെന്നു വരില്ല, എന്നാൽ ശുശ്രൂഷയും പ്രഘോഷണവും വിശ്വാസവും സാക്ഷ്യമാവണമെങ്കിൽ കാലത്തിന്റെ അടയാളങ്ങൾ അറിയണം. അത് അന്ത്യകാലവിവരണശൈലിയിലല്ല, പ്രത്യാശയുടെ വെളിച്ചത്തിലാണ് ഇന്ന് നടക്കേണ്ടത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ