നരകയാതനയെ നേരിൽ കണ്ടുകൊണ്ടുതന്നെയാണ് ക്രിസ്തു തന്റെ അവസാന നിമിഷങ്ങളിലേക്കു കടന്നത്. ദൈവം ഇല്ലാതിരുന്ന ശൂന്യതയെ ഏറ്റവും വലിയ തകർച്ചയുടെ നിമിഷമായേ കാണാനാവൂ. എങ്കിലും, എന്തേ നീ എന്നെ ഉപേക്ഷിച്ചു എന്ന വിലാപം അങ്ങനെയൊരു സാന്നിധ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ വയ്ക്കുന്നുണ്ട്. ശൂന്യതയിലും, ജീവന്റെ പ്രത്യാശയുടെ ശബ്ദമാണ് "നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു" എന്നത്. ഏതു പ്രലോഭനത്തെക്കാളും വേദനാജനകവും സംഘർഷാത്മകവുമായിരുന്നിരിക്കണം അത്. എങ്കിലും പിതാവിലേക്ക് തുടർന്നും തുറന്ന ആ ഹൃദയം, മുറിക്കപ്പെടാനാവാത്ത സ്നേഹൈക്യത്തിന്റെ ദാഹമാണ്. "എനിക്ക് ദാഹിക്കുന്നു" എന്നതിലെ നിലവിളി "എന്ത് കൊണ്ടുപേക്ഷിച്ചു" എന്നതിന്റെ തുടർച്ച കൂടിയായി കാണാം.
ക്രിസ്തുവേറ്റ ക്രൂരതകളും അപമാനങ്ങളും വേദനകളും കണ്ട് മനസ്സലിഞ്ഞു രൂപപ്പെടുന്ന 'മാനസാന്തരം' വേരുകളില്ലാത്തതാണ്. എന്നാൽ ആ സ്നേഹം കാണാൻ കഴിയുമ്പോളുണ്ടാകുന്ന ഹൃദയരൂപാന്തരത്തിന് ആഴമുണ്ടാകും. ആ സ്നേഹത്തിന്റെ ഉറപ്പ്, ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരുവാൻ' ഉള്ള വെല്ലു വിളി കേട്ട് ഇറങ്ങി വരാതെ അവൻ കുരിശിൽ തുടർന്നു എന്നതാണ്. ദൈവശക്തിയുടെ പ്രകടനമായി ഇറങ്ങി വന്നിരുന്നെങ്കിൽ, അതുവരെ ഏതൊക്കെ നീതിക്കും സ്നേഹത്തിനുമായി നിലകൊണ്ടിരുന്നോ അവയുടെ ആന്തരികതയെ അത് നഷ്ടപ്പെടുത്തുമായിരുന്നു. കാരണം, അവനെ അനുഗമിക്കുന്നവർ സ്നേഹത്തിൽ ആവർത്തിക്കേണ്ട നിലപാടുകളായിരുന്നു അവ.
ദൈവപ്രഭാവത്തിന്റെ മാസ്മരികത എന്നും പ്രലോഭനമായിത്തന്നെ നമുക്കുമുണ്ട്. ക്രിസ്തുവിന്റെ അനുയായി ആകണമോ, മാസ്മരികത പ്രകടിപ്പിക്കാൻ കല്പിക്കുന്ന സംഘങ്ങളുടെ ഏജന്റുമാരായി പ്രവർത്തിക്കണമോ എന്നത് ഓരോരുത്തരുടെയും തീരുമെന്നാണ്. കൃപയുടെ ലാളിത്യത്തിലാണ് അത് വേരിറങ്ങുകയും വളരുകയും ചെയ്യുന്നത്. ഇല്ലാതായിത്തീരുന്നു എന്ന അവസ്ഥയിൽ വേദന നിറക്കുന്നത്, ഞാനും എന്റെ സ്വപ്നങ്ങളും ഇല്ലാതാവുന്നു എന്ന കാര്യമാണ്. സ്നേഹൈക്യത്തിലേക്ക് തന്റെ ജീവനെ ഏല്പിച്ചു കൊടുക്കുവാൻ കഴിഞ്ഞാൽ അവബോധങ്ങളിൽ ശൂന്യതയെങ്കിലും ബന്ധങ്ങളിൽ അവ ധന്യമാവും; അദൃശ്യമായിരുന്നു കൊണ്ടും തുടരാവുന്ന സ്നേഹസമൃദ്ധി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ