നിർമ്മിക്കപ്പെടുന്ന സ്വാഭാവികത തിരിച്ചെടുക്കാനാവാത്തവിധം അപകടമുള്ളതാണ്. ഈ അടുത്ത് കേട്ട പല സ്വാഭാവികതകളിലും ആ അപകടമുണ്ട്. ജനം മുഴുവൻ നശിക്കാതിരിക്കേണ്ടതിന് ഒരുവൻ നശിക്കുക ഉചിതമാണ് എന്ന് മാന്യതയോടെതന്നെ പ്രസ്താവിച്ചത് കയ്യപ്പാസാണ്. നാശങ്ങൾ ഇല്ലാതാക്കാൻ സ്വയം അർപ്പിക്കാമെന്നു വീണ്ടെടുപ്പ്-ദ്രവ്യം കല്പിക്കുന്ന ആരും എന്തുകൊണ്ടാണ് ഒരിക്കലും ഇല്ലാത്തത് എന്ന് റെനേ ജിറാർഡ് എന്ന മതവിചിന്തകൻ ചോദിക്കുന്നു. ജനം നശിക്കാതിരിക്കേണ്ടതിന് എന്ന പേരിൽ, ഏതാനം 'കണ്ടുവയ്ക്കപ്പെട്ടവർ' ഇല്ലാതാവണം എന്ന് ന്യായീകരിക്കുന്നതും വളരെ മാന്യതയോടെയാണ്; സ്വാഭാവികം മാത്രം. പവിത്രമായ ഈ അനീതിയുടെ മറ്റൊരു രൂപമാണ് ഒരാളുടെ വേദനക്കുള്ള പക അയാൾ തന്റെ സമൂഹത്തെക്കൊണ്ട് ചെയ്യിക്കുക എന്ന ക്രൂരവിനോദം. അതിനു വശംവദരാകുന്ന സമുദായനേതാക്കൾ മതത്തിനും വിശ്വാസത്തിനും പുതിയ നിർവചനങ്ങൾ നൽകി ആ വേദനകളെ ജ്വലിപ്പിച്ചു നിർത്തി അധികാരലാഭങ്ങൾ ഉറപ്പിക്കുന്നു. ഇത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആവർത്തിക്കപ്പെടുന്നത് നമുക്കിടയിൽ തിരിച്ചറിയപ്പെടാത്ത സത്യമാണ്. വേദനകളിൽ ഒരാൾ പ്രതികരിക്കുന്നതും, അതിനു സമൂഹം പിന്തുണ നൽകുന്നതും അത് രാഷ്ട്രീയമാക്കപ്പെടുന്നതും 'സ്വാഭാവികം' മാത്രം. ധൂപാർച്ചനയുടെ പുകച്ചുരുളുകൾക്കു പുറത്തു തല്ലിക്കൊല്ലപ്പെടുന്നവരുടെ നിലവിളി സ്തോത്രഗീതങ്ങൾക്കിടയിലൂടെ കേൾക്കാനാവില്ല. നീതിക്കും സമാധാനത്തിനും വേണ്ടി സംസാരിച്ച ആമോസ് രക്തത്തിളപ്പു കൊണ്ടും മിക്കാ കൃഷിഭൂമിയിൽ നിന്ന് ഇറക്കിവിടപ്പെട്ടതിന്റെ മാനസികവിഭ്രാന്തി കൊണ്ടും ആണെന്ന് വിധി കൽപ്പിക്കാൻ പരിശുദ്ധമായ നിയമങ്ങൾക്കു സ്വാഭാവികമായും കഴിഞ്ഞു. ഞങ്ങൾ അടിമകളല്ല, ഞങ്ങൾ സ്വതന്ത്രരാണ് എന്ന മുദ്രാവാക്യങ്ങളോടുകൂടെ, ഞങ്ങൾ സുരക്ഷിതരാണ് എന്നുകൂടെ സ്വാഭാവികമായും കൂട്ടിച്ചേർക്കപ്പെടേണ്ടതാണ്. കാളക്കു നുകം ഒരു അഭിമാനമായിത്തുടങ്ങുന്നു എന്നതല്ല, ഏകഅഭയം ആകുന്നിടത്തു നിന്നാണ് അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായവരുടെ നുകങ്ങൾക്കു ആശ്വാസമാകുന്നവർ ദൈവനിന്ദകരാകുന്നതും കൂടെചേരാത്തതിനാൽ സ്വാഭാവികമായും സഭാവിരുദ്ധരാകുന്നതും. 'എന്റെ ഹൃദയം പാഷൂർ എടുത്ത ഇരുമ്പു നുകത്തിലേക്ക് ചാഞ്ഞിരിക്കുന്നു, എത്ര കാമ്യമാണ് അത്' എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ ജനം മുഴുവൻ അതാഗ്രഹിക്കുന്നു എന്ന് എങ്ങനെ പറയാനാകും. വല കീറുമാറ് വലിച്ചു കയറ്റിയ നൂറ്റമ്പത്തിമൂന്നു മത്സ്യങ്ങൾ പീലാത്തോസിനു സദ്യ ഒരുക്കാനല്ല. എങ്കിലും ദയനീയമായി സ്വാഭാവികമായിത്തീർന്നത്, കയ്യപ്പാസ് അവതരിപ്പിച്ച ദൈവിക നിയമങ്ങളുടെ നീതീകരണത്തിൽ വിശ്വസിച്ച് 'ഈ പാപം ഞങ്ങളുടെ തലമുറകളുടെ മേൽ തന്നെ പതിക്കട്ടെ എന്ന് ജനം ഏറ്റുപറഞ്ഞു എന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ