Gentle Dew Drop

ഏപ്രിൽ 06, 2023

ക്രിസ്തുവിന്റെ പെസഹാ

കുരിശുമരണത്തെ വേർപെടുത്തിക്കൊണ്ട് ക്രിസ്തുവിന്റെ പെസഹായെ ഗ്രഹിക്കാനാവില്ല. അതുകൊണ്ടുതന്നെ ആ മരണത്തേക്കൂടെ ഉൾപ്പെടുത്താതെ കുർബാനയെയോ, സഭയെയോ, പൗരോഹിത്യത്തെയോ അറിയാൻ കഴിയില്ല. ഈ മൂന്നിലും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട സ്വയംശൂന്യവത്കരണം ക്രിസ്തുവിന്റെ മരണത്തിലും പെസഹായിലും പ്രകടമായിരുന്നെന്നു കാണാം. 

അപ്പം മുറിക്കലിന്റെ കാർമ്മികനായ ക്രിസ്തു, ശിഷ്യരെയെല്ലാം പല ശുശ്രൂഷകളിൽ നിന്നായി ഒരുമിച്ചു ചേർക്കുന്നതായി കാണാം. പെസഹാ ഒരുക്കേണ്ടത് എന്ന ഒരുങ്ങൽ ഒരുമിച്ചു ചേരലിന്റെയും പരസ്പര സ്വീകാര്യതയുടെയും ഒരുക്കമാണ്.  തങ്ങളിൽ ആരാണ് വലിയവൻ എന്ന  തർക്കങ്ങൾ മറന്ന് പരസ്പരം ശുശ്രൂഷ ചെയ്യുവാനാണ് പാദങ്ങൾ കഴുകിയ ക്രിസ്തു തന്റെ ശിഷ്യരെ ഓർമ്മിപ്പിച്ചത്. ആ പെസഹാരാത്രിയുടെ മുഴുവൻ  സന്ദേശവും ഗ്രഹിച്ചുകൊണ്ടേ സഭയുടെയും പൗരോഹിത്യത്തിന്റെയും കുർബാനയുടെയും സ്ഥാപനത്തെ കണ്ടെത്താൻ ശ്രമിക്കാവൂ. 

അപ്പവും വീഞ്ഞും പുരോഹിതനുമല്ല കുർബാന, നേതൃസ്ഥാനത്തുള്ളവരുടെ സംഘമല്ല സഭ, ഭരണാധികാരമല്ല പൗരോഹിത്യം. എന്നാൽ സ്നേഹത്തിന്റെ ജീവന്റെ ശൂന്യവത്കരണസ്വഭാവം സത്തയാകുമ്പോൾ സഭ സകലരുടെയും കൂട്ടായ്മയാകും പൗരോഹിത്യം ശുശ്രൂഷയാകും ആ കൂട്ടായ്‍മയുടെയും ശുശ്രൂഷയുടെയും ജീവിക്കുന്ന അടയാളങ്ങളായി ക്രിസ്തുശരീരരക്തമായി അപ്പവും വീഞ്ഞും മാറും.

ക്രിസ്തു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും എന്താഗ്രഹിച്ചോ അത് പ്രാഥമിക ആഗ്രഹമാക്കാത്ത കുർബാനയോ സഭയോ പൗരോഹിത്യമോ ക്രിസ്തുവിന്റെ സ്വയംശൂന്യവത്കരണത്തെ പുനരാവിഷ്‌കരിക്കുന്നില്ല. സ്നേഹത്തിന്റെയും ജീവന്റെ സമൃദ്ധിയുടെയും അടയാളമായ ആ ശൂന്യവത്കരണത്തെ ആന്തരികസത്തയാക്കാത്ത സഭയിലും പൗരോഹിത്യത്തിലും കുർബാനയിലും ക്രിസ്‌തുജീവനും ഉണ്ടാവില്ല. സ്ഥാപനവത്കരിക്കപ്പെട്ട കാർക്കശ്യങ്ങളിലേക്കു സ്വയം  വിറ്റെറിയുന്ന ദുരന്തമാകും ഫലം. മാനുഷിക ബലഹീനതകൾക്കൊണ്ട്  അപ്രാപ്യമാകുന്ന ക്രിസ്തുസമാനതകൾ ക്രിസ്‌തുതന്നെ പരിഹരിക്കും. എന്നാൽ, ഹൃദയകാഠിന്യം കൊണ്ട് ക്രിസ്തുവിനെ അകറ്റിനിർത്തിക്കൊണ്ട് ക്രിസ്തുവിന്റെ ത്യാഗമോ സഭയോ യാഥാർത്ഥ്യമാക്കാനാവില്ല. 

ശിഥിലമായ ദേവാലയവും തകർന്നു കിടക്കുന്ന ബലിപീഠവും എന്ത് കൊണ്ട് വിലാപമുണർത്തുന്നില്ല. ക്രിസ്തു നഷ്ടമായത് എന്തുകൊണ്ട് യഥാർത്ഥ വേദനയാകുന്നില്ല? ഈ സന്ദർഭത്തിൽ, "ഞങ്ങളൊക്കെ സന്തോഷമായി ബലിയർപ്പിച്ച് ക്രിസ്തുവിനെ അനുഭവിക്കുന്നു" എന്ന് ആരെങ്കിലും ആശ്വസിക്കുന്നെങ്കിൽ ക്രിസ്തുവിനെ വേദനയെയോ ആ മരണത്തിന്റെ അർത്ഥത്തെയോ നമ്മൾ അറിഞ്ഞിട്ടില്ല. കപടതയെ കൂദാശ ചെയ്യുന്ന ഒരു മതസമൂഹമായി നമ്മൾ മാറിയിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയാൻ നമുക്ക് കഴിയാത്തത് ദൈവികമെന്ന് സ്വയം സ്ഥാപിച്ചെടുക്കുന്ന ഏതാനം ഭക്തക്രിയകളിൽ സ്വയംനീതീകരണം സാധ്യമെന്നു കാണുന്നതുകൊണ്ടാണ്. കുറ്റാരോപണവും ആധിപത്യവും അപര-പൈശാചികവത്കരണവും സ്വയം-ദൈവികവത്കരണവും വഴി ഏതു ക്രിസ്തീയ ശരീരമാണ് നമ്മൾ പടുത്തുയർത്തുന്നത്? അപ്പം മുറിക്കുമ്പോൾ ഹൃദയങ്ങളെ കീറി പരിശോധിക്കാൻ നമുക്ക് കഴിയട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ