Gentle Dew Drop

ജൂൺ 29, 2021

നന്മ നന്മയല്ലാതാവുന്നത്

കൊടുക്കുന്നവർക്കും, സ്വീകരിക്കുന്നവർക്കും (വൈകാരികവും സാമ്പത്തികവും സാമൂഹികവും സുസ്ഥിരതയും) ആരോഗ്യവും വളർച്ചയും വരുത്തുന്നെങ്കിലെ അത് നന്മയാകുന്നുള്ളു. നന്മ എന്നത് നിശ്ചയമായും സത്യവും നീതിയും ഉൾകൊള്ളുന്നു. കാര്യഗൗരവമില്ലാത്ത ഒരാൾക്ക് കൈയിൽ സഹായമെത്തിക്കുന്നതിനേക്കാൾ അയാൾക്ക്‌ വേണ്ടി വേണ്ട കരുതലോടെ കരുതി വയ്ക്കുന്നതാണ് നന്മ. ഒരാൾ, അയാളെ നശിപ്പിച്ചേക്കാവുന്നതരത്തിലുള്ള  വിഡ്ഢിത്തത്തിനു മുതിരുമ്പോൾ 'സ്നേഹത്തിന്റെ' പേരിൽ അയാളെ പിന്താങ്ങുന്നതും നന്മയല്ല. തഴയപ്പെടാതിരിക്കാൻ ആർക്കും എന്തും ചെയ്തുകൊടുക്കുന്ന നന്മമുഖങ്ങളുണ്ട്. സത്യത്തിൽ അവർ വൈകാരികമായും മറ്റു രീതികളും ഉപയോഗിക്കപ്പെടുകയാണെന്നു ഒരു പക്ഷെ അവർ അറിയുന്നില്ല. ചിലപ്പോൾ അറിഞ്ഞുകൊണ്ട്, നല്ല മുഖം കാത്തുസൂക്ഷിക്കുവാനായി തന്നെ അവർ ആ ചൂഷണത്തിന് വിധേയപ്പെടുകയും ചെയ്യുന്നു. അവിടെ നന്മയല്ല, അറിഞ്ഞുകൊണ്ട് വഞ്ചനക്ക് ഇരയാവുകയാണ്. സ്വാർത്ഥമാവുക എന്നതല്ല ഇതിന്റെ അർത്ഥം. മറിച്ച്, ഏതൊരു പുണ്യവുമെന്ന പോലെ നന്മയും വിവേകത്താൽ നയിക്കപ്പെടണം, സത്യത്തിന്റെ ധീരതയുണ്ടാവണം, നീതി ഉറപ്പാക്കുകയും വേണം.

അനീതി സഹിക്കുന്നത് ത്യാഗമല്ല, പീഢ തന്നെയാണ്. അനീതിയെ അനീതിയായിത്തന്നെ കണ്ടെങ്കിലേ അത് ചെറുക്കപ്പെടുകയുള്ളു.  ഉത്തരവാദിത്തങ്ങൾ ന്യായമായും ഉൾക്കൊള്ളുന്ന വെല്ലുവിളികൾ സഹനങ്ങളും കഷ്ടതകളും തീർച്ചയായും നൽകും. അതിൽ ഒരു കുടുംബത്തിനോ സമൂഹത്തിനോ ഉള്ള കൂട്ടുത്തരവാദിത്തത്തിൽ സഹനങ്ങളും ഒരുമിച്ചു സഹിക്കേണ്ടതായി വന്നേക്കാം. അധ്വാനം ഇല്ലാതെ ജീവിക്കാനാവില്ല, നന്നായി പഠിക്കാതെ വിജയിക്കാനാവില്ല, അത് നമുക്കറിയാം. എന്നാൽ പാവപ്പെട്ടവർ ചൂഷണം ചെയ്യപ്പെടുന്നതോ, കുട്ടികളോ സ്ത്രീകളോ പീഢിപ്പിക്കപ്പെടുന്നതോ ഒരിക്കലും ത്യാഗങ്ങളായല്ല കരുതപ്പെടേണ്ടത്. അത്തരം അവസ്ഥകളെ ചെറുക്കാത്ത സംവിധാനങ്ങൾ ആ അനീതികൾക്കു കൂട്ട് നിൽക്കുകയാണ്.

നന്മയാണ് ചെയ്യുന്നതെന്ന് തെറ്റിദ്ധരിച്ചു സ്വയം നഷ്ടപ്പെടുന്നവരുണ്ട്. ശുദ്ധഗതിക്കാരായവരെ ചൂഷണം ചെയ്യുന്നവരുണ്ട്. അനീതിയാണെന്ന് കണ്ടിട്ടും തിന്മകളെ ആത്മീയവത്കരിച്ചു അതിനെ സ്ഥിരീകരിക്കുന്ന അവസ്ഥകൾ നമ്മുടെ സംവിധാനങ്ങളായിൽ നിലനിൽക്കുന്നുണ്ട്. അത്തരം പശ്ചാത്തലങ്ങൾ ഒരു പുനർചിന്ത അർഹിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ