Gentle Dew Drop

ജൂൺ 27, 2021

ശാന്തമാകൂ, എണീക്കൂ, ജീവിക്കൂ.

ക്രിസ്തു വഞ്ചിയുടെ അമരത്തു കിടന്നുറങ്ങി. ജായ്‌റൂസിന്റെ മകൾ മരിച്ചിട്ടില്ല ഉറങ്ങുകയാണെന്നു ക്രിസ്തു പറയുന്നു. കാറ്റിലകപ്പെട്ട തോണിയിലും, ജായ്‌റൂസിന്റെ വീട്ടിലും, അയാളുടെ വീട്ടിലേക്കുള്ള യാത്രക്കിടയിൽ രക്തസ്രാവക്കാരിക്ക് ലഭിക്കുന്ന സൗഖ്യപശ്ചാത്തലത്തിലും ചെറുതല്ലാത്ത അസ്വസ്ഥതകളുണ്ട്. കാര്യങ്ങളറിയാത്ത വിഡ്ഢിയായി ക്രിസ്തു പരിഹസിക്കപ്പെടുന്നുമുണ്ട്. 

ജീവനോടും ജീവിതത്തോടുമുള്ള ചില സമീപനങ്ങളെ ഇവ നന്നായി കാണിച്ചു തരികയാണ്. 

ക്രിസ്തുവിന്റെ മരണം ജീവൻ പകരുന്നതായിരുന്നു എന്നതാണ് ഏറ്റവും ആദ്യം ധ്യാനത്തിനായി മുമ്പിൽ വയ്കേണ്ടത്. ദൈവസൃഷ്ടിയിൽ, ജീവന്റെ വളർച്ചയിലും രൂപാന്തരങ്ങളിലും അമരത്വത്തേക്കാൾ ജീര്ണതക്കാണ് പങ്കു കൂടുതൽ. സ്വയം അലിഞ്ഞു നൽകുന്ന ത്യാഗങ്ങളിലേ ജീവൻ നവരൂപങ്ങൾ സ്വീകരിക്കൂ.

ജീവനെ അനുവദിക്കാത്ത രൂപങ്ങളും മനോഭാവങ്ങളുമാണ് മരണത്തെ കൊണ്ട് വരികയും വളർത്തുകയും ചെയ്യുന്നത്. ജീവനെ അവ മരവിപ്പിക്കുന്നു, മുരടിപ്പിക്കുന്നു. ഇത്തരം ദുഷ്ടമനോഭാവങ്ങളെ രൂപകാത്മകമായി പിശാചിന്റെ അസൂയ എന്ന് ജ്ഞാനം 2: 21, 24 കാണിച്ചു തരുന്നു. ചിലർ നുണകൾ പ്രചരിപ്പിച്ചു കൊണ്ട് വലിയ തകർച്ചകളുണ്ടാക്കുന്നു, ചിലർ അറിഞ്ഞു കൊണ്ട് തന്നെ വിദ്വേഷവും, വെറുപ്പും വിഭാഗീയതയും വളർത്തുന്നു. ജീവന്റെ സമഗ്രമായ വളർച്ചക്കുതകും വിധമുള്ള ആന്തരികഭാവങ്ങളും സാമൂഹിക സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിൽ വിദ്യാഭാസവും, സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളും, മതങ്ങളും പരാജയപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയണം. 

വായുവും ജലവും മണ്ണും വിഷം നിറച്ചുകൊണ്ട് നമ്മൾ നമ്മെയും, ഭൂമിയെയും ജീവനെതന്നെയും കൊന്നു കളയുകയാണ്. അതേ നമ്മൾ തന്നെയാണ് അനന്തജീവിതത്തെക്കുറിച്ചു വാചാലരാകുന്നത്. 

ഒരു സൗഖ്യവും ജീവനും അസാധ്യമാണെന്ന് പ്രചരിപ്പിച്ച് അസ്വസ്ഥതകളുണ്ടാക്കുന്നവർ അവരുടെ ബിസിനസിന് വേണ്ടത്ര ലാഭമുണ്ടാക്കുന്നുണ്ട്. പുതിയതരം രക്ഷയെ അവതരിപ്പിച്ചു കൊണ്ട് ജീവന്റെ വഴികളെയും ദൈവസാന്നിധ്യത്തെയും അവർ പരിഹസിക്കുകയാണ്. അവർ ഒരുക്കുന്ന സുരക്ഷാസങ്കേതങ്ങളിൽ മാത്രമാണ് ഇനി ആശ്രയം എന്നത് അവർ വിശ്വസനീയമാക്കി തീർത്തിരിക്കുന്നു.

ജീവന്റെയും, മറ്റു അനുഗ്രഹങ്ങളുടെയും ദാനം ജീവിതത്തിലെ സകല വേദനകളും കഷ്ടതകളും ഇല്ലാതാക്കിക്കൊണ്ടല്ല. നമ്മോടും പ്രകൃതിയോടും മനുഷ്യന്റെ ദുഷ്ടതയോടും നേരെനിന്ന് ഞെരുക്കത്തിലൂടെ  തന്നെയാണ് സർഗാത്മകമായ  പുതിയ ഊർജ്ജം സ്വീകരിക്കപ്പെടുന്നതും. 'ജീവിക്കുവാനുള്ള' നമ്മുടെ ത്രാണിയെക്കുറിച്ച്  പുനര്ചിന്തനം ചെയ്യേണ്ടതായിട്ടുണ്ട്. 

നമ്മൾ തീർച്ചയായും നശിക്കുകയാണ്, എന്നാൽ നമുക്ക് ഇനിയും പ്രത്യാശയുണ്ട്. നുണപ്രചാരണങ്ങളും അതിലെ സ്വാർത്ഥലാഭങ്ങളും വേണ്ടെന്നു വയ്ക്കാൻ നമുക്ക് കഴിയണം. വെറുപ്പും വിദ്വേഷവും നമ്മെത്തന്നെ നശിപ്പിക്കുകയേയുള്ളു എന്ന് തിരിച്ചറിയണം. Strong in Face of Tribulation: The Church in Communion - A Sure Support in Time of Trial, Let Us Dream: The Path to a Better Future എന്നിവ ജീവന്റെ ദിശയിൽ ഇന്ന് നമ്മെ നയിക്കാൻ കഴിയുന്ന  മാർപാപ്പയുടെ സന്ദേശങ്ങളാണ്.  അന്തർദേശീയമായ സഹകരണങ്ങൾക്കും സാമൂഹികസൗഹൃദങ്ങൾക്കും, പങ്കുവയ്ക്കലുകൾക്കും വലിയ പ്രാധാന്യം നൽകുന്ന ഇവ നമ്മെ ജീവന് ഭാവിയിലേക്കുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ക്ഷണിക്കുന്നു. ഇത് ഒരു കൂട്ടുത്തരവാദിത്തമാണ്, മനുഷ്യരുടെയും സകലസൃഷ്ടവസ്തുക്കളുടെയും!

മരണം ഭരണം നടത്തുന്നെന്ന് കരുതുന്ന നിമിഷങ്ങളിൽ പോലും നമ്മിലേക്ക്‌ പകരപ്പെടുന്ന ജീവന്റെ ശക്തി നമ്മിൽ പുതിയൊരു ക്രിസ്തുരൂപം തന്നെയാണ്. ഭീതിയിൽ നിന്നും ആലസ്യത്തിൽ നിന്നും മൃതഭാവങ്ങളിൽ നിന്നും ഉണരാനുള്ള സമയമായി. ശാന്തമാകൂ, എണീക്കൂ, ജീവിക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ